‘വൈവാഹിക ബലാത്സംഗത്തെക്കുറിച്ച് പറയുന്ന ഈ കഥ, ഒരു പുരുഷൻ എഴുതി എന്നത് അത്ഭുതകരമാണ്’

ദിവ്യ ദത്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിയോ ഹോട്ട്സ്റ്റാറിലെ പുതിയ സീരീസാണ് 'ചിരയ്യ' (Chiraiya). പ്രേക്ഷകപ്രശംസനേടി മുന്നേറുമ്പോൾ, അത് കൈകാര്യം ചെയ്യുന്ന പ്രമേയം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വിവാഹ ബന്ധത്തിലെ സമ്മതത്തെക്കുറിച്ചും (consent), വൈവാഹിക ബലാത്സംഗം (marital rape) എന്ന വിഷയത്തിൽ നിലവിലുള്ള നിയമപരമായ ചില കാര്യങ്ങളെക്കുറിച്ചും ഈ സോഷ്യൽ ഡ്രാമ സംസാരിക്കുന്നു. ഇതേക്കുറിച്ച് സംസാരിക്കുയാണ് നടി ദിവ്യ ദത്തയിപ്പോൾ.
ചിരയ്യ എന്നത് സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ഷോ മാത്രമായല്ല താൻ കാണുന്നതെന്ന് ദിവ്യ തുടക്കത്തിലേ വ്യക്തമാക്കുന്നു. "ഇത്തരമൊരു പ്രമേയമാകുമ്പോൾ ഇത് സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് തോന്നാം. എന്നാൽ ജീവിതത്തിലെ എല്ലാ രസങ്ങളും അതിൽ ചേർത്ത രീതിയും പുരുഷ കഥാപാത്രങ്ങളും ഇതിനെ എല്ലാവർക്കും കാണാൻ കഴിയുന്ന ഒന്നാക്കി മാറ്റുന്നു," ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ അവർ പറഞ്ഞു.
ദിവ്യ നിധി ശർമ്മയാണ് ചിരയ്യയുടെ രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. "ഇങ്ങനെയൊരു ഷോ ഒരു പുരുഷൻ എഴുതി എന്നത് അത്ഭുതകരമാണ്," ദിവ്യ ചൂണ്ടിക്കാട്ടി. ഈ കഥയിലേക്ക് തന്നെ ആകർഷിച്ചത് ഇതിന്റെ സന്ദേശം മാത്രമല്ല, അത് പറയുന്ന രീതിയുമാണെന്ന് ദേശീയ അവാർഡ് ജേതാവുകൂടിയായ താരം പറയുന്നു. "പ്രസംഗങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലാതെ പറയേണ്ട രീതിയിൽ തന്നെ പറയേണ്ട ഒരു കഥയാണിത്. ഇത് ആർക്കും തങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന (Relatable) ഒന്നാണ്, ഏത് സ്ത്രീയുടെയും കഥയാകാം," അവർ കൂട്ടിച്ചേർത്തു.
ചിരയ്യയിൽ ഒരു ചെറിയ പട്ടണത്തിലെ വീട്ടമ്മയായ 'കമലേഷ്' എന്ന കഥാപാത്രത്തെയാണ് ദിവ്യ അവതരിപ്പിക്കുന്നത്. തന്റെ നാത്തൂൻ വിവാഹജീവിതത്തിലെ പീഡനങ്ങളെക്കുറിച്ച് തുറന്നുപറയുമ്പോൾ സ്വന്തം കുടുംബത്തിനെതിരെ നിൽക്കേണ്ടി വരുന്നവളാണ് കമലേഷ്. വിവാഹത്തിനുള്ളിലെ 'സമ്മതത്തിന്റെ' (consent) ആവശ്യകതയെക്കുറിച്ച് തുടക്കത്തിൽ ധാരണയില്ലാത്ത ഒരാളായാണ് കമലേഷ് വരുന്നത്.
തന്റെ വ്യക്തിപരമായ ചിന്തകളിൽ നിന്ന് തികച്ചും വിഭിന്നമാണ് ഈ കഥാപാത്രമെന്ന് ദിവ്യ സമ്മതിക്കുന്നു. ഇത്തരം സെൻസിറ്റീവ് വിഷയങ്ങൾ സംസാരിക്കുന്ന കഥകൾ, കുടുംബത്തോടൊപ്പം കാണാൻ പറ്റിയതല്ല എന്നൊരു പൊതുധാരണയുണ്ട്. ലൈംഗികതയെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും പരസ്യമായി സംസാരിക്കാത്ത ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച്. എന്നാൽ അതുകൊണ്ട് തന്നെയാണ് ചിരയ്യ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് കാണേണ്ടതെന്ന് ദിവ്യ പറയുന്നു.
സഞ്ജയ് മിശ്ര, പ്രസന്ന ബിഷ്ട്, സിദ്ധാർത്ഥ് ഷാ, ഫൈസൽ റഷീദ്, ടിന്നു ആനന്ദ്, സരിത ജോഷി എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
ആറ് എപ്പിസോഡുകളുള്ള ഈ സീരീസ്, ശശാന്ത് ഷായാണ് സംവിധാനം ചെയ്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Highlights the critical social issue of marital rape and the importance of consent., Divya Dutta portrays the role of Kamalesh, a housewife navigating complex family dynamics., The series is noted for being written by a male creator, Divya Nidhi Sharma, offering a unique perspective., Emphasizes that the series is a must-watch for families to spark essential conversations., Directed by Shashant Shah, featuring an ensemble cast including Sanjay Mishra.