ടൈറ്റാനിക് അല്ല ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയത്; ഇതില്‍ മരിച്ചത് 9000-ത്തോളം പേര്

ജനുവരി 30, 1945. ജര്‍മന്‍ പട്ടാളക്കാരെയും അവരുടെ കുടുംബത്തെയും കുത്തിനിറച്ച് എംവി വില്‍ഹെം ഗസ്റ്റ്‌ലോഫ് ബാള്‍ട്ടിക് കടലിലൂടെ നീങ്ങുകയായിരുന്നു. തങ്ങള്‍ക്കായി കാത്തുവെച്ചിരിക്കുന്ന വിധി എന്തെന്നറിയാതെ, പ്രാര്‍ഥനയും പ്രത്യാശയും മാത്രമായിരുന്നു അതിലെ യാത്രക്കാരുടെ മനസ്സില്‍. പെട്ടെന്നാണ് എന്തോ ഒരു വലിയ കുലുക്കവും ആളുകളുടെ നിലവിളിയും കേള്‍ക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയും മുമ്പേ, പലരും കടലിലേക്ക് വീണിരുന്നു. ലോകം കണ്ട ഏറ്റവും വലിയ കപ്പല്‍ അപകടം.
കപ്പല്‍ അപകടം എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലാദ്യം വരിക ടൈറ്റാനിക് മുങ്ങിയ സംഭവമായിരിക്കും. എന്നാല്‍, അതിലും ഭീകരമായ ദുരന്തമുണ്ടായത് അന്നുണ്ടായത്.
1937-ലാണ് ജര്‍മന്‍ കപ്പലായ ഗസ്റ്റ്‌ലോഫിനെ പണികഴിഞ്ഞ് ഇറക്കുന്നത്. ഹിറ്റ്‌ലറുടെ സാന്നിധ്യവുമുണ്ടായിരുന്നു അന്ന്. കപ്പലിന് ആദ്യം ഹിറ്റ്‌ലറിന്റെ പേരിടാനാണ് തീരുമാനിച്ചത്. പിന്നീടാണ് നാസി പാര്‍ട്ടിയുടെ സ്വിസ് നേതാവ് വില്‍ഹെം ഗസ്റ്റ്‌ലോഫിന്റെ പേര് നല്‍കിയത്. തൊട്ടടുത്തവര്‍ഷം മുതല്‍ തന്നെ ഗസ്റ്റ്‌ലോഫ് യാത്ര തുടങ്ങി. 1900 പേര്‍ക്ക് മാത്രമേ അതില്‍ യാത്ര ചെയ്യാനാവൂ.
1939-ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയശേഷം സൈനികരുടെ ആവശ്യത്തിനായി കപ്പല്‍ ഉപയോഗിച്ചുതുടങ്ങി. ആ സമയത്ത് യാത്രാകപ്പല്‍ എന്നതിലുപരി ആസ്പത്രിയായും ഒഴുകുന്ന ബാരക്കായുമൊക്കെയാണ് ഈ കപ്പലിനെ കണ്ടിരുന്നത്. പരിക്കേറ്റ ജര്‍മന്‍ പട്ടാളക്കാരെയും കൊണ്ട് പലതവണ കപ്പല്‍ ബാള്‍ട്ടിക് കടലിലൂടെ യാത്രചെയ്തു.
1945 ജനുവരി 29-നാണ് ഗസ്റ്റ്‌ലോഫ്, പോളണ്ടിലെ ബാള്‍ട്ടിക് കടല്‍ത്തീരത്തെ ഗോട്ടന്‍ഹാഫന്‍ തുറമുഖത്തെത്തുന്നത്. ജര്‍മന്‍ പട്ടാളക്കാരെയും അവരുടെ കുടുംബത്തെയും സുരക്ഷിതമായൊരിടത്തേക്ക് മാറ്റാനുള്ള ദൗത്യമായിരുന്നു കപ്പലിന്റേത്. ഓഫീസര്‍മാര്‍ ടിക്കറ്റുകള്‍ നോക്കി ആളുകളെ കപ്പലിലേക്ക് കയറ്റാന്‍ തുടങ്ങി. കുട്ടികളും ഗര്‍ഭിണികളും പരിക്കേറ്റ പട്ടാളക്കാരും മിലിറ്ററിയിലെ മറ്റുദ്യോഗസ്ഥരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. അതിനൊപ്പം പട്ടാളക്കാരുടെ തോക്കുകളും മറ്റും.
അപ്പോഴേക്കും കൊണ്ടുപോകാന്‍ കപ്പലെത്തിയ കാര്യമറിഞ്ഞ് ആളുകള്‍ ഓടിയെത്തി. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരമായിട്ടാണ് ഈ കപ്പലിനെ പലരും കണ്ടത്. ചിലര്‍ക്കത് നോഹയുടെ പേടകമായിരുന്നു. എത്തിയവരെല്ലാം കപ്പലിലേക്ക് ഇടിച്ചുകയറാന്‍ തുടങ്ങി. ചിലര്‍ ഉള്ളില്‍ കടക്കാനായി ഓഫീസര്‍മാര്‍ക്ക് കൈക്കൂലി വരെ കൊടുത്തു. അതോടെ എണ്ണമെല്ലാം തെറ്റി. തിക്കിലും തിക്കിലും പെട്ട് എത്ര പേര്‍ ഉള്ളില്‍ കയറിയെന്ന് ആര്‍ക്കും മനസ്സിലായില്ല.
