മുകേഷ് അംബാനിയുടെ ആന്റ്‌ലിയ, ബിഗ് ബിയുടെ ജല്‍സ, ഷാരൂഖ് ഖാന്റെ മന്നത്ത്...താരവീടുകളിലെ വിശേഷങ്ങള്‍

മുകേഷ് അംബാനിയുടെ ആന്റ്‌ലിയ, ഈ ദിവസങ്ങളിലെല്ലാം ലോകശ്രദ്ധ നേടിയ വീടാണ്. അനന്ത് അംബാനി-രാധിക മെര്‍ച്ചെന്റ് ജോഡിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള മിക്ക ചടങ്ങുകളും ഇവിടെ വെച്ചായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യവസതികളിലൊന്നാണിത്. മുംബൈയിലുള്ള ഈ വീട് 27 നിലകളിലായിട്ടാണ് ഒരുക്കിയിട്ടുള്ളത്. ആറുവര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാബിലോണിലെ ഹാങ്ങിങ് ഗാര്‍ഡന്റെ മാതൃകയിലാണിത്.
ചിക്കാഗോയില്‍നിന്നുള്ള ആര്‍ക്കിടെക്ടുകളാണ് ഈ വീട് നിര്‍മിച്ചത്. ഓരോ നിലകളും വ്യത്യസ്തവുമാണ്. അതില്‍ ഉപയോഗിച്ചിരിക്കുന്ന നിര്‍മാണവസ്തുക്കളിലും ഡിസൈനിലുമടക്കം ഈ വ്യത്യാസം കാണാം.
റിക്ടര്‍ സ്‌കെയിലില്‍ എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ ചെറുക്കാനുള്ള കരുത്തും ഈ വീടിനുണ്ടെന്നാണ് പറയപ്പെടുന്നത്. ഓരോ നിലകളിലേക്കുമായി ഒമ്പത് എലിവേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, യോഗ സ്റ്റുഡിയോ, ഹെല്‍ത്ത് സ്പാ, അമ്പതുപേരെ ഉള്‍ക്കൊള്ളാവുന്ന ഒരു ചെറിയ സിനിമാ തിയേറ്റര്‍, മൂന്ന് ഹെലിപ്പാഡുകള്‍...ആന്റ്‌ലിയയിലെ അദ്ഭുതങ്ങള്‍ തീരുന്നില്ല. വീട്ടിലെ സ്‌നോറൂമാണ് മറ്റൊരു പ്രത്യേകത. കൊടുംചൂടിനെ പ്രതിരോധിക്കാനാണിത്.
ആറുനിലകളിലായുള്ള കാര്‍ പാര്‍ക്കിങ്ങില്‍, 168 കാറുകള്‍ വരെ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ പറ്റും. ഏഴാം നിലയില്‍ കാര്‍ സര്‍വീസ് സ്റ്റേഷനും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
രണ്ടുനിലകളിലായിട്ടാണ് ജിം, സ്വിമ്മിങ് പൂള്‍ എന്നിവയുള്ളത്. അതിനുമുകളിലുള്ള രണ്ടുനിലകളില്‍ അതിഥികള്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിരിക്കുന്നു. ഒമ്പതാം നിലയാണ് റെഫ്യൂജി ഫ്‌ളോര്‍. അടിയന്തരഘട്ടങ്ങളില്‍ അഭയം പ്രാപിക്കാനാണിത്. നാലുനിലകളിലാണ് അംബാനി കുടുംബം താമസിക്കുന്നത്. മൂന്ന് നിലകളിലായി മെയിന്റനന്‍സ്, കണ്‍ട്രോള്‍ റൂം എന്നിവയാണ്. ഏറ്റവും മുകളില്‍ ഹെലിപ്പാഡും.
ബിഗ് ബിയുടെ പ്രിയപ്പെട്ട ജല്‍സ
മുംബൈ ജുഹുവില്‍ മാത്രം അമിതാഭ് ബച്ചന് അഞ്ച് അഞ്ച് ആഡംബരവസതികളാണുള്ളത്. ബച്ചന്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പവും പിന്നീട് ഭാര്യയും അഭിനേത്രിയുമായ ജയയ്‌ക്കൊപ്പവും താമസിച്ചിരുന്നത് പ്രതീക്ഷ എന്ന വീട്ടിലാണ്. ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ വിവാഹം നടന്നതും പ്രതീക്ഷയിലാണ്. മാതാപിതാക്കളുടെ മരണശേഷം അതിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറി. അതാണ് ജല്‍സ.
