48-ലും യുവത്വം, മത്തൻ വിത്തുകൾ ആരോഗ്യ രഹസ്യം, പോസിറ്റീവ് സെൽഫ്-ടോക്കും ബോഡി സ്കാനും; കാതറിൻ പിയേഴ്സ്

അമേരിക്കൻ പോപ്പ്-റോക്ക് സംഗീതകൂട്ടായ്മയായ 'ദി പിയേഴ്സസി'ലെ അംഗമായ ഗായിക കാതറിൻ പിയേഴ്സ്, എന്നറിയപ്പെടുന്ന ക്യാറ്റ് പിയേഴ്സ് ഏറെ ആരാധകരുള്ള താരമാണ്. 48-ാം വയസ്സിലും തന്റെ പ്രായം കുറഞ്ഞിരിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യങ്ങളും ദിനചര്യകളും ക്യാറ്റ് അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു. പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം, സ്ഥിരമായ ചർമ്മസംരക്ഷണം, മാനസികാരോഗ്യത്തിനുള്ള പരിശീലനങ്ങൾ, ശ്രദ്ധയോടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ തിരഞ്ഞെടുപ്പ് എന്നിവ അടങ്ങിയ ക്യാറ്റിന്റെ ദിനചര്യയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ക്യാറ്റിന്റെ ഭക്ഷണ രഹസ്യങ്ങൾ
48-കാരിയായ ക്യാറ്റ് എല്ലാ ദിവസവും മത്തൻവിത്ത് കഴിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള നിർദ്ദേശങ്ങളും തന്റെ ചർമ്മസംരക്ഷണ ദിനചര്യയും ക്യാറ്റ് വിശദീകരിച്ചു.
‘ഞാൻ ദിവസേന മത്തൻ വിത്ത് കഴിക്കാറുണ്ട്. ഇത് ചർമ്മത്തിനും, മുടിക്കും, ഹോർമോണുകൾക്കും വളരെ നല്ലതാണ്, ഒപ്പം രുചികരവുമാണ്. വാൾനട്ടും അതുപോലെത്തന്നെ. മുടി, ചർമ്മം എന്നിവയ്ക്ക് മികച്ചതാണ്. എല്ലാ ദിവസവും രാവിലെ ഞാൻ ഉണക്കമുന്തിരി കഴിക്കാറുണ്ട്. ദിവസവും ഇവ രണ്ടോ മൂന്നോ കഴിക്കുക. നിങ്ങൾ കഴിക്കുന്ന എല്ലാത്തിലും ഒലിവ് ഓയിൽ ചേർക്കുക. ഇത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് തുടിപ്പ് നൽകുന്നു.’
മാനസികപിരിമുറുക്കം ഒഴിവാക്കാൻ പോസിറ്റീവ് സെൽഫ്-ടോക്ക് പരിശീലിക്കാനും ബോഡി സ്കാനുകൾ നടത്താനും ഉപദേശിച്ചുകൊണ്ട് മാനസികാരോഗ്യത്തിനുള്ള വഴികളെക്കുറിച്ചും ക്യാറ്റ് സംസാരിച്ചു. ‘ചെടികളോട് സംസാരിച്ചാൽ അവ നന്നായി വളരുമെന്ന് പറയാറില്ലേ? നിങ്ങളുടെ ശരീരത്തിന്റെ കാര്യവും അതുപോലെയാണ്. അയ്യോ, എനിക്ക് പ്രായമായി തോന്നുന്നു. ഞാൻ ക്ഷീണിച്ചു. എന്റെ സൗന്ദര്യം നഷ്ടപ്പെടുന്നു എന്ന് പറയുന്നതിന് പകരം, എനിക്ക് കുറച്ചുകൂടി പോഷണം വേണം. കൂടുതൽ സ്നേഹം വേണം. എനിക്ക് ഉറക്കം വേണം എന്ന് പറയുക. സ്വയം സ്നേഹിക്കുക. നിങ്ങളോട് ദയയോടെ സംസാരിക്കുക. ഇത് നിങ്ങളുടെ രൂപത്തെയും ഭാവത്തെയും മാറ്റിമറിക്കും. ഓഡിയോ ബുക്കുകൾ എപ്പോഴും എന്റെ കാതുകളിലുണ്ടാകും. വൃത്തിയാക്കുമ്പോഴും നടക്കുമ്പോഴും ഞാൻ പഠിക്കുകയാണ്, വളരുകയാണ്. നിങ്ങൾ ബോട്ടോക്സ് ചെയ്യാൻ പോകുകയാണെങ്കിൽ, അത് വളരെ കുറച്ചുമാത്രം ചെയ്യുക. ഇത് അമിതമായി ചെയ്യുന്ന സ്ത്രീകൾക്ക് മിനുസമുള്ള ചർമ്മം ലഭിക്കുമെങ്കിലും, അവർക്ക് യുവത്വം തോന്നില്ല. ഈ പ്രായത്തിലും എന്റെ ചുണ്ടുകളുടെ നിറം നിലനിൽക്കാൻ കാരണം, എന്റെ ചുണ്ടുകളിൽ എപ്പോഴും പ്രകൃതിദത്തമായ ബാം പുരട്ടാറുണ്ട്.’
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Cat Pierce`s tips for looking younger at 48, learn about her nutrient-rich diet, skincare routine, mental wellness practices, and beauty choices.