'ജ്വാലയെ നോക്കിയതെല്ലാം ആമിറിന്റെ കുടുംബം; കുഞ്ഞിന് ആമിർ ഖാൻ പേരിടണമെന്ന് അന്ന് ഞാനാവശ്യപ്പെട്ടു'

താരദമ്പതികളായ ജ്വാല ഗുട്ടയുടെയും വിഷ്ണു വിശാലിന്റെയും വർഷങ്ങളായുള്ള സുഹൃത്താണ് ആമിർ ഖാൻ. അവരുടെ കുഞ്ഞിന് പേരിട്ടതും ആമിർ തന്നെയാണ്. ചടങ്ങിനുവേണ്ടി മാത്രം ആമിർ മുംബൈയിൽനിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു. അന്ന് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് ജ്വാല ഇങ്ങനെ കുറിച്ചു, ''ആമിർ എന്ന പേരില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. മനോഹരവും ചിന്തിപ്പിക്കുന്നതുമായ പേരിന് നന്ദി, ആമിർ''. കുഞ്ഞിന് നല്ലൊരു പേരുനൽകിയതിന് നന്ദി പറഞ്ഞുകൊണ്ട് വിഷ്ണുവും പോസ്റ്റിട്ടിരുന്നു.
ഒരാവശ്യത്തിനുവേണ്ടിയാണ് ആമിർ തന്നെ ആദ്യമായി വിളിച്ചതെന്ന് പറയുകയാണ് വിഷ്ണു വിശാൽ. അത് പിന്നീട് അഗാധമായ സൗഹൃദത്തിലേക്ക് നീങ്ങുകയായിരുന്നു. കുടുംബങ്ങൾ തമ്മിലും അടുപ്പത്തിലായി. 2023-ൽ ആമിറിന്റെ അമ്മ സീനത്ത് ഹുസൈൻ ചെന്നൈയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അന്ന് ആമിറിന്റെ ടീം സഹായത്തിനായി വിഷ്ണുവിനെ സമീപിച്ചു. ''ആമിർ ഒരു സിനിമയുടെ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ ടീമിനെല്ലാം മാസങ്ങളോളം കഴിയാനായി ഒരു ഹോം സ്‌റ്റേ കണ്ടെത്തണമെന്ന് അവരെന്നോട് ആവശ്യപ്പെട്ടു. അവർക്ക് താമസിക്കാൻ വില്ലകൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. അവിടെനിന്നാണ് ഞങ്ങൾ സുഹൃത്തുക്കളായത്,'' വിഷ്ണു ഓർമ്മിക്കുന്നു.
തങ്ങളുടെ കുഞ്ഞിന് പേരിടാനായി ആമിറിനോട് ആവശ്യപ്പെട്ടതിനും ഒരു കാരണമുണ്ടെന്ന് വിഷ്ണു വിശാൽ വെളിപ്പെടുത്തുന്നു. ജ്വാല ഗർഭിണിയാവാതിരുന്നപ്പോൾ, ദത്തെടുക്കാൻ വരെ ആലോചിച്ചുവെന്നും അന്നൊക്കെ ആമിറാണ് തങ്ങളെ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. ''ഐവിഎഫിനായി മുംബൈയിലെ ഒരു ഡോക്ടറെ കുറിച്ച് പറഞ്ഞുതന്നു. അങ്ങനെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിടത്തുനിന്ന് ഞങ്ങളുടെ മുന്നിലേക്ക് ഒരു സഹായമായി വന്നത് അദ്ദേഹമാണ്. അതുകഴിഞ്ഞ് ചികിത്സയ്ക്കായി പത്തുമാസത്തോളം ജ്വാല മുംബൈയിലുണ്ടായിരുന്നു. അക്കാലമത്രയും താമസിച്ചത് ആമിറിന്റെ കുടുംബത്തിനൊപ്പമാണ്. ആമിറിന്റെ അമ്മയും സഹോദരിയും ജ്വാലയെ പരിപാലിച്ചു. ജ്വാല ഗർഭിണിയായപ്പോൾ തന്നെ കുഞ്ഞിന് പേരിടേണ്ടത് ആമിർ ആവണമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു''.
2023-ൽ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ആമിറും വിഷ്ണുവും അതിൽപെട്ടുപോയി. അന്ന് ഇരുവരെയും ഒരുമിച്ചാണ് രക്ഷിച്ചതും. അതിനുശേഷം ഇരുവരും ഒരുമിച്ചായിരുന്നു കുറച്ചുകാലം താമസിച്ചത്. പിന്നീട് ആമിറിന്റെ മകൾ ഇറയുടെ വിവാഹത്തിലും ജ്വാലയും വിഷ്ണുവും പങ്കെടുത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Aamir Khan`s close bond with Jwala Gutta and Vishnu Vishal led him to name their child. Discover the heartwarming story behind their friendship and the special naming ceremony