‘ഷാരൂഖിന് വളരെയധികം അന്തസ്സുണ്ട്, സൽമാൻ ഒരു മോശം കുട്ടിയാണ്'

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് അർഷാദ് വാർസി. ജോളി എൽഎൽബി 3, ഭഗവത്: ചാപ്റ്റർ വൺ രാക്ഷസ്, മസ്തി 4 തുടങ്ങിയവയാണ് അദ്ദേഹത്തിന്റേതായി ഒടുവിലിറങ്ങിയ ചിത്രങ്ങൾ.
ബോളിവുഡിലെ രണ്ട് ഖാൻമാരെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് അർഷാദ് വാർസി ഇപ്പോൾ. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരെക്കുറിച്ചാണ് അർഷാദ് പറയുന്നത്. ഷാരൂഖ് ഖാനെ പ്രശംസിച്ച അർഷാദ്, നിമിഷങ്ങൾക്കുള്ളിലാണ് ഷാരൂഖിന്റെ പുതിയ സിനിമയായ 'കിങ്ങി'ൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് പറയുന്നു.
''ഷാരൂഖിന് അദ്ദേഹത്തിന്റെ ജോലി അറിയാം. പഴയകാല സ്‌കൂൾ തിയേറ്റർ വൈബ് ഇന്നും അദ്ദേഹത്തിലുണ്ട്. അന്ന് പഠിച്ച ഓരോ വരികളും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഏറ്റവും മാന്യനും ഉദാരമതിയുമായ നടന്മാരിൽ ഒരാളാണ് ഷാരൂഖ്. ഇത് വളരെ മനോഹരമാണ്. അദ്ദേഹം ഒരിക്കലും ശബ്ദം ഉയർത്തുന്നത് ഞാൻ കണ്ടിട്ടില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ 'കിങ്' എന്ന സിനിമയിലേക്ക് ഓഫർ വന്നപ്പോൾ, ഓകെ പറയാൻ നിമിഷങ്ങൾ പോലുമെടുത്തില്ല. സൂപ്പർതാരങ്ങളിൽ അവസാനത്തെയാളാണ് അദ്ദേഹം. അദ്ദേഹത്തെ പൂർണ്ണമായും വിശ്വസിക്കുന്നു. ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അദ്ദേഹത്തിന് വളരെയധികം അന്തസ്സുണ്ട്''.
സൽമാന്റെയും ഷാരൂഖിന്റെയും സ്വഭാവത്തിലെ വ്യത്യാസങ്ങളെക്കുറിച്ചും അർഷാദ് പറയുന്നു. ''സൽമാൻ ഒരു 'ബാഡ് ബോയ്' ആണ്. സുന്ദരനായ 'ബാഡ് ബോയ്'. ഷാരൂഖ് ഒരു മാന്യനാണ്, അൽപം പരിഷ്‌കൃതനും. രണ്ടിലും തെറ്റൊന്നുമില്ല. സൽമാൻ വ്യക്തിപരമായി വ്യത്യസ്തനാണ്, അദ്ദേഹം ഒരുപോലെയല്ല. പൊതുസ്ഥലത്ത് അദ്ദേഹത്തിന്റെ പ്രഭാവലയം കാണാൻ കഴിയും. പക്ഷേ വീട്ടിൽ വളരെ വ്യത്യസ്തനായ വ്യക്തിയാണ്. അദ്ദേഹം ധാരാളം തമാശകൾ പറയും, രസകരമാണ്. സ്വതസിദ്ധമായി, അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും വളരെ തമാശക്കാരാണ്, അവർക്ക് നല്ല നർമ്മബോധമുണ്ട്, ജീവിതം നന്നായി ആസ്വദിക്കുന്നവർ''.
മേനെ പ്യാർ കിയാ എന്ന സിനിമയിലാണ് അർഷാദും സൽമാനും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. കുഛ് മീഠാ ഹോ ജായേ എന്ന സിനിമയിൽ ഷാരൂഖും അർഷാദും ഒരുമിച്ചു. 2026-ലാണ് 'കിങ്' തിയേറ്ററുകളിലെത്തുക. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമയിൽ സുഹാന ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, ജയ്ദീപ് അഹ്ലാവത് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കൂടാതെ ധമാൽ 4, വെൽക്കം ടു ദ ജംഗിൾ തുടങ്ങിയവയാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റുചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Arshad Warsi praises Shah Rukh Khan`s grace and work ethic. He contrasts SRK with Salman Khan, calling him a `beautiful bad boy.`