വിവാഹം തീരുമാനിച്ചാൽ താമസം അമ്മായിയമ്മയ്‌ക്കൊപ്പം; ഗർഭധാരണത്തിന് സജ്ജമാക്കാൻ കളിമണ്ണും വെണ്ണയും

തെക്കൻ എത്യോപ്യയിലെ ലോവർ ഓമോ താഴ്‌വരയിലെ മലനിരകളിലും താഴ്ന്ന പ്രദേശങ്ങളിലും വസിക്കുന്ന ഒരു ഗോത്രവിഭാഗമാണ് ഹമർ. കാർഷികവൃത്തിയും കന്നുകാലി വളർത്തലുമാണ് അവരുടെ പ്രധാന തൊഴിൽ. ഹമർ ഭാഷ തന്നെയാണ് അവർ പറയുന്നതും.

പശുക്കൾ, ആടുകൾ, ചെമ്മരിയാടുകൾ എന്നിവയെയാണ് പ്രധാനമായും വളർത്തുന്നത്. ഗോത്രത്തിലെ മുതിർന്ന കുട്ടികൾ ആടുകളെയും ചെമ്മരിയാടുകളെയും നോക്കുന്നു. മുതിർന്നുകഴിഞ്ഞാൽ പശുക്കളെ വളർത്താൻ തുടങ്ങും. മൃഗങ്ങളെ വളർത്തുന്നതിന് പുറമേ, മലനിരകളിൽ താമസിക്കുന്ന ഹമർ ജനത കൃഷിപ്പണിയിലും ഏർപ്പെടുന്നു. അതിനൊപ്പം തേനീച്ച വളർത്തൽ, വേട്ടയാടൽ, വനവിഭവങ്ങൾ ശേഖരിക്കൽ എന്നിവയും ഇവർ ചെയ്യുന്നു. അവരുടെ ഉപജീവനമാർഗങ്ങളിൽ ഒന്നാണ് കാട്ടുതേൻ ശേഖരണം. പരമ്പരാഗതമായ തേൻ ശേഖരിച്ച് അത് വിൽക്കുകയാണ് ചെയ്യുന്നത്. പുരുഷൻമാരാണ് തേൻ ശേഖരിക്കാൻ നേതൃത്വം നൽകുന്നത്. സ്ത്രീകളിത് അടുത്തുള്ള ചന്തകളിലെത്തിച്ച് വിൽക്കുന്നു.

ഒട്ടേറെ ആചാരങ്ങളുമുണ്ട് ഇവർക്കിടയിൽ. ഹമർ സമൂഹത്തിലെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ് ബുൾ ജമ്പിങ് സെറിമണി (Bull jumping ceremony). കാളയുടെ മുകളിലൂടെ ചാടുന്ന ചടങ്ങാണിത്. ഇതിലൂടെയാണ് ഒരു ആൺകുട്ടി പുരുഷനായി മാറുന്നതിനെ അടയാളപ്പെടുത്തുന്നത്. അതിനുശേഷമാണ് അയാൾക്ക് വിവാഹം കഴിക്കാനുള്ള അനുവാദമുണ്ടാകുന്നത്.

'രാത്രി നൃത്തം' എന്ന് അർത്ഥം വരുന്ന 'എവാംഗാഡി', ഇവർക്കിടയിലെ മറ്റൊരു ചടങ്ങാണ്. അവിവാഹിതരായ യുവതീയുവാക്കൾ രാത്രിയിൽ ഒത്തുചേർന്ന് നൃത്തം ചെയ്യുന്നതാണിത്. ഭാവിയിലെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു വേദിയായും ഇത് പ്രവർത്തിക്കുന്നു.

വിവാഹം തീരുമാനിച്ചുകഴിഞ്ഞാൽ ആ സ്ത്രീ, തന്റെ ഭാവി അമ്മായിയമ്മയോടൊപ്പം ഏഴുമാസത്തോളം താമസിക്കണമെന്നാണ് അവരുടെ വിശ്വാസം. വെണ്ണയും ചുവന്നമണ്ണും യോജിപ്പിച്ച് ദേഹം മുഴുവൻ പുരട്ടുകയും വേണം. വെണ്ണയ്ക്കുപകരം മൃഗത്തിന്റെ കൊഴുപ്പും ദേഹത്ത് പുരട്ടാറുണ്ട്. ഗർഭധാരണത്തിന് അവളെ സജ്ജമാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അവർ വിശ്വസിക്കുന്നത്.

ചുവന്ന കളിമണ്ണും വെണ്ണയും ചേർത്ത മിശ്രിതം കൊണ്ട് തല മുതൽ കാൽ വരെ പൊതിയുകയാണ് ചെയ്യുന്നത്. അമ്മായിയമ്മയാണ് ഇത് പുരട്ടിക്കൊടുക്കുന്നത്. ഈ മിശ്രിതം കഴുകിക്കളയാൻ പാടില്ല. ഉണങ്ങുന്നതിനനുസരിച്ച് അതിനുമുകളിൽ വീണ്ടും പുരട്ടും. ഏഴുമാസത്തോളം ആ മിശ്രിതം ഈർപ്പത്തോടെ തന്നെ അവളുടെ ശരീരത്തിൽ തുടരണം.

വരന്റെ കുടുംബവീട്ടിൽവെച്ചാണ് ഈ ചടങ്ങുകൾ. വിവാഹജീവിതവുമായി പൊരുത്തപ്പെടാൻ വധുവിനെ സഹായിക്കാനും പരിചരിക്കാനും ഭർത്താവിന്റെ വീട്ടിലെ സ്ത്രീകളുണ്ടാകും.

ഈ ഗോത്രത്തിലെ സ്ത്രീകൾ മൃഗക്കൊഴുപ്പും ചുവന്നമണ്ണും ഉപയോഗിച്ച് തങ്ങളുടെ മുടി പ്രത്യേകരീതിയിൽ അലങ്കരിക്കുന്നു. ഇത് അവരുടെ സൗന്ദര്യം വർധിപ്പിക്കുമെന്നാണ് വിശ്വാസം. മുടിക്ക് നീളം വെക്കാനും കട്ടിയുള്ളതും ചുരുണ്ടതുമാക്കാനും ഇത് സഹായിക്കുന്നു. അതിനൊപ്പം മുടിയെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനും, മുടിയും ശിരോചർമ്മവും ഈർപ്പമുള്ളതായി നിലനിർത്താനും ഉപകാരപ്പെടുന്നു.

ഹമർ ഗോത്രത്തിലെ പുരുഷന്മാർ (പ്രത്യേകിച്ചും ധീരമായ പ്രവൃത്തികൾ ചെയ്തവർ) തലയിൽ കളിമണ്ണ് കൊണ്ട് ഒരു 'തൊപ്പി' അല്ലെങ്കിൽ കിരീടം പോലെ രൂപപ്പെടുത്താറുണ്ട്. ഇത് മാസങ്ങളോളം തലയിൽ തന്നെ വെക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hamar tribe resides in the Lower Omo Valley of southern Ethiopia., Young men must complete the Bull jumping ceremony to earn the right to marry., Engaged women live with their future mother-in-law for seven months and apply red clay and butter for fertility preparation