‘രണ്ടാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണോ!’ ആരാധകരുടെ കാത്തിരിപ്പിന് വിരാമം

ദീപിക പദുകോണും രൺവീർ സിങും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. ഞായറാഴ്ച പങ്കുവെച്ച പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് താരദമ്പതികൾ ഈ സന്തോഷ വാർത്ത അറിയിച്ചത്.
ഇരുവരുടെയും മകൾ ദുവ (Dua) കൈയ്യിൽ പോസിറ്റീവ് പ്രെഗ്നൻസി ടെസ്റ്റ് കിറ്റുമായി നിൽക്കുന്ന ചിത്രമാണ് ഇവർ പങ്കുവെച്ചത്. രണ്ട് 'ഈവിൾ ഐ' (Evil eye) ഇമോജികളാണ് ദീപിക ചിത്രത്തിന് ക്യാപ്‌ഷനായി നൽകിയത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 നവംബർ 14-ന് ഇറ്റലിയിലെ, ലേക്ക് കോമോയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. 2013-ൽ പുറത്തിറങ്ങിയ 'ഗോലിയോൻ കി രാസലീല രാം-ലീല' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇവർ പ്രണയത്തിലായത്. 2024 സെപ്റ്റംബർ 8-നാണ് ഇവർക്ക് ആദ്യത്തെ കണ്മണി ദുവ ജനിച്ചത്.
‘കുഞ്ഞ് ദുവയ്ക്ക് ഒരു കൂട്ടു വരുന്നു, Baby no: 2’ എന്നിങ്ങനെ പോസ്റ്റിന് ആരാധകരുടെ കമന്റുകൾ നിറയുകയാണ്.
2025-ൽ നടന്ന WAVES ഉച്ചകോടിയിൽ അമ്മയായതിനുശേഷം തന്റെ മുൻഗണനകളിൽ വന്ന മാറ്റത്തെക്കുറിച്ച് ദീപിക മനസ്സ് തുറന്നിരുന്നു. കരിയറിന് മാത്രം പ്രാധാന്യം നൽകിയിരുന്ന ജീവിതത്തിൽ നിന്ന് മറ്റൊരു ജീവന് വേണ്ടി ജീവിക്കുന്നതിലേക്കുള്ള മാറ്റം വൈകാരികമാണെന്ന് താരം പറഞ്ഞു. "മാതൃത്വം എന്നെ ഒരു പുതിയ ജീവിതം കണ്ടെത്താൻ സഹായിച്ചു. അതുവരെ എന്റെ കരിയറിനും അഭിലാഷങ്ങൾക്കും വേണ്ടി മാത്രമായിരുന്നു ഞാൻ ജീവിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ കാര്യങ്ങൾക്കും എന്നെ ആശ്രയിക്കുന്ന മറ്റൊരു ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്."
തന്റെ മകൾ സിനിമയുടെയും പ്രശസ്തിയുടെയും അതിപ്രസരമില്ലാത്ത ഒരു സാധാരണ കുട്ടിക്കാലം ആസ്വദിക്കണമെന്നാണ് ദീപികയുടെ ആഗ്രഹം.
ദമ്പതികൾ പ്രൊഫഷണൽ രംഗത്തും മികച്ച നിലയിലാണ് ഇപ്പോൾ. രൺവീർ സിങ് നായകനായ 'ധുരന്ധർ 2' (Dhurandhar 2) റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ തരംഗമായി തുടരുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' (King) എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം ദീപിക അഭിനയിക്കുന്നുണ്ട്. കൂടാതെ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ (AA22xA6) അല്ലു അർജുനോടൊപ്പവും താരം സ്ക്രീൻ പങ്കിടും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone and Ranveer Singh announce second pregnancy via Instagram., The couple welcomed their first child, Dua, in September 2024., Deepika discusses the balance between motherhood and her career in 2026., Updates on Ranveer Singh's 'Dhurandhar 2' success and Deepika's upcoming projects with Shah Rukh Khan and Allu Arjun.