‘പെണ്‍ജീവി ആണിന്റെ തല കടിച്ചു മാറ്റുന്നു’; പ്രത്യുല്‍പ്പാദനത്തോടെ മരണംവരിക്കുന്ന ജീവികള്‍

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

ജനനവും മരണവും എല്ലാജീവികള്‍ക്കും ഉള്ള പൊതുവായ ഒരു പ്രകൃതിനിയമമാണ്. എന്നാല്‍ പ്രസവത്തോടെ മരിച്ചുപോകുന്ന ചില ജീവികളുണ്ട്. സെമെല്‍പാരിറ്റി എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഒരു ജീവി അതിന്റെ മുഴുവന്‍ ശക്തിയും പ്രത്യുത്പാദനത്തില്‍ ചെലവഴിക്കുകയും അതോടെ ആ ജീവി മരണം വരിക്കുകയും ചെയ്യുന്നു. അത്തരം ചില ജീവികളിതാ..

നീരാളി
നീരാളികള്‍ അവയുടെ ബുദ്ധിശക്തിക്കും പ്രശ്നപരിഹാര കഴിവുകള്‍ക്കും പേരുകേട്ടവയാണ്. എന്നിരുന്നാലും, അവയുടെ ജീവിതചക്രത്തിന്റെ അന്ത്യം കുട്ടിയുണ്ടാവുന്ന സമയത്താണ്. ഇണചേരലിനുശേഷം, പെണ്‍ നീരാളി മുട്ടയിടുകയും  ജീവിതത്തിന്റെ ശേഷിച്ച സമയം മുട്ടകളെ സംരക്ഷിക്കുന്നതിനായി ചെലവഴിക്കുകയും ചെയ്യുന്നു. മുട്ടയുടെ സംരക്ഷണത്തിൽ മുഴുകുന്ന പെൺനീരാളികൾ ഭക്ഷണം കഴിക്കുന്നത് പതിയെ നിര്‍ത്തുന്നു. പട്ടിണി കിടക്കുന്നു. കുഞ്ഞുങ്ങള്‍ വിരിയാന്‍ തയ്യാറാവുമ്പോഴേക്കും അവ മരിക്കുന്നു. മുട്ടകള്‍ വേട്ടക്കാരില്‍ നിന്ന് സുരക്ഷിതമാക്കാനാണ് ഈ ആത്മത്യാഗം.

കണവ
നീരാളികളെപ്പോലെ, കണവയും പ്രസവശേഷം അധികകാലം ജീവിക്കുന്നില്ല. ഇണചേരലിനു തൊട്ടുപിന്നാലെ ആണ്‍ കണവ മരിക്കുന്നു. മുട്ട വിരിഞ്ഞതിനുശേഷം പെണ്‍ കണവയും മരിക്കുന്നു. ഇണചേരല്‍ പ്രക്രിയയ്ക്ക് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ എടുത്തേക്കാം. മരണശേഷം പെണ്‍ കണവയുടെ ശരീരത്തില്‍ നിന്ന് ആവാസവ്യവസ്ഥയ്ക്ക് വേണ്ടുന്ന പോഷകങ്ങള്‍ ലഭിക്കുന്നു. ഇത് മറ്റു വിവിധതരം സമുദ്രജീവികളെയും സഹായിക്കുന്നു.

സാല്‍മണ്‍
ആയിരക്കണക്കിന് മൈലുകള്‍ നീന്തി എത്തുന്ന, കഠിനമായ മുട്ടയിടല്‍ യാത്രയ്ക്ക് സാല്‍മണ്‍ മത്സ്യങ്ങള്‍ പ്രശസ്തമാണ്. ഈ അവിശ്വസനീയമായ യാത്രയ്ക്കുശേഷം, അവ മുട്ടയിടുകയും ബീജസങ്കലനം നടത്തുകയും ചെയ്യുന്നു. യാത്രയും മുട്ടയിടല്‍ പ്രക്രിയയും വളരെയധികം ദോഷം വരുത്തിവയ്ക്കുന്നതിനാല്‍ ആണും പെണ്ണും താമസിയാതെ മരിക്കുന്നു. ശേഷം അവയുടെ ശരീരം നദിയിലെ ആവാസവ്യവസ്ഥയ്ക്കും അവയുടെ സന്തതികള്‍ക്കും പോഷണം നല്‍കുന്നു.

മെയ്ഫ്‌ളൈസ്
ഈ ജീവികളില്‍ ഏറ്റവും കുറഞ്ഞ ആയുസ്സ് മെയ്ഫ്‌ളൈസിനാണ്. പ്രത്യുല്‍പാദനം മാത്രമാണ് ഇവയുടെ ലക്ഷ്യം. ഒന്നോ രണ്ടോ ദിവസം മാത്രമേ ഇവ ജീവിക്കുന്നുള്ളൂ. ഇണചേരലിനുശേഷം, ആണും പെണ്ണും മരിക്കുന്നു.

പ്രേയിങ് മാന്റിസുകള്‍
കൈകള്‍ തൊഴുന്നതുപോലെ വെക്കുന്ന പ്രേയിങ് മാന്റിസുകള്‍ നാം ചുറ്റുപാടും കാണുന്ന ജീവിയാണ്. ഇവരുടെ ലോകത്ത്, ഇണചേരല്‍ അപകടകരമായ ഒരു കാര്യമാണ്. ഇണചേരല്‍ സമയത്തോ അതിനുശേഷമോ പെണ്‍ജീവികള്‍ ചിലപ്പോള്‍ അവരുടെ ഇണകളെ കൊന്നുതിന്നാറുണ്ട്.

പെണ്‍ജീവി ആണ്‍ജീവിയുടെ തല കടിച്ചു മാറ്റുന്നു. ഇത് മുട്ട ഉത്പാദനം വര്‍ധിപ്പിക്കാനും കുഞ്ഞുങ്ങളുടെ അതിജീവനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങള്‍ പെണ്‍ജീവികള്‍ക്ക്  നല്‍കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: discover semelparous animals like octopuses, salmon, and mayflies that sacrifice their lives after reproduction. Learn about this unique natural phenomenon.