വൈറലായ 'ജെൻസി തുറിച്ചുനോട്ട'ങ്ങൾ കണ്ടിട്ടുണ്ടോ! അടിസ്ഥാന മര്യാദയുടെ അഭാവമെന്ന് വിമർശനം

അടുത്തിടെ ജെൻസി തലമുറയ്ക്ക് മാധ്യമങ്ങളിൽ ധാരാളം പ്രചാരം ലഭിക്കുന്നുണ്ട്. ജെൻസി- മില്ലേനിയൽ താരതമ്യം തന്നെയാണ് മിക്ക സ്ഥലത്തും ചർച്ചാവിഷയം. അതുപോലെ ജെൻ സി തലമുറയുടേതായ പല രീതികളും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുമുണ്ട്. 'ജെൻസി സ്റ്റേർ' എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ട്രെൻഡ് സോഷ്യൽ മീഡിയയിലും ജോലിസ്ഥലത്തും ചർച്ചകൾക്ക് തുടക്കമിടുകയാണ്.
വിവിധ സാമൂഹിക സാഹചര്യങ്ങളിൽ ദീർഘവും ശൂന്യവും ഭാവരഹിതവുമായ ഒരു നോട്ടം കാണിക്കുന്ന ഈ ലുക്ക് ടിക് ടോക്കിലെ വീഡിയോകളിലൂടെ വൈറലായി മാറിയിട്ടുണ്ട്. ജോലിസ്ഥലത്തെ സാധാരണ ആശംസകൾക്കോ ചോദ്യങ്ങൾക്കോ മറുപടിയായാണ് ഈ ലുക്ക് പലപ്പോഴും കാണപ്പെടുന്നത്. ഇത് പഴയ തലമുറകളെ ആശയക്കുഴപ്പത്തിലാക്കുകയോ നിരാശരാക്കുകയോ ചെയ്യുന്നു. വിമർശകർ പലപ്പോഴും ആ ലുക്കിന്റെ അർഥത്തെക്കുറിച്ച് പെട്ടെന്ന് വ്യാഖ്യാനങ്ങൾ ഉണ്ടാക്കുന്നു. പല വിമർശകരും ആ നോട്ടത്തെ വിഡ്ഢിത്തവും നിഷ്‌ക്രിയവുമായ ഒരു പ്രകടനമായി ചുരുക്കുന്നുണ്ടെങ്കിലും ഇവ ഉപരിതല വ്യാഖ്യാനങ്ങൾ ഉള്ളതാണെന്നും ജെൻസി തെറ്റായി വിലയിരുത്തപ്പെടുന്നെന്നുമാണ് വിദഗ്ദ്ധരുടെ വാദം. 'ജെൻസി സ്റ്റേർ' എന്നത് കാണുന്നതിനേക്കാൾ ആഴമേറിയതും കൂടുതൽ അർഥവത്തായതും വളരെ ഗൗരവമേറിയതുമായ ഒന്നിനെ പ്രതിനിധീകരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഇതിനെ 'അടിസ്ഥാന മര്യാദയുടെ അഭാവം' എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. മറ്റു ചിലർ തുറിച്ചുനോട്ടത്തെ 'ബഫറിങ്' പോലെയാണ് വിശേഷിപ്പിക്കുന്നത്. അതായത് നോക്കുന്നയാൾക്ക് എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കാൻ സമയം നൽകുന്ന ഒരു താൽക്കാലിക വിരാമം.
ജെൻസി തലമുറയിലെ ആളുകളും തങ്ങളുടെ സഹപ്രവർത്തകരിൽ ഇത്തരം തുറിച്ചുനോട്ടം ശ്രദ്ധിച്ചിട്ടുണ്ട്. ഹൈപ്പർ-ഓൺലൈൻ തലമുറയ്ക്ക് സ്വയം പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു അപൂർവ ഉദാഹരണമാണ് ഈ നിമിഷം. 'ജെൻസി നോട്ടം' എന്നത് വെറുമൊരു വൈറൽ പദം മാത്രമല്ല. നിശബ്ദമായി ജോലി ഉപേക്ഷിക്കൽ പോലുള്ള മുൻകാല പ്രവണതകൾക്ക് സമാനമായതും വ്യാപകമായതുമായ ഒന്നാണിത്. വിവിധ തലമുറകൾ തമ്മിലുള്ള ആശയവിനിമയത്തിലെ അന്തരം ആണ് ഇത് എടുത്തുകാട്ടുന്നത്. ജോലി സ്ഥലങ്ങളിലൊക്കെയാണ് ഇവ കൂടുതൽ ബാധിക്കുക. ആശയവിനിമയ കഴിവുകളുടെ അഭാവമാണ് 'ജെൻ സി നോട്ടം' എന്ന് മാനേജർമാരും തൊഴിലുടമകളും ആശങ്കാകുലരാണ്. ഉദാഹരണത്തിന് ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങിയ ഉപഭോക്തൃ-മുഖാമുഖ റോളുകളിൽ, ബിസിനസുകൾ വിജയിക്കുന്നതിന് ആശയവിനിമയവും പരസ്പര ഇടപെടലുകളും അത്യാവശ്യമാണ്. തൊഴിലാളികൾ സമീപിക്കാൻ കഴിയാത്തവരാണെന്ന് ഉപഭോക്താക്കൾക്ക് തോന്നിയാൽ വിൽപ്പന കുറയും. അത് ബിസിനസിനെ സാരമായി ബാധിക്കാം.
വിദ്യാഭ്യാസ മാസികയായ ഇന്റലിജന്റ് ഡോട്ട് കോമിന്റെ ഒരു റിപ്പോർട്ടിൽ ജെൻസിയെ നിയമിക്കുന്നതിന്റെ സമ്മർദം കാരണം 18 ശതമാനം മാനേജർമാരും രാജിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇത്തരം നോട്ടം താൽപ്പര്യമില്ലായ്മയോ ധിക്കാരമോ ആയി വരെ തെറ്റായി വ്യാഖ്യാനിക്കപ്പെടാം. പക്ഷേ അത് യഥാർഥ ലോകത്തിലെ സാമൂഹിക ഇടപെടലുകളിലുള്ള ജെൻസിയുടെ അഭാവം കൊണ്ടാകാം. ശരീരഭാഷ തെറ്റായി വായിക്കുന്നത് ആശയക്കുഴപ്പം, നിരാശ, ബന്ധപ്പെടാനുള്ള അവസരങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. തലമുറകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെടുന്നതോടെ മേലധികാരികൾ ജോലിസ്ഥലത്തെ ഇടപെടൽ എങ്ങനെ വിലയിരുത്തണം എന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്താനും പ്രേരിപ്പിക്കപ്പെടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The Gen Z stare is creating buzz. Is it rudeness or a communication gap? Explore this new workplace trend and its impact.