ഇര്‍ഫാന്‍, ജഡേജ, ബ്രെറ്റ് ലീ, ശ്രീശാന്ത്...; സിനിമയിലഭിനയിച്ച ക്രിക്കറ്റ് താരങ്ങൾ

ഇന്ത്യയില്‍ താരപരിവേഷം ലഭിക്കുന്ന രണ്ട് വിഭാഗങ്ങളാണ് സിനിമയും ക്രിക്കറ്റും. ഒരു സിനിമാ താരത്തിന് പ്രൊഫഷണല്‍ ക്രിക്കറ്ററാവുക എന്നത് എളുപ്പമല്ല. എന്നാല്‍, ഒരു ക്രിക്കറ്റ് താരത്തിന് സിനിമയില്‍ എത്താന്‍ അത്ര പണിയൊന്നുമില്ല. ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനയമോഹം ചെറുതായുണ്ടെങ്കില്‍ അവസരം കൊടുക്കാന്‍ നിരവധി സംവിധായകരും നിര്‍മാതാക്കളും തയ്യാറാണ്. അത്തരത്തില്‍ സിനിമയില്‍ അഭിനയിച്ച ക്രിക്കറ്റ് താരങ്ങളുടെ വിശേഷങ്ങളിലൂടെ.
ഇര്‍ഫാന്‍ പഠാന്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ പഠാന്‍. 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി-20 ഇന്ത്യയ്ക്കായി കളിച്ച ഇര്‍ഫാന്‍ 2007-ലെ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2022-ല്‍ റിലീസായ വിക്രം നായകനായ തമിഴ് ചിത്രമായ 'കോബ്ര'യിലാണ് ഇര്‍ഫാന്‍ അഭിനയിച്ചത്. അസ്ലാന്‍ യില്‍മാസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മുമ്പ് ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു ഇര്‍ഫാന്‍ അതിനുശേഷം ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല.
ബ്രെറ്റ് ലീ
ഓസ്‌ട്രേലിയന്‍ പേസ് ബൗളറായ ബ്രെറ്റ് ലീയുടെ സംഗീതപ്രിയം ഏറെ പ്രശസ്തമാണ്. 'അണ്‍ഇന്ത്യന്‍' എന്ന സിനിമയിലാണ് ലീ അഭിനയിച്ചത്. അനുപം ശര്‍മ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് 'അണ്‍ഇന്ത്യന്‍ വില്‍ ഹെന്‍ഡേഴ്‌സണ്‍ എന്നായിരുന്നു ലീയുടെ കഥാപാത്രത്തിന്റെ പേര്. സിനിമ പൂര്‍ണമായും സിഡ്‌നിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അജയ് ജഡേജ
2003-ല്‍ പുറത്തിറങ്ങിയ 'ഖേല്‍' എന്ന ചിത്രത്തിലാണ് ഇന്ത്യയുടെ മുന്‍താരമായ അജയ് ജഡേജ അഭിനയിച്ചത്. യൂസുഫ് ഖാന്‍ സംവിധാനം ചെയ്ത സിനിമയില്‍ സണ്ണി ഡിയോളും സുനില്‍ ഷെട്ടിയുമായിരുന്നു പ്രധാന വേഷത്തില്‍. രോഹന്‍ എന്നായിരുന്നു ജഡേജയുടെ കഥാപാത്രത്തിന്റെ പേര്. ഇന്ത്യയ്ക്കായി 15 ടെസ്റ്റും 196 ഏകദിനവും കളിച്ച താരമാണ് ജഡേജ.
വിനോദ് കാംബ്ലി
ഇടങ്കയ്യന്‍ ബാറ്ററായിരുന്ന വിനോദ് കാംബ്ലി അഭിനയിച്ച ചിത്രമാണ് 'അനര്‍ത്ഥ്.' 2002-ല്‍ റിലീസായ ഈ ത്രില്ലര്‍ ചിത്രത്തില്‍ സഞ്ജയ് ദത്തും സുനില്‍ ഷെട്ടിയും പ്രധാനവേഷത്തിലെത്തി. ക്രിമിനല്‍ ഗാങ്ങിലെ അംഗമായ ബാണ്ഡ്യ എന്ന കഥാപാത്രമായിരുന്നു കാംബ്ലി ഈ ചിത്രത്തില്‍ ചെയ്തത്.
ഇവര്‍ മാത്രമല്ല, ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, സുനില്‍ ഗാവസ്‌കര്‍, സന്ദീപ് പാട്ടില്‍, സയ്യിദ് കിര്‍മാനി, ശിഖര്‍ ധവാന്‍, യുവരാജ് സിങ് അടക്കമുള്ളവരും സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
Content Highlights: Cricketers Who Acted In Films