'സ്മൃതി മന്ദാനയും പലാഷും വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നെ വിളിക്കാൻ പലാഷ് ഭയന്നു'

ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംവിധായകൻ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം റദ്ദാക്കിയത് വലിയ വാർത്തയായിരുന്നു. വിവാദങ്ങളുണ്ടായ ശേഷം പലാഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട്, തന്നെ നേരിട്ട് ബന്ധപ്പെടാൻ അദ്ദേഹം ആദ്യം മടിച്ചിരുന്നുവെന്ന് പറയുകയാണ് നടി ഡെയ്‌സി ഷാ ഇപ്പോൾ. വിവാഹം ഉപേക്ഷിച്ചതിന് ശേഷം, ശ്രേയസ് താൽപെയ്‌ഡിനെയും ഡെയ്‌സി ഷായെയും പ്രധാന കഥാപാത്രങ്ങളാക്കി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് പലാഷ്. വ്യക്തിജീവിതത്തിലെ വിവാദങ്ങൾ കാരണമാണ് പലാഷ് തന്നെ നേരിട്ട് സമീപിക്കാൻ മടിച്ചതെന്ന് ഡെയ്സി ഒരു അഭിമുഖത്തിൽ പറഞ്ഞു.
"പാലാഷ് ഒരു സിനിമ നിർമിക്കുന്നുണ്ടെന്നും അതിൽ താൻ ഭാഗമാകണമെന്നുമാവശ്യപ്പെട്ട് രണ്ടുമൂന്നു പേരിൽ നിന്ന് വിളി വന്നു. പലാഷിന് എന്നെ വ്യക്തിപരമായി അറിയാം, പലാഷിന്റെ സഹോദരി പാലക്കിന്റെ നല്ല സുഹൃത്താണ് ഞാൻ. അതുകൊണ്ടുതന്നെ എന്നോട് സംസാരിക്കണമെങ്കിൽ നേരിട്ട് വിളിക്കുകയോ പാലക്ക് വഴി സന്ദേശം അയക്കുകയോ ചെയ്യാമായിരുന്നു, എനിക്ക് പരിചയമില്ലാത്ത ഈ ആളുകളിൽ നിന്ന് സന്ദേശങ്ങൾ വന്നപ്പോൾ, ഞാൻ തന്നെ പലാഷിന് സന്ദേശമയച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ തീരുമാനിച്ചു, അപ്പോൾ പലാഷ് പറഞ്ഞു, 'അതെ മാഡം, അത് സത്യമാണ്, നിലവിലെ സാഹചര്യത്തിൽ ആർക്കും തെറ്റിദ്ധാരണയുണ്ടാകാനുള്ള സാധ്യതയുള്ളതിനാലാണ് ഞാനാരെയും വ്യക്തിപരമായി ബന്ധപ്പെടാത്തത്.' പിന്നീട് കഥ കേട്ടു. പ്രോജക്റ്റുമായി മുന്നോട്ട് പോകാൻ താല്പര്യമറിയിക്കുകയും ചെയ്തു" അവർ പറഞ്ഞു.
പലാഷിനൊപ്പം പ്രവർത്തിക്കുന്നതിൽ എന്തെങ്കിലും സംശയമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ, ഡെയ്‌സിയുടെ മറുപടി ഇങ്ങനെയായിരുന്നു. "എനിക്ക് വ്യക്തിജീവിതത്തെ തൊഴിൽപരമായ പ്രതിബദ്ധതകളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയും. വ്യക്തിപരമായ പ്രശ്നങ്ങൾ ജോലിയെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് മുഴുവൻ കഥയും അറിയില്ല. ഓരോ കഥയ്ക്കും എപ്പോഴും രണ്ട് വശങ്ങളുണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മാത്രമേ നമ്മൾ കേൾക്കുന്നുള്ളൂ, യഥാർഥത്തിൽ എന്താണ് തെറ്റുപറ്റിയതെന്ന് എനിക്കറിയില്ല. ഇത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കാര്യമാണ്, ഞാൻ നിഷ്പക്ഷത പാലിക്കുകയാണ്. വിവാദങ്ങൾ ഉള്ളതുകൊണ്ട് മാത്രം ഞാനവനെ വിധിക്കാൻ പാടില്ല. അവനെന്നെ പ്രൊഫഷണലായി ബന്ധപ്പെട്ടു, ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി അവനെ വിധിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല."-അവർ പറഞ്ഞു.
"എല്ലാം ശരിയായി വരുമെന്നും അവർ വീണ്ടും ഒന്നിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അവർ മികച്ച ജോഡിയാണ്."- എന്നും ഡെയ്സി പറഞ്ഞു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു പലാഷും സ്മൃതിയും (Smriti Mandhana) തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. നവംബറിൽ വിവാഹിതരാവാനിരിക്കെ, അത് റദ്ദാക്കി. പലാഷിന്റെ മറ്റു പ്രണയബന്ധമാണ് വിവാഹം റദ്ദാക്കാൻ കാരണമെന്ന് പിന്നീട് ആരോപണങ്ങൾ ഉയർന്നിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Palaash Muchhal was hesitant to reach out to Daisy Shah due to his wedding controversy., Daisy Shah clarifies that she reached out personally to verify the project offer., Daisy maintains a professional stance, separating personal controversies from work., Daisy expresses hope for reconciliation between Palaash and Smriti Mandhana.