ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധി, പെന്‍ഷന്‍, ചരിത്രതീരുമാനമെടുത്ത ബെല്‍ജിയം

ഗര്‍ഭാവസ്ഥയില്‍ പോലും തൊഴിലിന് നിര്‍ബന്ധിതരാവുന്ന സ്ത്രീ ലൈംഗികതൊഴിലാളികള്‍ ലോകത്തുടനീളമുണ്ട്. തൊഴിലുടമകളുടെ പീഡനവും അവധി നല്‍കാത്തതുമെല്ലാം ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന രോഗാവസ്ഥകളിലേക്കാണ് പലരെയും എത്തിക്കാറ്. മറ്റെല്ലാ തൊഴിലും ചെയ്യുന്നവരെപ്പോലെ തങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമംകൂടി അതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബെല്‍ജിയത്തിലെ ലൈംഗികതൊഴിലാളികള്‍ സമരം തുടങ്ങിയത് കുറച്ചുകാലം മുമ്പാണ്. ഇപ്പോഴതിന് ഫലം കണ്ടിരിക്കുന്നു.
ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷൂറന്‍സും തൊഴില്‍ നിയമവുമെല്ലാം നടപ്പിലാക്കിക്കൊണ്ട് പുതിയ നിയമനിര്‍മാണം നടത്തിയിരിക്കുകയാണ് ബെല്‍ജിയം. ലോകത്തില്‍ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യരാജ്യമാണ് ബെല്‍ജിയം. ചരിത്രം തിരുത്തിയ ബെല്‍ജിയത്തിന്റെ തീരുമാനത്തെ രാജ്യത്തെ ലൈംഗികതൊഴിലാളികള്‍ സ്വാഗതം ചെയ്തു.
സെക്‌സ് വര്‍ക്കേഴ്‌സിന് ഔദ്യോഗിക തൊഴില്‍ കരാറുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷനുകള്‍, പ്രസവാവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് ഇനി അര്‍ഹതയുണ്ടായിരിക്കും. മറ്റേതൊരു ജോലിയും പോലെ ലൈംഗികതൊഴിലും ഇനി പരിഗണിക്കപ്പെടും. ലൈംഗിക സേവനങ്ങള്‍ നടക്കുന്ന ഓരോ മുറിയിലും ഒരു അലാറം ബട്ടണ്‍ ഉണ്ടായിരിക്കണമെന്നും നിയമം ആവശ്യപ്പെടുന്നുണ്ട്. ലൈംഗിക തൊഴിലാളിക്ക് ഏതെങ്കിലും വിധത്തില്‍ അപകടങ്ങള്‍ നേരിട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനു വേണ്ടിയാണിത്.
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ലൈംഗികത്തൊഴിലാളികളുണ്ട്. 2022-ല്‍ ബെല്‍ജിയത്തില്‍ ലൈംഗികത്തൊഴില്‍ കുറ്റകരമല്ലാതാക്കിയിരുന്നു. ജര്‍മ്മനി, ഗ്രീസ്, നെതര്‍ലാന്‍ഡ്സ്, തുര്‍ക്കി എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലൈംഗികതൊഴില്‍ നിയമപരമാണ്. എന്നാല്‍ തൊഴില്‍ അവകാശങ്ങളും കരാറുകളും സ്ഥാപിച്ചിരിക്കുന്നത് ബെല്‍ജിയത്തില്‍ മാത്രം.
കോവിഡ് കാലത്ത് സര്‍ക്കാരില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നു കാട്ടി മാസങ്ങള്‍ നീണ്ട പ്രതിഷേധം രാജ്യത്തു നടന്നിരുന്നു. ബെല്‍ജിയം യൂണിയന്‍ ഓഫ് സെക്‌സ് വര്‍ക്കേഴ്‌സിന്റെ നേതാവായ വിക്ടോറിയയായിരുന്നു ഇതിനു മുമ്പില്‍. ലൈംഗികതൊഴിലാളികള്‍ സാമൂഹികസേവനമാണ് ചെയ്യുന്നതെന്നും തങ്ങള്‍ ചെയ്യുന്നതില്‍ പത്തുശതമാനം മാത്രമേ ലൈംഗികതയുള്ളൂവെന്നുമാണ് അവര്‍ പറയുന്നത്. ആളുകള്‍ക്ക് ശ്രദ്ധ കൊടുക്കലും, അവരുടെ കഥകള്‍ കേള്‍ക്കലും ഒപ്പം ഭക്ഷണം കഴിക്കലും നൃത്തം ചെയ്യുന്നതുമൊക്കെയാണ് ബാക്കി കാര്യങ്ങള്‍, ആത്യന്തികമായി ഏകാന്തതയകറ്റലാണെന്നും അവര്‍ പറയുന്നു.
ഏജന്‍സികളുടെയും തൊഴിലുടമകളുടെയും ചൂഷണമാണ് ഏറ്റവും വലിയ പ്രതിസന്ധി. കൃത്യമായി പണം നല്‍കാത്തതും ആരോഗ്യസ്ഥിതി മോശമായിരിക്കുമ്പോഴും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതുമെല്ലാം ഇതില്‍ പെടും. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ അവരെ രോഗികളാക്കും, പിന്നീടുള്ള ജീവിതം ഇത് ദുരിതപൂര്‍ണമാക്കുന്നു.
Content Highlights: belgium's sex workers get maternity leave and pensions