“തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു അതിനുപിന്നിൽ. അവളുടെ ഭാവി കണക്കിലെടുത്ത് പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ല.”

അനുപമ പരമേശ്വരൻ
അനുപമ പരമേശ്വരൻ

അടുത്തിടെ താൻ വ്യാപകമായി സൈബർ ആക്രമണം നേരിട്ടതിനെക്കുറിച്ച് തുറന്നുപറയുകയാണ്  നടി അനുപമ പരമേശ്വരൻ. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ. തന്നെയും തൻ്റെ കുടുംബത്തെയും കുറിച്ച് വ്യാജവും അപകീർത്തികരവുമായ പ്രചരണങ്ങളാണ് സോഷ്യൽമീഡിയ വഴി നടക്കുന്നതെന്നും അനുപമ വിശദീകരിച്ചു.
തന്നെക്കുറിച്ച് മാത്രമല്ല, തൻ്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ടാഗ് ചെയ്തുകൊണ്ട് മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിക്കുന്ന ഒരു അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതായും താരം വെളിപ്പെടുത്തി.

"ഓൺലൈനിൽ ഇത്തരത്തിൽ, ആളുകളെ ലക്ഷ്യം വെച്ചുള്ള ഉപദ്രവം വളരെ വേദനാജനകമാണ്." അവർ കുറിച്ചു.
അനുപമ ഉടൻ തന്നെ കേരള സൈബർ ക്രൈം പോലീസിനെ സമീപിക്കുകയും അവർ കുറ്റവാളിയെ കണ്ടെത്തുകയും ചെയ്തു.നടിക്കെതിരെ വിദ്വേഷകരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനായി ഇതേ വ്യക്തി തന്നെ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

തൻ്റെ പേരിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കിട്ടത് ഒരു ഇരുപതുകാരിയാണെന്ന വിവരം ഞെട്ടലുണ്ടാക്കിയെന്നും താരം ഇതോടൊപ്പം കുറിച്ചു.

"എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അത് തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. ആ പെൺകുട്ടിയുടെ ഭാവിയും സമാധാനവും കണക്കിലെടുത്ത് അവളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ല.”- അനുപമ കൂട്ടിച്ചേർത്തു.

ഒപ്പം സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്ക് അനുപമ കർശനമായ മുന്നറിയിപ്പും നൽകി. "കയ്യിലൊരു സ്മാർട്ട്ഫോൺ ഉള്ളതുകൊണ്ടോ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ടോ മറ്റുള്ളവരെ ഉപദ്രവിക്കാനോ അപകീർത്തിപ്പെടുത്താനോ ആർക്കും അവകാശമില്ല. ഓൺലൈനിലെ ഓരോ പ്രവർത്തനത്തിനും തെളിവുകൾ അവശേഷിക്കും, അതിന് ഉത്തരം പറയേണ്ടതായും വരും. ഒരു അഭിനേത്രിയായതുകൊണ്ട് ഞങ്ങളുടെ മൗലികാവകാശങ്ങൾ ഇല്ലാതാകുന്നില്ല. സൈബർ ആക്രമണം ശിക്ഷാർഹമായ കുറ്റമാണ്. അതിന് ഉത്തരം പറയേണ്ടി വരും എന്നതും യാഥാർഥ്യമാണ്." 
ഡിജിറ്റൽ ലോകത്ത് വിവേകത്തോടെയും സഹാനുഭൂതിയോടെയും  പെരുമാറേണ്ടതിൻ്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ടാണ് അനുപമ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.

ദി പെറ്റ് ഡിക്ടീവാണ് അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. ഡ്രാഗൺ, പർദ്ദ, കിഷ്കിന്ധാപുരി, ജെഎസ്‌കെ, ബൈസൺ എന്നീ സിനിമകളാണ് അനുപമ പരമേശ്വരന്‍റേതായി ഈ വര്‍ഷം റിലീസ് ചെയ്ത മറ്റ് സിനിമകള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Actress Anupama Parameswaran reveals details of cyberbullying and harassment she faced, emphasizing the need for responsible social media use.