ലോകത്തിലെ ഏറ്റവും ജനപ്രിയ പൂച്ച ഏതാണെന്നറിയാമോ? ഡൊമസ്റ്റിക് ഷോർട്ട്ഹെയറിന് പ്രത്യേകതകളേറെ

തിരക്കേറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പൂച്ചകളെ ഓമനമൃഗമായി വളർത്തുന്നവർ ധാരാളമാണ്. പേർഷ്യൻ, മെയ്ൻ കൂൻ, സയാമീസ് പോലുള്ള നിരവധി ബ്രീഡുകൾക്ക് ആരാധകരുണ്ടെങ്കിലും, ഏറ്റവുമധികം പേർക്കിഷ്ടം ഡൊമസ്റ്റിക് ഷോർട്ട്ഹെയർ വിഭാഗത്തിൽ പെട്ട പൂച്ചകളെയാണത്രേ. എണ്ണത്തിലും വൈവിധ്യത്തിലും സൗന്ദര്യത്തിലും ഇക്കൂട്ടരെ മറികടക്കാൻ മറ്റാരുമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക ബ്രീഡല്ല യഥാർഥത്തിൽ ഡൊമസ്റ്റിക് ഷോർട്ട്ഹെയർ, നീളംകുറഞ്ഞ രോമങ്ങളുള്ള സങ്കരയിനം പൂച്ചകളാണിത്. പല നിറങ്ങളിലും പാറ്റേണുകളിലും അവ കാണപ്പെടുന്നു. സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവിനും, ബുദ്ധിക്കും, ശാന്തമായ സ്വഭാവത്തിനും പേരുകേട്ടവയാണ്. കുറഞ്ഞ പരിചരണമേ ആവശ്യമുള്ളൂ.
ജനിതക വൈവിധ്യമുള്ളതിനാൽ ഇത്തരം പൂച്ചകൾക്ക് മികച്ച ആരോഗ്യവും പ്രതിരോധശേഷിയുമുണ്ടാകാറുണ്ട്. ഈ പ്രത്യേകതകളെല്ലാം ലോകത്തിലെ 'സാധാരണ വളർത്തുപൂച്ച' എന്ന നിലയിൽ അഭിവൃദ്ധിപ്പെടാൻ അവയെ സഹായിച്ചു.
2023-ലെ ടിജിഎം റിസർച്ച് സർവേ പ്രകാരം, 'മോഗി' അഥവാ സങ്കരയിനം പൂച്ചകളാണ് (ഡൊമസ്റ്റിക് ഷോർട്ട്ഹെയറുകൾ ഉൾപ്പെടുന്ന വിഭാഗം) ലോകമെമ്പാടും വീട്ടിൽ വളർത്തുന്ന പൂച്ചകളിൽ ഏറ്റവും മുമ്പിൽ (11 ശതമാനത്തിൽ കൂടുതൽ). ക്യാറ്റ്സ് പ്രൊട്ടക്ഷന്റെ 2022-ലെ യുകെ ക്യാറ്റ് റിപ്പോർട്ടിൽ പറയുന്നത് ബ്രിട്ടനിലെ ഭൂരിഭാഗം പൂച്ചകളും 'മോഗി'കളാണെന്നാണ്. അവയെ ഔദ്യോഗികമായി 'ഡൊമസ്റ്റിക് ഷോർട്ട്ഹെയർ അല്ലെങ്കിൽ ലോംഗ്ഹെയർ' എന്ന് ലേബൽ ചെയ്തിട്ടുണ്ടെന്നും, ഇത് മറ്റേതൊരു ബ്രീഡിനേക്കാൾ എണ്ണത്തിൽ കൂടുതലാണെന്നും. 2024-ലെ ഇന്തോനേഷ്യ സ്റ്റാറ്റിസ്റ്റ സർവേ ഡൊമസ്റ്റിക് ഷോർട്ട്ഹെയറിനെ രാജ്യത്തെ ഏറ്റവും മികച്ച പൂച്ചയായി തിരഞ്ഞെടുത്തു.
ഡൊമസ്റ്റിക് ഷോർട്ട്ഹെയറുകളുടെ ലഭ്യത വളരെയധികമാണെന്നതാണ് മറ്റൊരു പ്രത്യേകത. അവയുടെ നീളം കുറഞ്ഞ രോമങ്ങൾക്ക് കുറഞ്ഞ പരിചരണം മതിയാകും. സാധാരണ ആളുകളെ പൂച്ചവളർത്തലിൽ നിന്ന് പിന്തിരിപ്പിക്കുന്നത് അവയുടെ രോമമാണ്. പക്ഷേ, ഇക്കൂട്ടർക്ക് അത്തരം പ്രശ്നങ്ങൾ വളരെ കുറവാണ്. അപ്പാർട്ട്മെന്റുകളിലാണെങ്കിലും വീടുകളിലാണെങ്കിലും ഏത് സാഹചര്യത്തിലും നന്നായി വളരും. ആളുകളുമായും മറ്റ് വളർത്തുമൃഗങ്ങളുമായും എളുപ്പത്തിൽ പൊരുത്തപ്പെടുകയും ചെയ്യുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover why the Domestic Shorthair is the most popular cat worldwide. Learn about their charm, health, low maintenance, and adaptability. Meet your purrfect companion!