ഉറുമ്പുകളുടെ രഹസ്യജീവിതം നമ്മൾ കരുതുംപോലെയല്ല, നൈറ്റ് ഡ്യൂട്ടിയും ഡേ ഡ്യൂട്ടിയും ഒരേപോലെ ചെയ്യുന്നവർ

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

എപ്പോഴും നിർത്താതെ ഓടിക്കൊണ്ടിരിക്കുന്ന ഉറുമ്പുകളെയായിരിക്കും നമ്മളധികവും കണ്ടിട്ടുണ്ടാവുക. മറ്റു ജീവികൾ സന്ധ്യ മയങ്ങുമ്പോൾ കൂട്ടിലെത്തുകയും ഉറക്കംപിടിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഉറുമ്പുകൾക്കും കൃത്യമായ ഉറക്കസമയമുണ്ടോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഉറുമ്പുമടകളിൽ 24 മണിക്കൂറും ജോലിയുണ്ടാവുമെന്നതാണ് സത്യം. ഡേ ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയും റാണിയൊഴിച്ച് മറ്റെല്ലാവരും ഒരേപോലെ ചെയ്യണം. എന്നാൽ, ഉറുമ്പുകൾ ഉറക്കമില്ലാത്തവരാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യരുത്.

നേരം വെളുക്കുന്നതും ഇരുട്ടുന്നതും നോക്കിയല്ല ഉറുമ്പുകൂട്ടങ്ങളിൽ കാര്യങ്ങൾ നടക്കുകയെന്നുമാത്രം. ഒരു കൂട്ടത്തിലെ ഉറുമ്പുകളെല്ലാം ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുകയുമില്ല. മനുഷ്യരെപ്പോലെ ദീർഘനേരവും അവർ ഉറങ്ങില്ല. പകരം, ദിവസം മുഴുവൻ ചെറുമയക്കങ്ങളിൽ ഏർപ്പെടും. അത് ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ നീണ്ടുനിൽക്കൂ. പല ഘട്ടങ്ങളായുള്ള ഈ വിശ്രമം, കോളനിയിലെ ജോലികൾ ദുർബലമാക്കാതെ ഉറുമ്പുകളുടെ തലച്ചോറിനും പേശികൾക്കും ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുന്നു.

ഉറക്കസമയം ആരു തീരുമാനിക്കും?

ഉറുമ്പുകളുടെ ഉറക്കം കോളനിയിലെ ഓരോരുത്തരുടെയും ചുമതലകൾക്കനുസരിച്ചാണ് ചിട്ടപ്പെടുത്തിയത്. റാണിയുറുമ്പുകളുടെയും ജോലിക്കാരായ ഉറുമ്പുകളുടെയും ഉറക്കസമയത്തിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ഫയർ ആന്റ്സ് (തീ ഉറുമ്പുകൾ) കോളനികളെപ്പറ്റി പഠിച്ച സൗത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയത്.

തൊഴിലാളി ഉറുമ്പുകൾ ഒരു ദിവസം ഏകദേശം 250 ചെറു മയക്കങ്ങളിലേേർപ്പെടും. ഏകദേശം 4 മണിക്കൂറും 48 മിനിറ്റുമായിരിക്കും അപ്പോൾ അവരുടെ വിശ്രമസമയം. ഊർജ്ജം വീണ്ടെടുക്കാൻ ഇത് കഷ്ടിച്ചേ തികയുള്ളൂവെങ്കിലും കൂട് പ്രവർത്തിപ്പിക്കാൻ ഇത് മതിയാകും. തൊഴിലാളി ഉറുമ്പുകളെല്ലാം വ്യത്യസ്ത സമയങ്ങളിൽ മയങ്ങുന്നതിനാൽ, ഏതുനേരത്തും ഏകദേശം 80 ശതമാനം തൊഴിലാളികളും ഉണർന്നിരിക്കും. ഭക്ഷണം തേടൽ, പ്രതിരോധം, കുഞ്ഞുങ്ങളെ പരിപാലിക്കൽ എന്നിവ തടസ്സമില്ലാതെ നടക്കുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.

എന്നാൽ റാണികൾ, രാജകീയമായാണ് ഉറങ്ങുന്നത്. റാണിമാർ ദിവസം ഏകദേശം 90 തവണയാണ് ഉറങ്ങുക. ഒരു മയക്കം ഏകദേശം ആറുമിനിറ്റോളം നീളും, അങ്ങനെ ദിവസത്തിലെ മൊത്തം ഉറക്കസമയം, ഒൻപത് മണിക്കൂറിലധികം വരും. റാണികളുടെ വിശ്രമം കൂടുതൽ ഗാഢമാണ്. 

എന്തുകൊണ്ടാണ് റാണികൾ വർഷങ്ങളോളം ജീവിക്കുകയും തൊഴിലാളി ഉറുമ്പുകൾ മാസങ്ങൾ മാത്രം അതിജീവിക്കുകയും ചെയ്യുന്നത് എന്നതിന് വിശദീകരണം കൂടിയാണിത്. തൊഴിലാളികൾ കോളനിയെ സംരക്ഷിക്കുന്നതിനായി വ്യക്തിപരമായ വിശ്രമം ത്യജിക്കുന്നു, അതേസമയം റാണികൾ പ്രത്യുൽപാദനത്തിനായി ഊർജ്ജം സംരക്ഷിക്കുന്നു. മനുഷ്യരെപ്പോലെ ഉറുമ്പുകൾ ഒരിക്കലും ഒരുമിച്ച് പ്രവർത്തനം നിർത്തിവെക്കുന്നില്ലെന്നത് പ്രതികൂല സാഹചര്യങ്ങളിലും കോളനി അതിജീവിക്കാൻ സഹായകരമാകുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the surprising sleep habits of ants. From power naps to round-the-clock alertness, explore how these tiny insects rest and why it matters.