മെഴുകുതിരിയായി മാറുന്ന ബിരിയാണിയും റൈത്തയും; രസകരമായ വീഡിയോ കാണാം

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്ഥിരം കാഴ്ചയാണ് പലതരത്തിലുള്ള കേക്ക് വീഡിയോകള്‍. എന്നാല്‍ ഹൈപ്പര്‍ റിയലിസ്റ്റിക് മെഴുകുതിരികള്‍ നിര്‍മിച്ച് ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുകയാണ് ഒരു മെഴുകുതിരി കലാകാരി. ഇതിനുമുമ്പും ഇത്തരത്തില്‍ നിരവധി ഭക്ഷ്യവസ്തുക്കളെ മെഴുകുതിരിയാക്കി മാറ്റി സോഷ്യല്‍മീഡിയെ ഞെട്ടിച്ച ചരിത്രം ഇവര്‍ക്കുണ്ട്. രണ്ടുവര്‍ഷത്തോളമായി റിയലിസ്റ്റിക് ഫുഡ് കാന്‍ഡില്‍സ് വിപണിയിലെത്തിക്കുകയും അതിന്റെ നിര്‍മാണം പഠിപ്പിക്കുകയും ചെയ്യുന്ന 29 കാരി ദീപ യഷ്വിനിയാണ് ഈ മാജിക്കിനു പിന്നില്‍. വിപണിയില്‍ ആദ്യമായി മെഴുകുതിരി ലഡു പരിചയപ്പെടുത്തിയായിരുന്നു ദീപയുടെ തുടക്കം.
മെഴുകുതിരികള്‍ ഉപയോഗിച്ച് രുചികരമായ റൈത്തയും ബിരിയാണിയും ഉണ്ടാക്കി കാഴ്ചക്കാരുടെ വായില്‍ കപ്പലോട്ടിക്കുകയാണ് ദീപ. houseofdrip എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ഫുഡ്ഡി മെഴുകുതിരി വീഡിയോ ഏകദേശം 7.8 ദശലക്ഷം കാഴ്ചക്കാരെ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്.
കളിമണ്‍ പാത്രത്തില്‍ രണ്ട് തിരികള്‍ വച്ച് ലിക്വിഡ് വൈറ്റ് മെഴുക് ഒഴിച്ച് ബിരിയാണിയാക്കി മാറ്റുന്ന മാജിക്കാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വെളുത്ത മെഴുകിനുമുകളില് പാതി വേവിച്ച മുട്ടയുടെ ആകൃതിയിലുള്ള മെഴുക് രൂപവും അതിനൊപ്പം റിയലിസ്റ്റിക്-ലുക്ക് ചിക്കന്‍ ലെഗ്ഗും വയ്ക്കുന്നതായി കാണാം. ബിരിയാണിയുടെ പ്ലേറ്റിലെന്നപോലെ മഞ്ഞ, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളിലുള്ള മെഴുക് കൊണ്ടുള്ള അരി വിതറുന്നു. ശേഷം വറുത്ത ഉള്ളിയാണെന്ന് തോന്നിപ്പിക്കുന്ന ചെറിയ മെഴുക് കഷണങ്ങള്‍ മുകളില്‍ വിതറുന്നു. മെഴുക് കൊണ്ട് നിര്‍മ്മിച്ച ഒരു പച്ചമുളകും തക്കോലവും വച്ച് രുചികരമായ ബിരിയാണി കാന്‍ഡില്‍ റെഡിയാക്കുന്നു. ഇതിനൊപ്പം സൈഡ് ഡിഷ് എന്നോണം മെഴുകുതിരി കൊണ്ടുണ്ടാക്കിയ രസകരമായ റൈത്തയും. വായില്‍ വെള്ളമൂറുന്ന ബിരിയാണി കാന്‍ഡിലിനെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.
Content Highlights: biriyani candle viral video tempts viewers