'വീഡിയോ വിൽക്കാൻ നടക്കുന്നു, നിങ്ങൾക്ക് നാണമില്ലേ' എന്ന് സണ്ണി ഡിയോൾ; ഒടുവിൽ കേസും

മുംബൈ പാപ്പരാസികൾക്കെതിരെ കേസുകൊടുത്ത് ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ ഡയറക്ടേഴ്‌സ് അസോസിയേഷൻ. ധർമേന്ദ്രയുടെ ആരോഗ്യപ്രശ്‌നങ്ങൾക്കിടെ പാപ്പരാസികളുടെ അതിക്രമകരമായ പെരുമാറ്റത്തെക്കുറിച്ച് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനുപിന്നാലെയാണ് കേസ് കൊടുക്കാൻ സംഘടന തീരുമാനിച്ചത്.
നേരത്തെ പാപ്പരാസികൾക്കെതിരെ നടനും ധർമേന്ദ്രയുടെ മകനുമായ സണ്ണി ഡിയോൾ പൊട്ടിത്തെറിച്ചു. ആസ്പത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയ ധർമേന്ദ്രയുടെ വീടിനുമുന്നിൽ പാപ്പരാസികൾ തമ്പടിച്ചിരുന്നു. ജുഹുവിലെ വീടിനുമുന്നിൽ ധർമേന്ദ്ര കുടുംബത്തിന്റെ ഓരോ നീക്കങ്ങളും, അദ്ദേഹത്തെ കാണാനെത്തുന്നവരുടെ ഫോട്ടോയും എടുക്കാനാണ് അവരവിടെ കാത്തുനിന്നത്. അതിനിടെയാണ് സണ്ണി വന്നത്.
''നിങ്ങൾക്ക് നാണമില്ലേ? നിങ്ങളുടെ വീട്ടിൽ അച്ഛനമ്മമാരും കുട്ടികളുമില്ലേ? എന്നിട്ടും വിടാതെ പിന്തുടർന്ന് വിഡ്ഢികളെപ്പോലെ വീഡിയോ പകർത്തുകയാണോ? വീഡിയോ വിൽക്കാൻ നടക്കുന്നു,'' എന്നാണ് കൈകൂപ്പിക്കൊണ്ട് അദ്ദേഹം ചോദിച്ചത്. പിന്നാലെ പോലീസെത്തി അവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. തിരക്കേറിയ പാതയിൽ ഗതാഗതം പോലും സ്തംഭിപ്പിക്കുന്ന രീതിയിലായിരുന്നു പാപ്പരാസികൾ അവിടെ കൂടിനിന്നത്. ഇത് മറ്റു കുടുംബങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായി പരാതിയുണ്ടായിരുന്നു.
സിനിമയിലെ പല പ്രമുഖരും ഇതിനെതിരെ രംഗത്തുവന്നിരുന്നു. ''ഒരു ധാർമ്മികതയും അവശേഷിക്കുന്നില്ല. ഈ സാഹചര്യം അസ്വസ്ഥമാക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്. ധാർമ്മികതയില്ല, ഉത്തരവാദിത്തബോധവുമില്ല. വെറും വ്യക്തിപരമായ നേട്ടത്തിനായുള്ള ഒരു മാർഗം'', എന്നാണ് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചത്.
ആസ്പത്രിയിൽനിന്ന് ഡിസ്ചാർജ് ആവുന്നതിനുമുമ്പ് ധർമേന്ദ്ര അന്തരിച്ചതായി ചില ഓൺലൈൻ പോർട്ടലുകൾ വാർത്ത കൊടുത്തിരുന്നു. പിന്നാലെ ഭാര്യ ഹേമമാലിനിയും മകൾ ഇഷാ ഡിയോളും ആ വാർത്ത തള്ളിക്കളഞ്ഞു. ആസ്പത്രിക്കുമുന്നിലും പാപ്പരാസികൾ കൂടിനിന്നിരുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ധർമേന്ദ്രയുടെ കുടുംബാംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അത് പാലിക്കാൻ തയ്യാറായില്ല. കുടുംബത്തിന്റെ ദേഷ്യമാണ് സണ്ണി, പാപ്പരാസികൾക്കുനേരെ കാണിച്ചതെന്നറിയുന്നു.
കുറച്ചുദിവസം മുമ്പ് ഗർഭിണിയായ കത്രീന കൈഫിന്റെ ഫോട്ടോ ഒരു ഓൺലൈൻ പോർട്ടലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവരുടെ വീടിന്റെ ബാൽക്കണിയിൽനിന്നുള്ള ഫോട്ടോയായിരുന്നുവത്. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കി. പാപ്പരാസികളുടെ ധാർമികതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടങ്ങിയതും ഈ സംഭവത്തോടെയാണ്.
നടി സൊനാക്ഷി സിൻഹ രോഷാകുലയായി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ''എന്താണ് നിങ്ങളുടെ പ്രശ്‌നം? ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ വീട്ടിൽനിന്നുള്ള ഫോട്ടോയെടുത്ത് പൊതു പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുക. നിങ്ങൾ കുറ്റവാളികളെക്കാൾ കുറഞ്ഞവരല്ല. ലജ്ജാകരം'', എന്നാണ് സൊനാക്ഷി പറഞ്ഞത്.
മുമ്പ് നടി മലൈക അറോറയുടെ പിതാവ് മരിച്ചപ്പോഴും അവർ നിരന്തരം ക്യാമറക്കണ്ണുകളിലായിരുന്നു. മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ പാപ്പരാസികൾ മലൈകയുടെ മാതാപിതാക്കൾ താമസിക്കുന്ന വീടിനുമുന്നിൽ തമ്പടിച്ചു.
മലൈകയും അമൃതയും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ വീട്ടിലേക്ക് കയറുന്നതും ഇറങ്ങുന്നതുമെല്ലാം ഒപ്പിയെടുക്കാനായിരുന്നുവത്. ഒടുവിൽ കൂളിങ് ഗ്ലാസ് വെച്ചും മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചുമൊക്കെയായി അമൃതയും മലൈകയും ഓരോ വട്ടവും വീടിന് പുറത്തേക്കിറങ്ങിയത്. എന്നിട്ടും അവരുടെ കണ്ണുകളിലേക്കും മുഖത്തേക്കും ക്യാമറകൾ ഫോക്കസ് ചെയ്തുകൊണ്ടേയിരുന്നു.
അഭിനേതാവും ബിഗ് ബോസ് ജേതാവുമായിരുന്ന സിദ്ധാർഥ് ശുക്ലയുടെ മരണസമയത്തെ പാപ്പരാസികളുടെ പെരുമാറ്റവും വളരെ മോശമായിരുന്നു. സിദ്ധാർഥ് മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ അടുത്തസുഹൃത്തായ ഷെനഹാസ് ഗിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവസാനമായി കാണാനെത്തിയത്. പാപ്പരാസികളുടെ ആധിക്യം മൂലം അവർക്ക് അകത്തേക്ക് കടക്കാൻ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Sunny Deol confronts paparazzi over intrusive behavior towards Dharmendra. Indian Film & TV Directors Association files a case. Learn more about the incident and celebrity privacy concerns