എങ്കിലും 10,000-ത്തിലേറെ ആളുകള്‍ കയറിയെന്നാണ് പിന്നീട് പലരും പറഞ്ഞത്. അനുവദനീയമായതിന്റെ എത്രയോ ഇരട്ടി പേര്‍. ഡോക്കിലും സ്വമ്മിങ് പൂളിലും വരെ ആളുകള്‍ നിറഞ്ഞു. യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയിരുന്നു. പക്ഷേ, ഇത്രയും ആളുകള്‍ ഉണ്ടാവുമ്പോള്‍ അത് എവിടെ തികയാനാണ്?
ദുരന്തത്തിലേക്ക്...
നല്ല തണുപ്പായിരുന്നു ബാള്‍ട്ടിക് കടലില്‍. അതിനൊപ്പം അസഹനീയമായ തണുപ്പുകാറ്റും. ഗസ്റ്റ്‌ലോഫ് പതുക്കെ തുറമുഖത്തുനിന്ന് യാത്ര തുടങ്ങി. അകമ്പടി സേവിച്ച് രണ്ട് ടോര്‍പ്പിഡോ ബോട്ടുകള്‍ ഉണ്ടാവുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍, ഒന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ പിന്‍വാങ്ങി. തീരത്തോട് ചേര്‍ന്ന് പോകാനായിരുന്നു ക്യാപ്റ്റന് നല്‍കിയ നിര്‍ദേശം. എന്നാല്‍, നടുക്കടലിലൂടെ പോകാനാണ് ക്യാപ്റ്റന്‍ തീരുമാനിച്ചത്. കുറച്ചുകൂടി കഴിഞ്ഞപ്പോഴാണ് സോവിയറ്റ് യൂണിയന്റെ അന്തര്‍വാഹിനിക്കപ്പലായ എസ്13, ഗസ്റ്റ്‌ലോഫിനെ കാണുന്നത്. ഒട്ടും വൈകാതെ അന്തര്‍വാഹിനിയില്‍നിന്ന് മൂന്ന് ടോര്‍പ്പിഡോ കപ്പലിനെ ലക്ഷ്യമാക്കി പാഞ്ഞു.
ആളുകളുടെ നിലവിളിക്കൊപ്പം കപ്പല്‍ നിന്നു, വെളിച്ചമെല്ലാം കെട്ടു. അല്പനേരത്തെ ഞെട്ടലിനുശേഷം ഓഫീസര്‍മാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പലരെയും അകമ്പടി സേവിച്ച ബോട്ടിലേക്ക് മാറ്റാന്‍ തുടങ്ങി. ലൈഫ് ബോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍ പലതും താഴേക്കിറക്കാന്‍ ഓഫീസര്‍മാര്‍ക്ക് കഴിഞ്ഞില്ല. കുറച്ചുമാറി കടലില്‍ സഞ്ചരിച്ചിരുന്ന ബോട്ടുകളും മറ്റുമെത്തി, ആളുകളെ അതിലേക്ക് മാറ്റി. എന്നിട്ടും 1000-ത്തോളം പേരെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ.
പതുക്കെപ്പതുക്കെ മുങ്ങാന്‍ തുടങ്ങിയ കപ്പലില്‍, മരണത്തെ മുന്നില്‍ക്കണ്ട് ഭയത്തോടെ നില്‍ക്കാനേ മറ്റുള്ളവര്‍ക്ക് കഴിഞ്ഞുള്ളൂ. ഒരുമണിക്കൂറിനുള്ളില്‍ ഗസ്റ്റ്‌ലോഫ് പൂര്‍ണമായും കടലിന്റെ അടിത്തട്ടിലേക്ക് പോയി, ഉള്ളിലുണ്ടായിരുന്ന ആളുകളും മരണത്തിന്റെ തണുപ്പേറ്റുവാങ്ങി. എത്ര പേര്‍ കപ്പലിലുണ്ടായിരുന്നുവെന്ന് കണക്കില്ലാത്തതിനാല്‍, എത്ര പേര്‍ മരിച്ചുവെന്നതിനെക്കുറിച്ചും വലിയ ധാരണയില്ല. ചുരുങ്ങിയത് 9000 പേര്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കണക്കുകള്‍ പറയുന്നത്.
അങ്ങനെ സമുദ്രചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമേറ്റുവാങ്ങി, കടലിന്റെ അടിത്തട്ടില്‍ ഗസ്റ്റ്‌ലോഫ് ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. യുദ്ധസ്മാരകമായി തണുപ്പിനെ അതിജീവിച്ച് അത് നിലനില്‍ക്കുന്നു.
Content Highlights: deadliest disaster at sea ever