'കേരളത്തിൽനിന്നും വശീകരണപ്പൊടി കൊണ്ടുവന്ന് കഴിപ്പിച്ചു'; അന്ന് ചിരഞ്ജീവിക്ക് സംഭവിച്ചതിതാണ്

ചിരഞ്ജീവി | PTI
ചിരഞ്ജീവി | PTI

1978-ലാണ് നടൻ ചിരഞ്ജീവി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യമൊക്കെ ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും, പിന്നീട് അദ്ദേഹം പ്രേക്ഷകമനസ്സിലിടം പിടിച്ചു. 48 വർഷത്തെ കരിയറിനിടയിൽ നാലുതവണ മികച്ച നടനുള്ള നന്തി പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിച്ചു. വിശ്വംഭര, കാക എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഇനി റിലീസാവാനുള്ളത്.

ഇത്രയും വർഷത്തെ അഭിനയത്തിനിടയിൽ ഒട്ടേറെ ആരാധകരുണ്ടായിട്ടുണ്ട് ചിരഞ്ജീവിക്ക്. അദ്ദേഹത്തോടുള്ള ആരാധന മൂത്ത് എന്തും ചെയ്യുന്നവർ. അത് പലപ്പോഴും താരത്തിന്റെ ജീവന് വരെ ഭീഷണിയായി മാറിയിരുന്നു. അത്തരമൊരു സംഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്. നടന്നിട്ട് എത്രയോ വർഷങ്ങളായെങ്കിലും, ഇപ്പോഴും അത് സിനിമാസ്വാദകരുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.

1988-ൽ 'മരൺമൃദംഗം' എന്ന സിനിമയുടെ സെറ്റിൽവെച്ചായിരുന്നു ഈ സംഭവം. അന്ന് ചിരഞ്ജീവിയെ കാണാനായി വൻജനക്കൂട്ടം തന്നെ സെറ്റിലെത്തി. അവർക്കെല്ലാം ഓട്ടോഗ്രാഫും വേണം. എന്നാൽ, ആരെയും ഷൂട്ടിങ് സ്ഥലത്തേക്ക് കടത്തിവിട്ടില്ല. അതിനിടെയാണ് ഒരു ആരാധകൻ ഗേറ്റ് ചാടിക്കടന്ന് അകത്തെത്തുന്നത്. കൈയിലൊരു കേക്കുമുണ്ടായിരുന്നു. തന്റെ പിറന്നാളാണെന്നും നിങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് താരത്തിന്റെ അടുത്തെത്തിയത്. അങ്ങനെ കേക്ക് മുറിച്ചു. ഒരു കഷണം അദ്ദേഹത്തിന്റെ വായിൽവെച്ച് നൽകുകയും ചെയ്തു. പക്ഷേ എന്തോ രുചിവ്യത്യാസം തോന്നിയ ചിരഞ്ജീവി അത് തുപ്പിക്കളഞ്ഞു. സെറ്റിലുണ്ടായിരുന്നവരോട് ചിരഞ്ജീവി ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടനെ അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചു. പക്ഷേ കേക്ക് കഴിക്കാതെ തുപ്പിക്കളഞ്ഞതിനാൽ വലിയ പ്രശ്‌നമുണ്ടായില്ല.

ഉടനെ കേക്ക് ലാബിലേക്ക് അയച്ചു. അതിൽ വിഷം കലർന്ന എന്തോ വസ്തു കലർത്തിയിട്ടുണ്ടെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞു. വശീകരണപ്പൊടിയാണെന്നാണ് കൊണ്ടുവന്നയാൾ പറഞ്ഞത്. കേരളത്തിൽനിന്നാണ് ആ പൊടി സംഘടിപ്പിച്ചതെന്നും അയാൾ വെളിപ്പെടുത്തി.

കാരണം അന്വേഷിച്ചപ്പോഴാണ് എല്ലാവരും ഞെട്ടിയത്. ചിരഞ്ജീവി തനിക്ക് വേണ്ടത്ര ശ്രദ്ധനൽകുന്നില്ലെന്ന് തോന്നിയിട്ടാണത്രേ അയാളിങ്ങനെ ചെയ്തത്. എന്നിട്ടും അയാൾക്കെതിരെ പരാതി നൽകാൻ താരം തയ്യാറായില്ല. ''അവൻ എന്റെ ആരാധകനായതുകൊണ്ട് ഞാനവനെ വെറുതെ വിട്ടു. ഒരു ആരാധകൻ എനിക്കെതിരെ ഇങ്ങനെയൊന്ന് ചെയ്തത് ഞെട്ടിക്കുന്ന കാര്യമായിരുന്നു'', താരം പിന്നീട് ഓർത്തെടുത്തു. ഇതിൽ ഗൂഢാലോചനയൊന്നുമില്ലെന്നും സ്‌നേഹം അമിതമായപ്പോൾ സംഭവിച്ചതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Chiranjeevi faced a life-threatening incident in 1988 on the sets of Marana Mrudangam., A fan brought a tainted cake mixed with a substance sourced from Kerala, claiming it was a love potion., Chiranjeevi spat out the cake after noticing an odd taste