റൊണാൾഡോ റൂമിൽവെച്ച് തന്നെ പീഡിപ്പിച്ചു, പുറത്തുപറയാതിരിക്കാൻ രഹസ്യകരാറിലെത്തി?

ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പങ്കാളിയാണ് ജോർജിന റോഡ്രിഗസ്. 2017-ലാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അഞ്ച് മക്കളാണ് റൊണാൾഡോയ്ക്കുള്ളത്. റൊണാൾഡോ ജൂനിയർ, ഇവ മരിയ, മാറ്റിയോ, അലാന മാർട്ടീന, ബെല്ല എന്നാണ് കുഞ്ഞുങ്ങളുടെ പേര്. എങ്കിലും ഇതുവരെ ജോർജിനയും റൊണാൾഡോയും നിയമപരമായി വിവാഹിതരായിട്ടില്ല. അനുയോജ്യമായ സമയം കാത്തിരിക്കുന്നുവെന്നാണ് അതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടെല്ലാം റൊണാൾഡോ പ്രതികരിക്കാറുള്ളത്. എട്ടുവർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. എല്ലാ പ്രശ്‌നങ്ങളിലും പരസ്പരം താങ്ങും തണലുമാണ് ഇരുവരും. ലോകത്തിലെ തന്നെ ഏറ്റവും ഐക്കോണിക് കപ്പിളുകളിലൊന്നായിട്ടാണ് ഇവർ അറിയപ്പെടുന്നത്.
എന്നാൽ, ഒരിക്കൽ ഒരു പീഡനക്കേസിൽ അകപ്പെട്ടിട്ടുണ്ട് റൊണാൾഡോ.
ലാസ് വെഗാസിൽനിന്നുള്ള മുൻ അധ്യാപികയും മോഡലുമായ കാതറിൻ മയോർഗയാണ് റൊണാൾഡോയ്‌ക്കെതിരെ പരാതി നൽകിയത്. 2009-ൽ തനിക്ക് 25 വയസ്സുള്ളപ്പോൾ ഒരു നൈറ്റ് ക്ലബിൽവെച്ചാണ് താൻ റൊണാൾഡോയെ കണ്ടുമുട്ടിയതെന്നാണ് അവർ പറയുന്നത്. തുടർന്ന് മറ്റു ചിലർക്കൊപ്പം അദ്ദേഹത്തിന്റെ സ്യൂട്ട് റൂമിലേക്ക് പോയി. അവിടെവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അവർ വർഷങ്ങൾക്കുശേഷം നൽകിയ പരാതിയിൽ വിശദമാക്കിയത്.
2017-ലാണ് അവർ പരാതിയുമായെത്തിയത്. കേസ് ഫയൽ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നു അതെന്നാണ് റൊണാൾഡോയുടെ അഭിഭാഷകൻ വാദിച്ചത്. 2010-ൽ തന്നെ ഇരുവരും ഒരു രഹസ്യകരാറിലെത്തിയെന്നും അതനുസരിച്ച് മയോർഗയ്ക്ക് 375,000 ഡോളർ ലഭിച്ചതായും അഭിഭാഷകൻ വെളിപ്പെടുത്തി.
2019-ൽ പ്രശ്‌നം കോടതിയിലെത്തിയപ്പോൾ ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി, റൊണാൾഡോയ്‌ക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. മയോർഗയുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളില്ലെന്നും അറ്റോർണി പറഞ്ഞു. 'റൊണാൾഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ല' എന്നാണ് കോടതി പറഞ്ഞത്. അതിനിടെ 2018-ൽ റൊണാൾഡോയ്‌ക്കെതിരെ മയോർഗ ഒരു സിവിൽകേസും ഫയൽ ചെയ്തു. 56 മില്യൺ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അവർ കേസ് ഫയൽ ചെയ്തതെന്നും റിപ്പോർട്ടുകൾ വന്നു.
അതിനൊപ്പം 2010-ൽ തന്നെ താൻ കേസ് കൊടുത്തിരുന്നുവെന്നും മയോർഗ പറഞ്ഞു. അത് പോലീസും സമ്മതിച്ചു. എന്നാൽ ആക്രമണം നടന്ന സ്ഥലം വെളിപ്പെടുത്താനോ ആക്രമിച്ചയാളുടെ പേര് പറയാനോ അവർ വിസമ്മതിച്ചുവെന്നാണ് പോലീസ് വിശദമാക്കിയത്. അതിനുപിന്നാലെയാണ് മയോർഗ റൊണാൾഡോയുമായുള്ള രഹസ്യകരാറിലെത്തിയത്. എന്നാൽ, ഇതൊരിക്കലും കുറ്റസമ്മതമല്ലെന്നും, വിവരങ്ങൾ പുറത്തുവിടരുതെന്ന ആവശ്യത്തോടെയാണ് പണം നൽകിയതെന്നുമാണ് റൊണാൾഡോയുടെ പക്ഷം.
2018-ൽ റൊണാൾഡോ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, ''എനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ ഞാൻ ശക്തമായി നിഷേധിക്കുന്നു. ബലാത്സംഗം എന്നത് എന്റെ വ്യക്തിത്വത്തിനും വിശ്വാസങ്ങൾക്കും തീർത്തും വിരുദ്ധമായ, അങ്ങേയറ്റം ഹീനമായ ഒരു കുറ്റകൃത്യമാണ്''. റൊണാൾഡോയ്‌ക്കെതിരെയുള്ള സിവിൽ കേസും ഒടുവിൽ തള്ളിക്കളയുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overview of the 2009 incident involving Kathryn Mayorga in Las Vegas. Details of the 2010 out-of-court settlement and $375,000 payment. Ronaldo's consistent denial of all allegations.