മരണാനന്തര ചടങ്ങിനിടെ 'മരിച്ചയാള്‍' വീട്ടില്‍ കയറിവന്നു, ഒന്നും മനസ്സിലാകാതെ കുടുംബാംഗങ്ങള്‍

മരിച്ചുവെന്ന് എല്ലാവരും കരുതിയിരിക്കുമ്പോള്‍ ഒരാള്‍ ജീവനോടെ കണ്മുന്നിലെത്തിയാല് എങ്ങനെയായിരിക്കും ആളുകളുടെ പ്രതികരണം? അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് ഗുജറാത്തില്‍. 43-കാരനായ ബ്രിജേഷ് സുതര്‍ മരിച്ചെന്നാണ് എല്ലാവരും കരുതിയത്. മൃതദേഹം സംസ്കരിക്കുകയും അന്തിമകര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെ ഇയാള്‍ ജീവനോടെ വീട്ടിലേക്ക് കയറിവരികയായിരുന്നു.
പിന്റു എന്നും പേരുള്ള ബ്രിജേഷ് സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ നേരിട്ട സാമ്പത്തികബുദ്ധിമുട്ടും സമ്മര്‍ദ്ദവും കാരണം കുറച്ചുകാലമായി മാനസികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഒക്ടോബര്‍ 27-ന് അഹമ്മദാബാദിലെ നരോദയിലെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതാവുകയും ചെയ്തു. ആശങ്കയിലായ കുടുംബാംഗങ്ങള്‍ ദിവസങ്ങളോളം തിരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. വൈകാതെ അവര്‍ പോലീസില്‍ പരാതി നല്കി.
നവംബര്‍ പത്തിന് പോലീസ് സബര്‍മതി പാലത്തിനുസമീപം അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. അത് ബ്രിജേഷിന്റേതാവാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതര്‍ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി മൃതദേഹം കാണിച്ചു. അഴുകിയ നിലയിലുള്ള മൃതദേഹമായതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു, അതേസമയം ശാരീരികഘടന നോക്കി ബ്രിജേഷിന്റെ സഹോദരീഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും അത് അദ്ദേഹം തന്നെയാണെന്ന് കരുതി. ബന്ധുക്കള്‍ സ്ഥിരീകരിച്ചതോടെ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകൊടുക്കുകയും ചെയ്തു.
ബ്രിജേഷ് മരിച്ചെന്ന ധാരണയില്‍ നവംബര്‍ 14-ന് മൃതദേഹത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുകയായിരുന്നു കുടുംബം. എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ ബ്രിജേഷിന് അന്ത്യയാത്ര നല്കാന് സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം എത്തിയിരുന്നു.
എന്നാല്‍, മരണാനന്തരചടങ്ങുകള്‍ക്കിടെ ബ്രിജേഷ് അപ്രതീക്ഷിതമായി കയറിവന്നു. അതുകണ്ട് കുടുംബാംഗങ്ങളും ബന്ധുക്കളും ഞെട്ടി. പോലീസുകാര്‍ പോലും അമ്പരന്നു. മൃതദേഹം ആരുടേതെന്ന് അറിയാന്‍ പോലീസ് അന്വേഷണമാരംഭിച്ചു.
Content Highlights: gujarat man thought to be dead walks into his own memorial service