പ്രിയപ്പെട്ടവർ മരണമടഞ്ഞാൽ വിരലുകൾ മുറിച്ചുമാറ്റുന്നവർ; ഇകിപാലിൻ എന്ന ആചാരം

ഡാനി ഗോത്ര വനിത / Shutterstock
ഡാനി ഗോത്ര വനിത / Shutterstock

ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ നിയമങ്ങൾ വിവിധ രൂപങ്ങളിലും രീതികളിലും നിലവിലുണ്ട്. പാപ്പുവ ന്യൂഗിനിയയിലെ ഡാനി ഗോത്രത്തിനിടയിൽ ഇതുപോലെ നിലവിലുള്ള ആചാരമാണ് 'ഇകിപാലിൻ'. സ്ത്രീകളാണ് ഇതിൽ പ്രധാനമായും പങ്കാളികളാവുന്നത്. ഇകിപാലിനിൽ പ്രിയപ്പെട്ട ഒരാളുടെ മരണത്താൽ ഉണ്ടാകുന്ന ദുഃഖത്തെ പ്രതീകവൽക്കരിക്കാൻ സ്ത്രീകളുടെ വിരലുകൾ മുറിച്ചുമാറ്റുന്നു.

ഡാനി ഗോത്രത്തിൽ വിരലുകൾ ഐക്യത്തെയും ശക്തിയെയും അർത്ഥമാക്കുന്നു. ചില വിരലുകൾ ഇല്ലാത്തതിനാൽ ശരിയായി പ്രവർത്തിക്കാനുള്ള കഴിവില്ലായ്മ കുടുംബത്തിന്റെ ശൂന്യതയെയും കുറയുന്ന ശക്തിയെയും പ്രതിനിധീകരിക്കുന്നു. ഇകിപാലിൻ ദുഃഖാചരണ സമയത്ത് നടക്കുന്ന ഒരു സാധാരണ ചടങ്ങാണ്, ഇത് സാധാരണയായി അടുത്ത ബന്ധുക്കളാണ് ചെയ്യുന്നത്. കുടുംബാംഗങ്ങൾ, സഹോദരങ്ങൾ, അല്ലെങ്കിൽ മാതാപിതാക്കൾ എന്നിവരിൽ ആരുമാകാം അത്.

മരിച്ചവരുടെ അസ്വസ്ഥമായ ആത്മാവിനെ അകറ്റി നിർത്താനും നഷ്ടബോധത്തിന്റെ ദുഃഖത്തെ പ്രതീകവൽക്കരിക്കാനും ഈ ചടങ്ങ് നടത്തുന്നു എന്നാണ് ഗോത്രത്തിന്റെ വിശ്വാസം. മിക്കവാറും പ്രായമായ സ്ത്രീകളാണ് അവരുടെ വിരലുകൾ മുറിച്ചുമാറ്റുന്നത്. ഒരു കല്ല് അല്ലെങ്കിൽ കത്തി ഉപയോഗിച്ച് വിരലിന്റെ മുകൾഭാഗമാണ് പലപ്പോഴും മുറിച്ചുമാറ്റുന്നത്. ചിലപ്പോൾ ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ മുറിച്ചുമാറ്റൽ നടത്താം.

അവരുടെ ദുഃഖം കൂടുതൽ പ്രകടിപ്പിക്കാൻ, ഡാനി ജനത അവരുടെ മുഖങ്ങൾ ചാരവും കളിമണ്ണും കൊണ്ട് പൊതിയാറുമുണ്ട്. ചില ആളുകൾ ചെവികളും മുറിച്ചുമാറ്റും. കുളിക്കാതെ ഒരാഴ്ചയോളം നദിയിലെ ചെളിയിൽ പുരണ്ടുനിൽക്കുന്നതും ഇത്തരം ആചാരങ്ങളുടെ ഭാഗമാണ്. ഇത് മരിച്ചവർ പ്രകൃതിയിലേക്ക് മടങ്ങി എന്നതിനെ സൂചിപ്പിക്കുന്നെന്നാണ് വിശ്വാസം.

ഇന്തോനേഷ്യൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് ഈ ആചാരം നിർത്തിവെച്ചെങ്കിലും, പല പ്രായം ചെന്ന സ്ത്രീ ഗോത്രാംഗങ്ങളും അവരുടെ വികൃതമാക്കപ്പെട്ട വിരലുകളോടും കൈകളോടും കൂടി ജീവിക്കുന്ന ശേഷിപ്പുകളാണ്. വിരലുകൾ മുറിച്ചുമാറ്റുന്ന ഈ അസാധാരണമായ ആചാരം ഇപ്പോഴും രഹസ്യമായി തുടരുന്നു എന്ന് പറയപ്പെടുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: explore the extreme Ikipalin ritual of the dani tribe in papua: finger cutting for grief.