'പുലർച്ചെ 5 മണിയാകുമ്പോഴേക്കും 3 കുപ്പി ബിയർ അകത്താക്കും; രാവിലെ മുതൽ വൈകുന്നേരം വരെ മദ്യപാനം തന്നെ'

സുനൈന റോഷൻ, ഹൃത്വിക് റോഷനൊപ്പം സുനൈന
സുനൈന റോഷൻ, ഹൃത്വിക് റോഷനൊപ്പം സുനൈന

ഒട്ടേറെ പ്രശ്‌നങ്ങളെയും അസുഖങ്ങളെയും അതിജീവിച്ചു വന്നയാളാണ് നടൻ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. സിനിമാകുടുംബത്തിൽനിന്നുള്ള അവർ, ക്യാമറയ്ക്കുമുന്നിലല്ല പിന്നിൽ നിൽക്കാനാണ് ആഗ്രഹിച്ചത്. അങ്ങനെ അച്ഛനൊപ്പം നിർമാണരംഗത്തേക്ക് കടക്കുകയും ചെയ്തു.

അപ്പോഴും ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിക്കൊണ്ടേയിരുന്നു. സെർവിക്കൽ കാൻസർ, ട്യൂബർകുലോസിസ്, ഗ്രേഡ് 3 ഫാറ്റി ലിവർ, മഞ്ഞപ്പിത്തം, പ്രമേഹരോഗം...തുടങ്ങി പല രോഗങ്ങൾ അവരെ പിടിമുറുക്കി. അതിനൊപ്പം മദ്യാസക്തിയും അമിതമായ സാമൂഹിക ഉത്കണ്ഠയും. അതൊക്കെ എങ്ങനെയാണ് താൻ മറികടന്നതെന്ന് വിവരിക്കുകയാണ് സുനൈന. സ്വയം തിരിച്ചറിഞ്ഞതാണ് തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായതെന്നും അവർ വെളിപ്പെടുത്തുന്നു. ''അത് ജീവിതത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കാൻ സഹായിച്ചു''. അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ അവർ പറയുന്നതിങ്ങനെ, ''ആസക്തി പല രൂപങ്ങളിലും ഉണ്ടാകാം-ഭക്ഷണം, മദ്യം, നമ്മൾ മുറുകെ പിടിക്കുന്നുണ്ടെന്ന് നമുക്ക് മനസ്സിലാകാത്ത ശീലങ്ങൾ പോലും ആസക്തിയാവാം. ഒരു ഘട്ടത്തിൽ, മദ്യപാനവും, മധുരപലഹാരങ്ങളും, ജങ്ക് ഫുഡുമായിരുന്നു എന്റെ ആസക്തിയിൽ പെട്ടവ''.

പതുക്കെ തുടങ്ങിയ മദ്യപാനം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചപ്പോഴാണ് അതിൽനിന്ന് വിമുക്തി നേടാൻ തീരുമാനിച്ചതെന്ന് അവർ പറയുന്നു. ''പതുക്കെയാണ് മദ്യപിച്ചുതുടങ്ങിയത്. ഒരു കാൻ ബിയറിലായിരുന്നു തുടക്കം. കുറച്ചുകഴിഞ്ഞപ്പോഴേക്കും രാവിലെ അഞ്ചുമണിയാകുമ്പോഴേക്കും മൂന്ന് കാൻ ബിയർ എന്ന നിലയിലേക്ക് കാര്യങ്ങൾ പോയി. പിന്നീട് രാവിലെ മുതൽ വൈകുന്നേരം വരെ മദ്യപാനം തന്നെ''. കുറച്ചുനാൾ കഴിഞ്ഞപ്പോൾ തൊട്ടുമുമ്പത്തെ രാത്രിയിലെ കാര്യങ്ങളൊന്നും ഓർമയില്ലാത്ത അവസ്ഥയിലേക്ക് പോയെന്നും അവർ ഓർക്കുന്നു. അതോടെയാണ് ഡി-അഡിക്ഷൻ സെന്ററിൽ പോവാമെന്ന് തീരുമാനമായത്. ഒടുവിൽ കുടുംബത്തിന്റെ സഹായത്തോടെ താൻ മദ്യപാനത്തിൽനിന്ന് വിമുക്തി നേടിയെന്നും അവർ പറയുന്നു.

സോഷ്യൽ ആങ്‌സൈറ്റിയുടെ ലക്ഷണങ്ങളെക്കുറിച്ചും ഒരിക്കൽ അവർ തുറന്നുപറഞ്ഞിട്ടുണ്ട്. ''സാമൂഹിക ഉത്കണ്ഠ എന്നത് നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഓരോ സംഭാഷണം നടത്തുമ്പോഴും അതിനെക്കുറിച്ച് അമിതമായി ചിന്തിക്കും അങ്ങനെയുള്ളവർ. എപ്പോഴും നമ്മൾ ജഡ്ജ് ചെയ്യപ്പെടുമോ എന്ന ചിന്തയാവും. വിറയൽ, മരവിപ്പ് തുടങ്ങിയ ശാരീരിക സംവേദനങ്ങളിലൂടെയാണ് ഉത്കണ്ഠ പലപ്പോഴും പ്രകടമാകുന്നത്. എനിക്ക് ചുറ്റും ധാരാളം ആളുകൾ ഉള്ളപ്പോൾ, എന്റെ കാലുകൾ വിറയ്ക്കുന്നു, അവ മരവിക്കുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hrithik Roshan`s sister Sunaina Roshan shares her inspiring journey overcoming cervical cancer, TB, fatty liver, diabetes, and overcoming severe alcohol addiction and social anxiety