ഗൃഹലക്ഷ്മി ഹോം ഷെഫ്: സോണല്‍ മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും

ഹോം ഷെഫ് / Shutterstock
ഹോം ഷെഫ് / Shutterstock

നാട്ടിലും വീട്ടിലും ഹിറ്റായ നാടന്‍വിഭവം അരങ്ങിലെത്തിച്ച് നാട്ടുരുചിയുടെ രാജ്ഞിയാകാനും കൈനിറയെ സമ്മാനം നേടാനും ഇതാ അവസരം. ജനകീയ പാചകമത്സരമായ 'ഗൃഹലക്ഷ്മി ഹോം ഷെഫ്' നാലാം സീസണിന്റെ സോണല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുകയാണ്. പോയവര്‍ഷങ്ങളില്‍ മത്സരാര്‍ഥികളുടെ എണ്ണത്താലും രുചി വൈവിധ്യത്താലും ശ്രദ്ധയാകര്‍ഷിച്ച മത്സരത്തിന്റെ പുതിയ പതിപ്പിന് ശനിയാഴ്ച തിരുവനന്തപുരം തമ്പാനൂര്‍ 'ടെറസ് ബൈ ലാഡര്‍' ഹോട്ടലില്‍ തുടക്കമാകും. ഹോം ഷെഫിന്റെ പ്രാഥമികഘട്ട മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇവിടുത്തേത്. 

തിരുവനന്തപുരത്തിന് പുറമെ കോട്ടയം, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സോണല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 12-ന് കോട്ടയം തെള്ളകത്തെ ചൈതന്യ പാസ്റ്ററല്‍ സെന്ററിലും, 15-ന് തൃശ്ശൂര്‍ ഹോട്ടല്‍ വൈറ്റ് പാലസിലും, 16-ന് പാലാരിവട്ടം ലക്സോ കൊച്ചിനിലും, 19-ന് കോഴിക്കോട് വുഡീസ് ലെഷര്‍ ഹോട്ടലിലും, 21-ന് കണ്ണൂര്‍ ഹോട്ടല്‍ ബ്രോഡ് ബീനിലുമായാണ് മത്സരങ്ങള്‍. രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ഥികള്‍, തയ്യാറാക്കിയ നാടന്‍ വിഭവങ്ങളുമായാണ് സോണല്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്.

തിരഞ്ഞെടുക്കപ്പെടുന്ന 15 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുക. സോണല്‍ മത്സരങ്ങളില്‍ വിജയം സമ്മാനിച്ച വിഭവങ്ങള്‍ ഫൈനലില്‍ തത്സമയം പാചകം ചെയ്യണം. പാചകരംഗത്തെ പ്രമുഖരും സെലിബ്രിറ്റികളും ചേര്‍ന്ന് മത്സരവിജയികളെ കണ്ടെത്തും. 50,000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയുമാണ് ലഭിക്കുക. 15 ഫൈനലിസ്റ്റുകളുടെയും ഫോട്ടോയും അവര്‍ തയ്യാറാക്കിയ വിഭവങ്ങളുടെ കുറിപ്പുകളും 'ഗൃഹലക്ഷ്മി'യില്‍ പ്രസിദ്ധീകരിക്കും.

വിഡിയം ആണ് ഹോം ഷെഫ് നാലാം സീസണിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. ഇന്ത്യന്‍ ഓയില്‍ പ്രസന്റിങ് സ്പോണ്‍സറും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ണറും ഹൈനസ് വെല്‍നസ് പാര്‍ടണറുമാണ്.


 

Content Highlights: grihalakshmi home chef contest