അല്ലു അർജുനെ നേരിട്ടുകാണാൻ 42 ഉപാധികൾ; വിശദീകരണവുമായി കാവേരി ബറുവ രംഗത്ത്

അല്ലു അർജുൻ / PTI
അല്ലു അർജുൻ / PTI

കുറച്ചുദിവസങ്ങൾക്കുമുമ്പാണ് നടൻ അല്ലു അർജുനെതിരെ ചില ആരോപണങ്ങളുമായി ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവ രംഗത്തെത്തിയത്. അല്ലു അർജുനെ നേരിട്ട് കാണുന്നതിനായി 42 ഉപാധികളുണ്ടെന്നായിരുന്നു കാവേരി ബറുവയുടെ വെളിപ്പെടുത്തൽ. അതിനെക്കുറിച്ചുള്ള രേഖകൾ തന്റെ കൈയിലുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്റെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാവേരി. പരസ്യമായി പങ്കുവെച്ചൊരു തുറന്ന കത്തിലാണ്, തന്റെ പരാമർശങ്ങൾ തെറ്റായിരുന്നുവെന്നും അത്തരമൊരു രേഖ തനിക്ക് കിട്ടിയിട്ടില്ലെന്നും കാവേരി തുറന്നുസമ്മതിച്ചത്.

''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എന്റെ പോഡ്കാസ്റ്റിന്റെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ആ സംഭാഷണത്തിനിടയിൽ, ഒരു മീറ്റിങ്ങിന് മുമ്പ് നടൻ അല്ലു അർജുനുമായി ബന്ധപ്പെട്ടതായുള്ള 'ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ' സംബന്ധിച്ച് ഞാൻ ചില പ്രസ്താവനകൾ നടത്തി. ആലോചിച്ചപ്പോൾ, ഈ പ്രസ്താവനകൾ തെറ്റാണെന്നും പരിശോധിച്ചുറപ്പിച്ച ഏതെങ്കിലും രേഖയെയോ വസ്തുതാപരമായ കാര്യങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, '42 ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ' അടങ്ങിയ ഒരു രേഖയും മിസ്റ്റർ അല്ലു അർജുനോ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരെങ്കിലുമോ എനിക്ക് നൽകിയിട്ടില്ല. എന്റെ പരാമർശങ്ങൾ സംഭാഷണത്തിനിടയിലാണ് നടത്തിയത്, അവ വസ്തുതാപരമായ പ്രസ്താവനകളായി അവതരിപ്പിക്കാൻ പാടില്ലായിരുന്നു''. ഇതാണ് കാവേരി തന്റെ കത്തിലൂടെ അറിയിച്ചത്.

നേരത്തെ അല്ലുവിനെ കാണുമ്പോൾ ശ്രദ്ധിക്കേണ്ട 42 കാര്യങ്ങളുണ്ടെന്നായിരുന്നു കാവേരിയുടെ വാദം. എന്തൊക്കെ ചെയ്യരുത്, ചെയ്യണം എന്നത് അല്ലുവിന്റെ ടീം രേഖപ്പെടുത്തിയിട്ടുണ്ടാവുമെന്നും അവർ പറഞ്ഞിരുന്നു. താരത്തിന്റെ കണ്ണിൽ നോക്കരുത്, ഹസ്തദാനം ചെയ്യരുത്, താരത്തിൽനിന്ന് മൂന്നടി മാറിനിൽക്കണം, സർ അല്ലെങ്കിൽ ഐക്കൺ സ്റ്റാർ എന്ന ടൈറ്റിൽ ഉപയോഗിക്കണം, ന്യൂട്രൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കണം, ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങളും മറ്റും ഒഴിവാക്കണം തുടങ്ങിയവയായിരുന്നു അവയിൽ ചിലത്.

പിന്നാലെ അല്ലു അർജുന്റെ ടീം ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ''അല്ലു അർജുനെക്കുറിച്ചുള്ള ഈയിടെ വന്ന ചില കമന്റുകൾ തീർത്തും അസത്യവും അടിസ്ഥാനരഹിതവുമാണ്. തെറ്റായ ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം ആരോപണങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ ഞങ്ങളുടെ അഭിഭാഷകർ മാനനഷ്ടക്കേസുമായി മുന്നോട്ടുപോവുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു'', എന്നാണ് അല്ലുവിന്റെ ടീം വ്യക്തമാക്കിയത്.

അവരുടെ അഭിമുഖം വളരെ പെട്ടെന്ന് വൈറലായി. അഭിമുഖം ചർച്ചയായതോടെ, അതിനെ എതിർത്ത് ആരാധകർ അടക്കമുള്ളവർ രംഗത്തെത്തി. ഒടുവിൽ കാവേരി തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ താത്കാലികമായി നീക്കംചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Brand strategist Kaveri Baruah apologizes and clarifies claims about 42 conditions for meeting Allu Arjun, stating no such document was provided. Learn the truth!