സ്മൃതി ഇറാനിക്കൊപ്പം 'കാമിയോ റോളിൽ' ബിൽ ഗേറ്റ്സ്, ഹിന്ദി സീരിയലിൽ അരങ്ങേറ്റം?

ഹിന്ദിയിൽ ഏറെ ജനപ്രീതിയുള്ള പരമ്പരയാണ് ഏക്ത കപൂറിൻ്റെ 'ക്യോംകി സാസ് ഭി കഭി ബഹു ഥി 2'. സ്മൃതി ഇറാനി പ്രധാനവേഷത്തിലെത്തുന്ന പരമ്പരയിൽ ശതകോടീശ്വരൻ ബിൽ ഗേറ്റ്സ് 'കാമിയോ' റോളിലെത്തുന്നുവെന്നും അദ്ദേഹം സീരിയലിൽ 'അരങ്ങേറ്റം' കുറിക്കുന്നുവെന്നുമുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സ്മൃതി ഇറാനിയുടെ കഥാപാത്രമായ തുൾസിക്കൊപ്പമാണ് ബിൽ ഗേറ്റ്സ് സ്ക്രീനിലെത്തുകയെന്നാണ് വിവരം. ഇ ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബിൽ ഗേറ്റ്സും സ്മൃതി ഇറാനിയും (തുൾസി) തമ്മിലുള്ള ഒരു വീഡിയോ കോളാണ് സീരിയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം മൂന്ന് എപ്പിസോഡുകളിലുണ്ടാകും. എന്നാൽ ബിൽ ഗേറ്റ്സ് ഇവിടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്.
ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ബിൽ ഗേറ്റ്സ് ഇവിടെയെത്തുന്നത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഈ വിഷയങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നതിനാൽ, ഈ സഹകരണം സ്വാഭാവികമായി സംഭവിച്ചതാണ്. ഷോ സാമൂഹിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് വേദിയായി ഉപയോഗിക്കാൻ സ്മൃതി താത്പര്യമെടുക്കുകയായിരുന്നത്രേ. അടുത്ത ദിവസങ്ങളിലായി എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യുമെന്നാണ് അറിയുന്നത്.
കഥയിൽ ഒട്ടേറെ സാമൂഹിക സന്ദേശങ്ങൾ ഉൾക്കൊള്ളിക്കാൻ സ്മൃതി ശ്രമിച്ചുവരികയാണ്. പ്രായമാകുന്നതിനെയും ബോഡി ഷെയ്മിങ്ങിനെയും കുറിച്ചുള്ള ചർച്ചകൾ മുതൽ ഗാർഹിക പീഡനത്തെക്കുറിച്ചുള്ള വ്യാജ ആരോപണങ്ങൾ പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ വരെ, തൻ്റെ കഥാപാത്രത്തിലൂടെ അവർ എടുത്തു കാണിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Rumours swirl of Bill Gates making a surprise cameo in Ekta Kapoor`s `Kyunki Saas Bhi Kabhi Bahu Thi 2`, potentially alongside Smriti Irani to promote health awareness.