'ഡൽഹി നിവാസികൾ തെരുവുനായ്ക്കളെ ദത്തെടുക്കണം', 'ഇത് എല്ലാ നായ്ക്കൾക്കുമുള്ള മരണവാറണ്ടാണ്'-സെലിബ്രിറ്റികൾ

ഡൽഹി-എൻസിആറിലെ എല്ലാ തെരുവുനായ്ക്കളെയും ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരേ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാരംഗത്തെ പ്രമുഖർ. ജാൻവി കപൂർ, വരുൺ ധവാൻ, ചിന്മയി ശ്രീപാദ, വരുൺ ഗ്രോവർ, വീർ ദാസ് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിഷേധമറിയിച്ചത്.
'പ്രശ്നങ്ങളുണ്ട്, എങ്കിലും, ഒരു കൂട്ടം മൃഗങ്ങളെ മുഴുവൻ കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. അവരിതിനെ ശല്യം എന്ന് വിളിക്കുന്നു. ഞങ്ങൾ ഇതിനെ ഹൃദയമിടിപ്പ് എന്ന് വിളിക്കുന്നു. കൂട്ടിലടച്ചാൽ സൂര്യപ്രകാശമില്ല. സ്വാതന്ത്ര്യമില്ല. എല്ലാ ദിവസവും രാവിലെ അവർ അഭിവാദ്യം ചെയ്യുന്ന പരിചിതമായ മുഖങ്ങളില്ല.'- ഈ കുറിപ്പാണ് ജാൻവിയും വരുണും ഇൻസ്റ്റയിൽ റീഷെയർ ചെയ്തത്.
എല്ലാ നായ്ക്കൾക്കുമുള്ള മരണവാറണ്ടായാണ് ഞാൻ ഇതിനെ കാണുന്നതെന്ന് ഗായിക ചിന്മയി എക്സിൽ കുറിച്ചു. സാധിക്കുന്നത്ര പ്രജനനം നടത്തിയ ശേഷം ആളുകൾ ഹസ്കികളെയും ലാബുകളെയും ജർമ്മൻ ഷെപ്പേർഡുകളെയും ഉപേക്ഷിക്കുന്ന രീതിയാണ് ഇന്ത്യയിൽ. ഷെൽട്ടറുകളെത്രയെന്നും ചിന്മയി ചോദിക്കുന്നു. തെരുവുകളിലെങ്കിലും ഈ പാവം മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകുന്ന ചില സഹാനുഭൂതിയുള്ള മനുഷ്യരുണ്ട്, അവിടെയാരാണ് ഉണ്ടാവുക എന്നാണ് സിദ്ധാർഥ് ആനന്ദിന്റെ ചോദ്യം. ഒരു മരണവാറണ്ടിലാണ് സുപ്രീം കോടതി ഒപ്പുവെച്ചതെന്നും ഈ വംശഹത്യ തടയണമെന്നും അദ്ദേഹം പറയുന്നു.
നിർബന്ധിത പട്ടിണിയല്ല ഇവിടെ പരിഹാരമെന്ന് ഗാനരചയിതാവും സ്റ്റാൻഡ്-അപ്പ് കൊമേഡിയനുമായ വരുൺ ഗ്രോവർ പറഞ്ഞു. തെരുവുനായ്ക്കളുടെ പ്രശ്നം യഥാർഥമാണ്. നായ്ക്കളെ സ്നേഹിക്കുന്നവരല്ല, വെറുക്കുന്നവരാണ് ഈ പ്രശ്നം സൃഷ്ടിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പേവിഷബാധ കേസുകൾ സിസ്റ്റത്തിൻ്റെ വലിയ പരാജയമാണ്, മൃഗങ്ങളെ നിർബന്ധിത പട്ടിണിക്കിടുന്നതോ മാനസികമായി പീഡിപ്പിക്കുന്നതോ ഇതിന് പരിഹാരമാകില്ല. മാനുഷികമായ പരിഹാരങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടനും കൊമേഡിയനുമായ വീർ ദാസ്, കുറച്ച് വർഷങ്ങൾക്ക് മുൻപ് തെരുവിൽ നിന്ന് ദത്തെടുത്ത തൻ്റെ വളർത്തുമൃഗങ്ങളുടെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചു. ഡൽഹി നിവാസികളോട് ഒന്നിലധികം നായ്ക്കളെ ദത്തെടുക്കാൻ അദ്ദേഹം ആളുകളോട് അഭ്യർഥിക്കുകയും ചെയ്തു.
സുപ്രീം കോടതി ഉത്തരവ്
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്, എൻസിടി ഡൽഹി, ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ എല്ലാ പ്രദേശങ്ങളും തെരുവുനായ മുക്തമാക്കണമെന്നാണ് ഉത്തരവിട്ടത്. പിടികൂടുന്ന മൃഗങ്ങളെ തെരുവിലേക്ക് തിരികെ വിടില്ലെന്നും കോടതി പറഞ്ഞിരുന്നു. തടസ്സംനിൽക്കുന്ന വ്യക്തിക്കോ സംഘടനയ്‌ക്കോ എതിരെ കോടതിയലക്ഷ്യ നടപടികൾക്കും ഉത്തരവിട്ടു. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനും ആവശ്യമായ ജീവനക്കാരുള്ള ഷെൽട്ടറുകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളോടും മുനിസിപ്പൽ അധികാരികളോടും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Janhvi Kapoor, Varun Dhawan, and other celebrities criticize the Supreme Court`s order to relocate all stray dogs in Delhi-NCR to shelters, calling it a `death sentence.`