നിങ്ങളുടെ പോക്ക് കടക്കെണിയിലേക്കാണോ? സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാം

കടക്കെണിയിലേക്ക് അറിഞ്ഞുകൊണ്ട് നടന്നടുക്കുന്നവരുണ്ട്. അവര്‍ക്കറിയാം തങ്ങള്‍ അപകടത്തിന്റെ വക്കിലേക്കാണ് പോകുന്നതെന്ന്. പക്ഷേ അറിഞ്ഞിട്ടും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് അവര്‍. കെണിയില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു ചെറിയ ചുവടുവെപ്പ് പോലും നടത്താന്‍ പറ്റില്ല ഇത്തരക്കാര്‍ക്ക്.
ഇനി മറ്റൊരു കൂട്ടരുണ്ട്. തങ്ങള്‍ അകപ്പെട്ട അപകടത്തെക്കുറിച്ച് അവര്‍ അറിയുന്നേയില്ല. സാമ്പത്തികമായി തങ്ങളുടെ നില സുരക്ഷിതമാണെന്ന് അവര്‍ കരുതുന്നു. എല്ലാ മാസവും രണ്ടറ്റവും കൂട്ടിമുട്ടുന്നുണ്ട്, അത്യാവശ്യങ്ങള്‍ കടം വാങ്ങിയിട്ടാണെങ്കിലും നടക്കുന്നുണ്ട്... പിന്നെന്തിന് ആശങ്കപ്പെടണം എന്നാണ് അവര്‍ ചോദിക്കുന്നത്. നാളെത്തെക്കാര്യം നാളെയല്ലേ. അതിന് ഇന്നേ ആലോചിച്ച് തലപുകയ്ക്കണോ? വാ കീറിയ ദൈവം ഇരയും തരും. തുടങ്ങിയ വാദങ്ങളും ഇവര്‍ ഉയര്‍ത്തും.
വരവും ചെലവും കൂട്ടിമുട്ടുന്നതുകൊണ്ട് മാത്രം നിങ്ങള്‍ സാമ്പത്തികമായി സുരക്ഷിതരാണോ? അതോ അറിയാതെ നിങ്ങള്‍ ഒരു സാമ്പത്തിക തകര്‍ച്ചയിലേക്ക് നടന്നടുക്കുകയാണോ? സ്വയം ഒന്നാലോചിച്ചുനോക്കൂ. ശരിയായി മനസിലാക്കാന്‍ പറ്റുന്നില്ലേ. എങ്കില്‍ താഴെ പറയുന്ന ചേദ്യങ്ങള്‍ ശ്രദ്ധിക്കൂ. അവയ്ക്ക് സത്യസന്ധമായി ഉത്തരം നല്‍കുക.
1. ബില്ലുകള്‍ നിങ്ങള്‍ക്ക് പതിവായി വൈകിയേ അടയ്ക്കാന്‍ കഴിയുന്നുള്ളോ?
2. പണമില്ലാത്തതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ കാറിന്റെയോ വീടിന്റെയോ അറ്റകുറ്റപ്പണികള്‍ വേണ്ടെന്ന് വെക്കുന്നുണ്ടോ?
3. അത്യാവശ്യമില്ലാത്തതും നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതുമായ എന്തെങ്കിലും നിങ്ങള്‍ വാങ്ങിയിട്ടുണ്ടോ?
4. ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം സ്ഥിരമായി നിങ്ങള്‍ ചെലവഴിക്കാറുണ്ടോ?
5. നിങ്ങള്‍ വായ്പ എടുക്കാറുണ്ടോ?
6. ഭാവിയിലെ ആവശ്യത്തിനായി പണം മാറ്റിവെക്കാന്‍ നിങ്ങള്‍ മടിക്കാറുണ്ടോ?
7. ധനികനാകുന്നത് സ്വപ്നം കണ്ട് നിങ്ങള്‍ ലോട്ടറി എടുക്കാറുണ്ടോ?
8. അത്യാവശ്യ സമയത്തേക്കായി നിങ്ങള്‍ മാറ്റിവെച്ചിരിക്കുന്ന കരുതല്‍ ധനം നിങ്ങളുടെ മൊത്തം കടത്തിന് തുല്യമാണോ?
9. ബില്ലുകള്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയില്‍ നിന്ന് മറച്ചുവെക്കാറുണ്ടോ?
10. ചെലവെല്ലാം കഴിഞ്ഞ് മിച്ചമുള്ളതെന്തോ അതുമാത്രമാണോ നിങ്ങളുടെ സമ്പാദ്യം?
ഈ ചോദ്യങ്ങള്‍ക്ക് അതെ എന്നോ അല്ല എന്നോ ആകും നിങ്ങളുടെ ഉത്തരം. അല്ല എന്ന ഉത്തരത്തിന് പൂജ്യവും അതേ എന്ന ഉത്തരത്തിന് ഒരു മാര്‍ക്കും വീതം കണക്കാം.
നിങ്ങള്‍ക്ക് കിട്ടിയ മൊത്തം മാര്‍ക്ക് പൂജ്യം ആണെങ്കില്‍ വളരെ നല്ലത്. നിങ്ങളുടെ സാമ്പത്തിക നില നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലാണ്.
ഒന്നു മുതല്‍ അഞ്ചു വരെയാണ് നിങ്ങളുടെ മാര്‍ക്ക് എങ്കില്‍ നിങ്ങള്‍ അടിയന്തിരമായി നിങ്ങളുടെ കടം കുറയ്ക്കണം. ആറ് മുതല്‍ 10 വരെയാണ് നിങ്ങളുടെ മാര്‍ക്ക് എങ്കില്‍ ഓര്‍ക്കുക ഒരു സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നിങ്ങള്‍ നീങ്ങുന്നത്.
എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ചയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കഴിയുക? മൂന്ന് വഴികളാണ് മുന്നിലുള്ളത്.
1. സാമ്പത്തികമായി നിങ്ങളുടെ യഥാര്‍ത്ഥ നില എന്താണ് എന്ന് വ്യക്തമായി കണ്ടെത്തുക.
2. സാമ്പത്തികമായി കര്‍ശനമായ അച്ചടക്കം പാലിക്കുക.
3. ജീവിത ലക്ഷ്യം എന്താണോ അതിലേക്കെത്താന്‍ വ്യക്തമായ കര്‍മ പരിപാടി ആവിഷ്‌കരിക്കുക.
ഇതിനെല്ലാം നിങ്ങള്‍ ഒരുപക്ഷേ നിങ്ങളുടെ ശീലങ്ങള്‍ മാറ്റേണ്ടി വന്നേക്കാം. ആദ്യം ഒരുപക്ഷേ അതെല്ലാം ബുദ്ധിമുട്ടുള്ളതായി തോന്നാം. മാറാന്‍ തയ്യാറായില്ല എങ്കില്‍ നിങ്ങള്‍ ഇന്ന് എവിടെയാണോ നാളെയും നിങ്ങള്‍ അവിടെത്തന്നെ ആയിരിക്കും. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടി... ഒരു നിധിയോ ലോട്ടറിയോ കിട്ടുന്നതും ബുദ്ധിമുട്ട് മാറുന്നതും സ്വപ്നം കണ്ട് കാലം കഴിക്കാം. ശീലങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ അതിനുള്ള വഴികളുമുണ്ട്. അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍.
(ഈ വിഷയത്തെക്കുറിച്ചുള്ള സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍: jayakumarkk8@gmail.com)
Content Highlights: how to escape from debt trap