ദിവസവും 12 ബിയർ അകത്താക്കിയ ധർമേന്ദ്ര; 'പ്രണയവും മദ്യവും എന്നെ കൊന്നു'വെന്ന് താരം ഒരിക്കൽ പറഞ്ഞു

ജീവിതം ഒരു ആഘോഷം പോലെ ആസ്വദിച്ചയാളായിരുന്നു ധർമേന്ദ്ര. ഓരോ നിമിഷവും അദ്ദേഹം ആസ്വദിച്ചു. ഒരുകാലത്ത് മദ്യത്തിന് വല്ലാതെ അടിമപ്പെട്ടു അദ്ദേഹം. കരിയറിന്റെ ഉന്നതിയിൽ മദ്യപാനം ആസക്തിയായി വളർന്നു. മദ്യവുമായുള്ള ബന്ധം ഒരിക്കൽ തന്നെ കീഴടക്കിയെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയിൽ ഒരിക്കൽ താൻ അച്ഛന്റെ കോളറിൽ പിടിച്ചതും കയർത്തുസംസാരിച്ചതും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ അദ്ദേഹം വിഷമത്തോടെ ഓർത്തു. ''അന്ന് ഞാൻ ചെറുപ്പമായിരുന്നു. ഒടുവിൽ വളരെ കഠിനമായ വഴികളിലൂടെയാണ് ഞാൻ എന്റെ ജീവിതപാഠങ്ങൾ പഠിച്ചത്''.
അക്കാലത്ത് സെറ്റുകളിൽ മദ്യവുമായിട്ടായിരുന്നു ധർമേന്ദ്ര എത്തിയിരുന്നത്. അതല്ലെങ്കിൽ സെറ്റിലേക്ക് വാങ്ങിപ്പിക്കും. ക്ലാസിക് സിനിമയായ 'ഷോലെ'യുടെ ഷൂട്ടിങ്ങിനിടയിലെ അദ്ദേഹത്തിന്റെ മദ്യപാനത്തെക്കുറിച്ചുള്ള ഒരു കഥയുണ്ട്.
''ഷോലെ സിനിമയിൽ ഞങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന ക്യാമറാമാൻ ജിമ്മിന് എല്ലാ ദിവസവും അഞ്ചും ആറും കുപ്പി ബിയർ കൊണ്ടുവരുന്ന ശീലമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ പിന്നിലിരുന്ന് ആ സ്റ്റോക്കിൽ നിന്ന് രഹസ്യമായി കുടിക്കുമായിരുന്നു. ഇത് അദ്ദേഹം അറിഞ്ഞില്ല. ഒരിക്കൽ പ്രൊഡക്ഷനിലെ ആളുകൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി, 'നിങ്ങൾ ഒരുദിവസം 12 കുപ്പി ബിയർ കുടിച്ചു'വെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അമ്പരന്നുപോയി, 'എങ്ങനെ സംഭവിച്ചു? എനിക്കറിയില്ല!' എന്നാണ് അദ്ദേഹം പറഞ്ഞത്. ഒടുവിൽ ഒരുദിവസം അദ്ദേഹമെന്നെ പിടികൂടി''.
മദ്യപാനശീലത്തെക്കുറിച്ച് ചോദ്യങ്ങൾ നേരിടുമ്പോഴെല്ലാം ധർമേന്ദ്ര മറുപടി പറഞ്ഞത് കാവ്യാത്കമായിട്ടാണ്. ''പ്രണയം എന്നെ കൊന്നു, മദ്യം എന്നെ കൊന്നു. പക്ഷേ മദ്യം ഇല്ലായിരുന്നെങ്കിൽ പ്രണയം ഉണ്ടാകുമായിരുന്നില്ല. പ്രണയവും മദ്യവും ഇല്ലാതെ ജീവിതം മൂല്യവത്താകുമോ?''
ഇടയ്ക്കിടെ ആറുമാസത്തോളം അദ്ദേഹം മദ്യപാനം നിർത്തും. ''ആ സമയത്തെല്ലാം ഞാൻ ബാഡ്മിന്റൺ കളിക്കുകയും വിയർക്കുകയും ചെയ്യും. അതുകഴിഞ്ഞ് വീണ്ടും മദ്യപിക്കും'', ധർമേന്ദ്ര ഓർത്തെടുത്തു.
'ബോളിവുഡിലെ ഏറ്റവും വലിയ മദ്യപാനി' എന്ന ടാഗിനോടും അദ്ദേഹം പ്രതികരിച്ചു, ''എന്റെ കരൾ ഭയങ്കര സ്‌ട്രോങ്ങാണ്''. ഒരിക്കൽ മൗഷുമി ചാറ്റർജി നായികയായിട്ടുള്ള സെറ്റിൽവെച്ച് മദ്യപിച്ചതും മറ്റുള്ളവർ കണ്ടെത്തി. ''എനിക്ക് ബിയർ കുടിക്കാൻ തോന്നി. പക്ഷേ ആരും അറിയുകയും ചെയ്യരുത്. അതുകൊണ്ട് ബിയർ നന്നായടിച്ച് ലസ്സി പോലെ തയ്യാറാക്കി തരാൻ ഞാൻ സെറ്റിലുള്ളവരോട് പറഞ്ഞു. അത് കുടിക്കുമ്പോഴാണ് മൗഷുമി അങ്ങോട്ട് വന്നത്. 'നിങ്ങൾ ബിയർ ആണോ കുടിക്കുന്നത്' എന്ന് മൗഷുമി ചോദിച്ചു. ലസ്സിയാണെന്ന് കള്ളം പറഞ്ഞപ്പോൾ അവർക്കും അത് വേണമെന്നായി. ഒടുവിൽ സത്യം പറയേണ്ടിവന്നു'', ധർമേന്ദ്ര ഓർത്തെടുത്തു. 2010-ൽ ഒരസുഖത്തെ തുടർന്നാണ് മദ്യപാനം പൂർണമായും അദ്ദേഹം ഒഴിവാക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood legend Dharmendra opens up about his severe alcohol addiction during his peak career, revealing shocking details and his journey to recovery