പൊട്ടിച്ചിരിച്ച് 12 ലക്ഷം രൂപ നേടുന്ന അർച്ചന; ഇതത്ര എളുപ്പമല്ലെന്ന് അവർ

അർച്ചന പൂരൺ സിങ് / AFP
അർച്ചന പൂരൺ സിങ് / AFP

നടിയും അവതാരകയുമാണ് അർച്ചന പൂരൺ സിങ്. ജൽവ, ആഷിക് ആവാരാ, രാജാ ഹിന്ദുസ്ഥാനി, മൊഹബ്ബത്തേൻ, ക്രിഷ് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അവർ. 'കുച്ച് കുച്ച് ഹോതാ ഹെ'യിലെ മിസ് ബ്രഗൻസയാണ് അവരുടെ എന്നും ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന്.

എന്നാൽ, ടിവി പ്രേക്ഷകർക്ക് അവർ പരിചിതയായത് 'ദ കപിൽ ശർമ ഷോ'യിലൂടെയാണ്. ജഡ്ജായിട്ടാണ് പരിപാടിയിലേക്ക് അവരെത്തിയത്. നവ്‌ജ്യോത് സിങ് സിദ്ദുവിന് പകരമായിട്ടാണ് അർച്ചന 'കപിൽ ഷോ'യിലേക്കെത്തുന്നത്. 2019 മുതൽ കപിൽ ഷോയുടെ ഭാഗമാണവർ. ഇപ്പോൾ പരിപാടിയുടെ ഹൈലൈറ്റുകളിലൊന്ന് തന്നെ അർച്ചനയുടെ പൊട്ടിച്ചിരിയാണ്.

റിപ്പോർട്ടുകൾ പ്രകാരം അർച്ചനയ്ക്ക് ഓരോ എപ്പിസോഡിനും ലഭിക്കുന്നത് 12 ലക്ഷം രൂപ വരെയാണ്. അർച്ചനയുടെ പൊട്ടിച്ചിരി കാണാൻ വേണ്ടി മാത്രം പരിപാടിയുടെ സ്ഥിരം പ്രേക്ഷകരുമുണ്ട്.

''നല്ല പ്രതിഫലം കിട്ടുന്ന ജോലിയാണിത്. എന്റെ ജോലിയാണിത്, അതുകൊണ്ട് ഞാൻ പൊട്ടിച്ചിരിക്കുന്നു. എന്നാൽ വെറുതെ പൊട്ടിച്ചിരിച്ച് പണംവാങ്ങുന്നുവെന്ന് ആരോപിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഈ സെറ്റിലേക്ക് വരൂവെന്നാണ്. സെറ്റിൽ തുടർച്ചയായി ഏഴുമണിക്കൂർ സോഫയിലിരുന്ന്, പറയുന്ന ഓരോ കാര്യങ്ങളും കേൾക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുകയെന്നത് ചെറിയ കാര്യമല്ല'', അർച്ചന പറയുന്നു.

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം നവ്‌ജ്യോത് സിങ് സിദ്ദു പരിപാടിയിലേക്ക് തിരിച്ചുവന്നത് ഈയിടെയാണ്. അതോടെ പരിപാടിയിൽ ജഡ്ജുമാരെന്ന പേരിൽ രണ്ടുപേരായി. സിദ്ദുവിന് 40 ലക്ഷം ആണ് പ്രതിഫലമായി ലഭിക്കുക. അർച്ചനയുടെയും സിദ്ദുവിന്റെയും പ്രതിഫലത്തിലെ അന്തരം ചർച്ചയായപ്പോൾ, അർച്ചന പറഞ്ഞതിങ്ങനെ, ''കോമഡി സർക്കസ് മുതൽ ഞാൻ ചിരിച്ചാണ് പണമുണ്ടാക്കുന്നത്. ഇപ്പോൾ കപിൽ ശർമ ഷോയിലേക്ക് മാറിയെന്ന് മാത്രം. എന്നാൽ, എന്റെ റോൾ എന്താണെന്ന കാര്യത്തിൽ എനിക്കിപ്പോഴും ധാരണയില്ല. കപിലാണ് എപ്പോഴും പരിപാടിയിൽ തമാശ പറയുന്നതും സംസാരിക്കുന്നതും. ഞാൻ വെറുതെയിരുന്ന് ആസ്വദിക്കുകയേയുള്ളൂ. ഒരു തരത്തിൽ പറഞ്ഞാൽ, ആ പരിപാടി ആസ്വദിക്കുന്നതിനാണ് എനിക്ക് പ്രതിഫലം കിട്ടുന്നത്''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Archana Puran Singh earns ₹12 lakh per episode on The Kapil Sharma Show. Known for her infectious laughter, she`s a highlight of the comedy program