കിലോയ്ക്ക് 20 ലക്ഷം രൂപവരെ; നൂറ്റാണ്ടുകളായി ലെെംഗിക ഉത്തേജനമരുന്നായി ഉപയോഗിക്കുന്ന ഹിമാലയൻ ഗോൾഡ്

ഹിമാലയൻ ഗോൾഡ്
ഹിമാലയൻ ഗോൾഡ്

ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിലും ഉയർന്ന പുൽമേടുകളിലും സ്വർണ്ണത്തെപ്പോലും വെല്ലുന്ന ഒരു ഔഷധസസ്യമുണ്ട്. അതാണ് ഹിമാലയൻ ഗോൾഡ് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ ഔഷധസസ്യം. എന്നാൽ ഈ സസ്യം ഒരുപ്രാണിയുടെ ശരീരത്തിലാണ് വളരുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

കാറ്റർപില്ലർ ഫംഗസ് എന്ന് വിളിക്കുന്ന ഈ സസ്യം പ്രകൃതിയുടെ മനോഹരമായ ഒരു സൃഷ്ടിയാണ്. ഹിമാലയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രത്യേക പുഴുവിന്റെ ശരീരത്തിൽ പ്രവേശിക്കുന്ന ഒഫിയോ കോർഡിസെപ്സ് സൈനസിസ് എന്ന പരാദ ഫംഗസാണിതിനുകാരണം. വേനൽക്കാലത്ത്  പുഴുവിനെ ബാധിക്കുന്ന ഈ ഫംഗസ് അവയുടെ ശരീരത്തെ പതുക്കെ തിന്നുതീർക്കുന്നു. ക്രമേണ ഈ പ്രാണികൾ മരണപ്പെടുന്നു. തുടർന്ന് സസ്യത്തിന്റെ ശാഖയ്ക്ക് സമാനമായ ആകൃതിയിൽ ഈ ഫംഗസ് പുഴുവിന്റെ തലയിൽ നിന്ന് പുറത്തുവരുന്നു. പകുതി പ്രാണിയും പകുതി സസ്യവുമായ ഈ ജീവിയെ കണ്ടെത്തുന്നതും വേർതിരിച്ചെടുക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. വേംവുഡ് അല്ലെങ്കിൽ യർസഗുംബ എന്നറിയപ്പെടുന്ന ഇവ ജീവിയുടെയും ഫംഗസുകളുടെയും സവിശേഷമായ സംയോജനമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോഗ്രാമിന് 20 ലക്ഷം രൂപവരെ വിലയുമുണ്ട്.

ടിബറ്റ്, നേപ്പാൾ, ചൈന എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി ഇത് ഒരു അത്ഭുതസസ്യമായി കണക്കാക്കപ്പെടുന്നു. പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ, പ്രതിരോധശേഷി വർധിപ്പിക്കാനും, ശക്തി നൽകാനും, ക്ഷീണം ഒഴിവാക്കാനും ഇത് ഉപയോഗിക്കുന്നു.

 അണുബാധകൾക്കെതിരെയും, ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, ചുമ എന്നിവയകറ്റുന്നതിനും ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ഉത്തേജനത്തിനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും, ആസ്ത്മ, ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ശ്വാസകോശ പ്രവർത്തനം എന്നിവ ചികിത്സിക്കുന്നതിനും ചെെനീസുകാർ  പരമ്പരാഗതമായി നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് യർസഗുംബ. ഈ സസ്യത്തിന്റെ പ്രത്യേക ഗുണം അത്ലറ്റുകൾക്കിടയിലും ഇതിനെ ജനപ്രിയമാക്കി മാറ്റി.

ഇതൊരു ഔഷധം മാത്രമല്ല, ഹിമാലയൻ പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള ഒരു പ്രധാന സ്രോതസ്സ് കൂടിയാണ്.

വൃക്കകളുടെ പ്രവർത്തനവും കരളിന്റെ ആരോഗ്യവും മെച്ചപ്പെടുത്താനും രക്തചംക്രമണവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും ബലഹീനത ഒഴിവാക്കാനും ഇത് ഒരു ടോണിക്ക് ആയി ഉപയോഗിക്കുന്നുവെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, മറ്റ് രോഗങ്ങൾക്കുള്ള ഈ സസ്യത്തിന്റെ സാധ്യതകളെക്കുറിച്ച് ഗവേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ഹിമാലയൻ പ്രദേശങ്ങളിലെ വർധിച്ചുവരുന്ന താപനില, ഉരുകുന്ന ഹിമാനികൾ എന്നിവ ഈ ഫംഗസ് വളരുന്ന മണ്ണിന്റെ ഈർപ്പവും തണുപ്പും കുറയ്ക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇതിന്റെ ഉത്പാദനം ക്രമാനുഗതമായി കുറഞ്ഞുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. വിലയും ആവശ്യകതയും കണക്കിലെടുത്ത്, ലാബിൽ ഇത് വളർത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover Himalayan Gold, a rare caterpillar fungus found in the Himalayas. Valued above gold for its medicinal properties and rarity.