വിവാഹശേഷം ജീവനക്കാർക്കായി വിഭവസമൃദ്ധമായ സദ്യ; കൈകൾ കൂപ്പി സ്വീകരിച്ച് നവദമ്പതികൾ

അനിരുദ്ധ് രവിചന്ദർ, കാവ്യ മാരൻ
അനിരുദ്ധ് രവിചന്ദർ, കാവ്യ മാരൻ

ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും. ഗ്രീസിൽ നടന്ന വിവാഹത്തിനും താരങ്ങൾ അണിനിരന്ന വിരുന്നിനും പിന്നാലെ, സൺ ഗ്രൂപ്പ് ജീവനക്കാർക്കായി വിഭവസമൃദ്ധമായ വിവാഹ സദ്യയൊരുക്കിയിരിക്കുകയാണ് ദമ്പതികൾ. ജീവനക്കാരെ കൈകൂപ്പി അഭിവാദ്യം ചെയ്യുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന നവദമ്പതികളുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വാഴയിലയിൽ വിളമ്പിയ പരമ്പരാഗത വിഭവങ്ങളടങ്ങിയ വിരുന്നാണ് ജീവനക്കാർക്കായി ഒരുക്കിയത്. പ്രധാന വിഭവമായ ബിരിയാണിക്കൊപ്പം ചിക്കൻ ഫ്രൈ, മട്ടൺ, മുരിങ്ങക്കായ മസാല, മുട്ട എന്നിങ്ങനെ വിഭവസമൃദ്ധമായ ഭക്ഷണമുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം ഗുലാബ് ജാമുൻ, ഐസ്ക്രീം തുടങ്ങിയ മധുരപലഹാരങ്ങളും വിളമ്പി.

ചാരനിറത്തിലുള്ള കുർത്തയും പൈജാമയുമായിരുന്നു അനിരുദ്ധിന്റെ വേഷം. ചുവന്ന അനാർക്കലി സ്യൂട്ടിൽ അതിസുന്ദരിയായാണ് കാവ്യ എത്തിയത്. ഓരോരുത്തരുടെയും അടുത്തെത്തി നവദമ്പതികൾ സൗഹൃദം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാം.

സൺ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കലാനിധി മാരന്റെ മകളാണ് കാവ്യ. നിലവിൽ സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സി.ഇ.ഒയുമാണ് അവർ.

2025 മുതലാണ് അനിരുദ്ധും കാവ്യയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്രൻ കുടുംബത്തിൽ ഒരു വിവാഹം നടക്കാനുണ്ടെന്ന് സൂചന നൽകിയതോടെ വാർത്തകൾക്ക് ചൂടുപിടിച്ചു. രജനീകാന്ത്‌ ചിത്രം 'ജയിലർ 2'-വിന്റെ പ്രദർശനത്തിന് ഇരുവരും ഒരുമിച്ചെത്തിയതും ശ്രദ്ധ നേടിയിരുന്നു. ഒക്ടോബറിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇവരുടെ വിവാഹക്കാര്യം ആദ്യമായി പരസ്യപ്പെടുത്തിയത്. തുടർന്ന് നവംബർ 11-ന് ഗ്രീസിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി.

നവംബർ 21-ന് നടന്ന വിവാഹ സൽക്കാരത്തിൽ സിനിമാ-രാഷ്ട്രീയ-കായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. എം.എസ്. ധോണി, അജിത് കുമാർ, നയൻതാര, വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, നെൽസൺ ദിലീപ്കുമാർ, ലോകേഷ് കനകരാജ്, സിമ്രാൻ, അശ്വത് മാരിമുത്തു, പൂജ ഹെഗ്‌ഡെ, അറ്റ്ലി, രമ്യ കൃഷ്ണൻ, ശിവകാർത്തികേയൻ, ഉദയനിധി സ്റ്റാലിൻ, റെജീന കസാന്ദ്ര, കാർത്തിക് സുബ്ബരാജ് തുടങ്ങിയവർ ചടങ്ങിൽ എത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും ഭാര്യ സംഗീതയും വെവ്വേറെയാണ് ചടങ്ങിനെത്തിയത്.

വിവാഹ തിരക്കുകൾക്ക് ശേഷവും വമ്പൻ പ്രോജക്റ്റുകളാണ് അനിരുദ്ധിനെ കാത്തിരിക്കുന്നത്. ഇന്ത്യൻ 3, ധർമ്മൻ, അരസൻ, ഡെയർ ഡെവിൾ, സണ്ടിയാർ എന്നീ ചിത്രങ്ങൾക്കൊപ്പം ലോകേഷ് കനകരാജ് - അല്ലു അർജുൻ ചിത്രം, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന കമൽഹാസൻ - രജനീകാന്ത് ചിത്രം, ത്രിവിക്രം ശ്രീനിവാസ് - ജൂനിയർ എൻ.ടി.ആർ ചിത്രം, സുകുമാർ - രാം ചരൺ ചിത്രം എന്നിവയ്ക്കും അനിരുദ്ധാണ് സംഗീതമൊരുക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anirudh Ravichander and Kavya Maran hosted a traditional wedding feast for Sun Group employees., The couple greeted employees personally and the video went viral on social media., Kavya Maran is the Executive Director of Sun TV Network and CEO of Sunrisers Hyderabad., Anirudh has a lineup of big-budget upcoming films including projects with Allu Arjun, Rajinikanth, and Jr NTR.