സട്ടേ പെ സട്ട എന്ന സിനിമയുടെ വിജയത്തിനുശേഷം സംവിധായകനും നിര്‍മാതാവുമായ രമേഷ് സിപ്പി, ബിഗ് ബിക്ക് സമ്മാനമായി കൊടുത്തതാണ് ജല്‍സയെന്നും പറയപ്പെടുന്നു. ആദ്യം മെഹബൂബ് എന്നായിരുന്നു പേര്. പിന്നീട് മാന്‍സ എന്ന് ഹരിവംശരായ് ബച്ചന്‍ പേരുമാറ്റി. പിന്നീട് വാസ്തുവിശ്വാസപ്രകാരമാണ് ജല്‍സ എന്നിട്ടത്.
പതിനായിരം ചതുരശ്രമീറ്ററിലായി ജല്‍സ പരന്നുകിടക്കുന്നു. കുറേ ലിവിങ് റൂമുകള്‍, പേഴ്‌സണല്‍ ജിം, ക്ഷേത്രം എന്നിവയാണ് ഈ വീടിന്റെ പ്രത്യേകതകള്‍. മിക്കവാറും എല്ലാ ഞായറാഴ്ചകളിലും ബിഗ് ബി ആരാധകരെ കാണാനായി ജല്‍സയുടെ പുറത്തേക്ക് വരാറുണ്ട്.
എസ്.ആര്‍.കെയും മന്നത്തും
ഷാരൂഖ് ഖാന് വേറെയും വീടുകളുണ്ടെങ്കിലും, ആളുകള്‍ക്ക് ഏറ്റവും പരിചിതം മന്നത്താണ്. ഷാരൂഖ് ഖാന്‍ തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ച് വാങ്ങിയ വീടാണ് മന്നത്ത്. മുംബൈയിലെ ഏറ്റവും ആഡംബരമേഖലയായ ബാന്ദ്രയിലാണിത്. മന്നത്ത് വാങ്ങിയതോടെ തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നിരുന്നുവെന്ന് ഷാരൂഖ് നേരത്തെ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ്ങിന് കൊടുക്കാന്‍ പണമില്ലാത്തതുകൊണ്ട്, ഷാരൂഖിന്റെ ഭാര്യ ഗൗരി തന്നെ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.
ആറുനിലകളിലായിട്ടാണ് വീടുള്ളത്. ഒന്നില്‍ കൂടുതല്‍ ലിവിങ് ഏരിയ, കുട്ടികള്‍ക്കായുള്ള പ്ലേ റൂം, ജിംനേഷ്യം, ലൈബ്രറി, പേഴ്‌സണല്‍ ഓഡിറ്റോറിയം, തിയേറ്റര്‍, സ്വകാര്യ ബാര്‍, എലിവേറ്ററുകള്‍...ഇങ്ങനെ ഒട്ടനവധി സൗകര്യങ്ങളുമുണ്ട് ഈ വീട്ടില്‍. ലോകത്തെമ്പാടുമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്കളും കൊണ്ട് വീടിനകം അലങ്കരിച്ചിരിക്കുകയാണ്.
വീടിന്റെ നെയിംപ്ലേറ്റ് പോലും വ്യത്യസ്തമാണ്. ഗ്ലാസ് ക്രിസ്റ്റലുകള്‍ ഉപയോഗിച്ചുള്ള മെറ്റീരിയലാണ് നെയിംപ്ലേറ്റിനായി തിരഞ്ഞെടുത്തത്. വജ്രവും പതിപ്പിച്ചിട്ടുണ്ട്. ഇതിനുമാത്രമുള്ള ചെലവ് ഏകദേശം 25 ലക്ഷം രൂപയാണ്.
ഈ വീടിനുമുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടത്തെ കാണാം. ഷാരൂഖ് ഖാനെ ഒരു നോക്കുകാണാനായി കാത്തുനില്‍ക്കുന്നവര്‍. വിശേഷദിവസങ്ങളില്‍ ഷാരൂഖ് വീടിന്റെ ടെറസില്‍ വന്ന് ആരാധകരെ കാണാറുണ്ട്. മഴക്കാലത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വീടുമുഴുവന്‍ മൂടും.
ശത്രുഘ്‌നന്‍ സിന്‍ഹയുടെ രാമായണ്‍ എന്ന വീട് വാര്‍ത്തകളിലിടം പിടിച്ചത്, സൊനാക്ഷി സിന്‍ഹയുടെ വിവാഹസമയത്താണ്. റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും താമസിക്കുന്നത് പാലി ഹില്ലിലെ വാസ്തു എന്ന വീട്ടിലാണ്. അവര്‍ വിവാഹിതരായതും അവിടെവെച്ചുതന്നെ. പന്ത്രണ്ട് നിലകളിലായുള്ള ഈ വീട്ടില്‍നിന്ന് മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് താരജോഡികള്‍. മകള്‍ റാഹ കപൂറിന്റെ പേരില്‍ വാങ്ങുന്ന ഈ അപ്പാര്‍ട്ട്‌മെന്റിന്റെ വില 250 കോടി രൂപയാണ്.
Content Highlights: celebrity homes