ഹൃത്വിക് റോഷന്റെയും സുസെയ്ൻ്റെയും വേർപിരിയൽ കയ്പേറിയതായിരുന്നില്ലെന്ന് പിതാവ്

52-ാം പിറന്നാൾ ആഘോഷിക്കുകയാണ് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. അദ്ദേഹത്തിന് ആശംസകളർപ്പിച്ച് മുൻ ഭാര്യാപിതാവ് സഞ്ജയ് ഖാൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹൃത്വിക് റോഷനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'ഞാൻ ആദ്യമായി ഹൃത്വിക് റോഷനെ കണ്ടുമുട്ടുന്നത് കൗമാരക്കാരനായിരുന്നപ്പോഴാണ്, സെയ്ദ് ആണ് പരിചയപ്പെടുത്തിയത്. പ്രഭാതസവാരിക്കായി ഒരു പുതിയ സൈക്കിൾ വേണമായിരുന്നു എനിക്ക്, അത് ഞാൻ സെയ്ദിനോട് സൂചിപ്പിച്ചു. അതിനെക്കുറിച്ചുള്ള ഉപദേശങ്ങൾക്ക് ഹൃത്വിക്കാണ് നല്ലതെന്ന് സെയ്ദ് ചിരിച്ചുകൊണ്ടു പറഞ്ഞു. ഒരു ദിവസം രാവിലെ ഹൃത്വിക് എന്നെ കാണാനെത്തി, ഏറ്റവും പുതിയ മോഡലുകളെക്കുറിച്ചും ത്രീ സ്പീഡ് ഗിയർ സംവിധാനങ്ങളെക്കുറിച്ചും വിശദീകരിച്ചു. അവന്റെ വിശദീകരണങ്ങൾ വ്യക്തവും കൃത്യവുമായിരുന്നു. ശാന്തമായും ആത്മവിശ്വാസത്തോടെയുമാണ് അവൻ സംസാരിച്ചത്, അതെന്നെ ആകർഷിച്ചു. ഈ ചെറുപ്പക്കാരൻ ഒരു ദിവസം എൻ്റെ മകൾ സുസെയ്നിനെ വിവാഹം ചെയ്യുമെന്നും കുടുംബാംഗമാകുമെന്നും അന്ന് ഞാൻ അറിഞ്ഞില്ല.'-സഞ്ജയ് ഖാൻ കുറിച്ചു.
സുസെയ്നിനെയും ഹൃത്വിക് റോഷൻ്റെയും വേർപിരിയൽ മാന്യമായിരുന്നുവെന്നും ഒരിക്കലും കയ്പേറിയതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്ദരന്മാരായ കൊച്ചുമക്കളിൽ അഭിമാനിക്കുന്നു. ''മകൾ ഹൃത്വിക് റോഷന് 'രണ്ട് സ്പേഡ് എയ്സുകളെ' സമ്മാനിച്ചു എന്ന് ഞാൻ കൂട്ടുകാരുമായി അഭിമാനത്തോടെ തമാശ പറയാറുണ്ട്.''- എന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ന്, ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ ഹൃത്വിക്കിന് ആരോഗ്യവും സമാധാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നുവെന്നും, 'ഞാൻ നിന്നെ സ്നേഹിക്കുന്നു, മകനേ' എന്നും പറഞ്ഞാണ് സഞ്ജയ് ഖാൻ പോസ്റ്റ് അവസാനിപ്പിച്ചത്. ഈ വർഷമാദ്യം, സഞ്ജയ് ഖാൻ്റെ ജന്മദിനത്തിൽ ഹൃത്വിക് റോഷനും ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sanjay Khan pens a loving birthday message for ex-son-in-law Hrithik Roshan, highlighting their enduring bond and Sussanne`s graceful separation. Discover their touching exchange.