'മദ്യപിച്ച് പാടിയതിലേറെയും ഹിറ്റുകൾ; ഞാനാ ഫുട്‌ബോളറെ പോലെ', ഒരിക്കൽ സുബീൻ ഗാർഗ് പറഞ്ഞു

ഒരൊറ്റ പാട്ടിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ചയാളായിരുന്നു ഇക്കഴിഞ്ഞ ദിവസം മരിച്ച സുബീൻ ഗാർഗ്. കന്നഡ, തെലുഗു, തമിഴ്, സംസ്‌കൃതം, മറാത്തി, നേപ്പാളി, ബിഷ്ണുപ്രിയ മണിപ്പൂരി, ഗോൽപരിയ തുടങ്ങി 40-ഓളം ഭാഷകളിലും ഉപഭാഷകളിലുമായി അദ്ദേഹം പാടിയിട്ടുണ്ട്. അതിനൊപ്പം 12-ലേറെ വാദ്യോപകരണങ്ങൾ മനോഹരമായി കൈകാര്യം ചെയ്യാനറിയുന്നയാൾ. ഒട്ടേറെ മ്യൂസിക് ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തു.
പക്ഷേ അസമിൽനിന്നുള്ള സുബീന്റെ കരിയറിൽ വഴിത്തിരിവായത് ആ പാട്ടാണ്. 2006-ൽ പുറത്തിറങ്ങിയ 'ഗ്യാങ്സ്റ്റർ' എന്ന സിനിമയിലെ 'യാ അലി' എന്ന പാട്ട്. കങ്കണ റണൗട്ട്, ഷൈനി അഹൂജ, ഇമ്രാൻ ഹാഷ്മി എന്നിവർ അഭിനയിച്ച സിനിമയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് 'യാ അലി' എന്ന പാട്ടായിരുന്നു. ആ പാട്ടുസീനിൽ സുബീൻ അഭിനയിക്കുകയും ചെയ്തു.
അതിനെക്കുറിച്ച് പിന്നീട് അദ്ദേഹം പറഞ്ഞതിങ്ങനെ, ''യാ അലി പോലുള്ള പാട്ടുകൾ പത്തുവർഷത്തിലൊരിക്കൽ സംഭവിക്കുന്നതാണ്. ചിലപ്പോഴത് ജീവിതകാലത്തിലൊരിക്കൽ മാത്രം സംഭവിക്കുന്നതും. അതൊരു വഴിത്തിരിവായിരുന്നു എനിക്ക്''.
സിനിമയിലെ 'തൂ ഹി മേരി സബ് ഹേ' എന്ന പാട്ട് ആദ്യം പാടിയത് സുബീൻ തന്നെയായിരുന്നു. പക്ഷേ പിന്നീട് കെ.കെ.യുടെ ശബ്ദത്തിലാണ് പാട്ട് പുറത്തിറങ്ങിയത്. പിന്നാലെ 'കൃഷ് 3'യിലെ 'ദിൽ തൂ ഹി ബതാ' എന്ന പാട്ടും സുബീന്റെ പ്രശസ്തി കൂട്ടി. അതിനൊപ്പം പല വേദികളിലൂടെയും അദ്ദേഹത്തിന്റെ സംഗീതം ആളുകളിലേക്കെത്തി.
മദ്യപിച്ചായിരുന്നു പലപ്പോഴും വേദികളിൽ അദ്ദേഹം പാടാനെത്തിയിരുന്നത്. മദ്യപിച്ച് വേദിയിൽ പ്രകടനം നടത്തുന്നൊരു വീഡിയോ വൈറലായപ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യങ്ങളും സുബീന് നേരിടേണ്ടിവന്നു. അപ്പോൾ സുബീൻ നൽകിയ മറുപടിയിങ്ങനെ
''മദ്യപാനം എന്നെ രോഗിയാക്കിയിരുന്നു. 22 വയസ്സുള്ളപ്പോഴാണ് ആദ്യമായി മദ്യപിക്കുന്നത്. പിന്നീടങ്ങോട്ട് ശീലമായി. ഞാൻ നിർമിച്ച ഹിറ്റ്പാട്ടുകളിലേറെയും മദ്യപിച്ച് പാടിയവയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാലം ചെലവഴിച്ച ജോർജ് ബെസ്റ്റ് എന്ന ഫുട്‌ബോളറെ പോലെയാണ് ഞാൻ. മദ്യപിച്ചാണ് അദ്ദേഹം തന്റെ ഗോളുകളിലേറെയും നേടിയത്. അതാണ് എന്റെ കാര്യവും. മദ്യപാനം നല്ലതല്ലെന്ന് അറിയാം. അതിൽനിന്ന് വിമുക്തി നേടാൻ ശ്രമിക്കുന്നുമുണ്ട്''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Zubin Garg, known for his hit song `Ya Ali`, passed away recently. Learn about his musical journey, multilingual talents, and battles with addiction