‘ഒരു മൂന്നാം ലോക രാജ്യത്തെ ഈ മൂന്നാം ക്ലാസ് നടന് ഇത്രയധികം പരിഗണന നൽകുന്നത് എന്തിനാണ്?’

അമിതാഭ് ബച്ചൻ | AFP
അമിതാഭ് ബച്ചൻ | AFP

ആറാം തവണയും അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യയുടെ ചരിത്ര വിജയത്തെ ഏറെ അഭിമാനത്തോടെയാണ് ഓരോ ഇന്ത്യക്കാരനും ആഘോഷിച്ചത്. സിംബാബ്‌വെയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ആയുഷ് മാത്രെ നയിച്ച ഇന്ത്യൻ ടീം കിരീടം നേടിയത്. ഒരു അണ്ടർ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ റൺ മാർജിനിലുള്ള വിജയമായിരുന്നു ഇത്. ഈ ചരിത്ര വിജയത്തിന് പിന്നാലെ, വിവിധ മേഖലകളിൽ ലോകവേദിയിലുള്ള ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അമിതാഭ് ബച്ചൻ.

തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ഒരു വ്യക്തിപരമായ അനുഭവം ബച്ചൻ പങ്കുവെച്ചു. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ആരാധകർ തന്നെ വളഞ്ഞ സംഭവമായിരുന്നു അത്. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ആ സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.

ആ പഴയ അനുഭവം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്: ഒരു ചലച്ചിത്ര മേളയ്ക്കായി ഒരു വിദേശ രാജ്യത്തേക്ക് ക്ഷണം ലഭിച്ചതായിരുന്നു അദ്ദേഹത്തിന്. "വിമാനത്തിലിരിക്കുമ്പോൾ ഞാൻ അവിടുത്തെ ഒരു പത്രം കണ്ടു. അതിൽ എന്റെ ഒരു സിനിമയുടെ ചിത്രമുണ്ടായിരുന്നു. ഭാഷ അറിയാത്തതുകൊണ്ട് ഞാൻ എയർ ഹോസ്റ്റസിനോട് അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് ചോദിച്ചു. അതൊരു ഇന്ത്യൻ സിനിമയുടെ പോസ്റ്ററാണെന്നും, ആ ചിത്രത്തിലെ നടൻ ഈ രാജ്യത്തേക്ക് വരുന്നുണ്ടെന്നുമാണ് പത്രത്തിൽ ഉള്ളതെന്ന് അവർ പറഞ്ഞു."

വിമാനമിറങ്ങിയ ഉടൻ തന്നെ ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞു. "എന്തുകൊണ്ടാണ് ഈ രാജ്യം നമ്മുടെ സിനിമകളെ ഇത്രയധികം സ്നേഹിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. വിമാനത്തിൽ നിന്നും ഇമിഗ്രേഷൻ ഡെസ്‌കിലേക്ക് നടക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടായി. ആൾക്കൂട്ടം അത്രയേറെ കൂടിവന്നു. ഒടുവിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായപ്പോൾ പോലീസ് ഇടപെട്ടു. അവർ എന്നെ ആൾക്കൂട്ടത്തിൽ നിന്ന് പുറത്തെത്തിച്ച് വിമാനത്താവളത്തിന് പുറത്തുള്ള ഒരു കാറിൽ കയറ്റി ഹോട്ടലിലേക്ക് കൊണ്ടുപോയി."

ജീവിതത്തിൽ ആദ്യമായാണ് ഒരു ഹോട്ടലിനുള്ളിൽ വെച്ച് തന്റെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതെന്ന് ബിഗ് ബി വെളിപ്പെടുത്തി. ആൾക്കൂട്ടത്തിനിടയിൽ തനിക്ക് ശ്വാസം മുട്ടുന്ന അവസ്ഥ വരെ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് എപ്പോൾ പുറത്തിറങ്ങിയാലും ജനക്കൂട്ടം വളയുന്ന അവസ്ഥയായതിനാൽ പോലീസിന്റെ സംരക്ഷണയിലായിരുന്നു യാത്രകൾ.

ഈ സമയത്താണ് ആ രാജ്യത്തെ ഒരു മുതിർന്ന പത്രപ്രവർത്തകൻ തന്നെയും ഇന്ത്യയെയും അധിക്ഷേപിച്ചുകൊണ്ട് ഒരു വാർത്ത നൽകിയത്. "എന്തിനാണ് ഒരു മൂന്നാം ലോക രാജ്യത്ത് നിന്നുള്ള ഈ മൂന്നാം ക്ലാസ് നടന് ഇത്രയധികം പരിഗണന നൽകുന്നത്?" എന്നായിരുന്നു ആ വാർത്തയുടെ തലക്കെട്ട്.

അതിനോടുള്ള തന്റെ പ്രതികരണമായി അമിതാഭ് ബച്ചൻ ഇങ്ങനെ കുറിച്ചു: "ഞാൻ ഒരു മൂന്നാം ക്ലാസ് നടനാണെന്നത് ശരിയാണ്, അത് ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യയെ ഒരു 'മൂന്നാം ലോക രാജ്യം' എന്ന് വിളിച്ചത് എന്നെ വേദനിപ്പിച്ചു. ഞാൻ അത് വീണ്ടും ആവർത്തിക്കുന്നു. ഇന്ത്യ അണ്ടർ 19 ലോക ചാമ്പ്യന്മാരാണ്! നമ്മൾ ശത്രുക്കളെ തകർത്തുവിട്ടു. ബ്ലൈൻഡ് ക്രിക്കറ്റ്, വനിതാ ക്രിക്കറ്റ്, പുരുഷ ക്രിക്കറ്റ്... എല്ലാത്തിലും ലോക ചാമ്പ്യന്മാരാണ്. നമ്മളാണ് ഒന്നാമത്... ലോകത്തിന്റെ നെറുകയിൽ. നമ്മൾ ഒരു മൂന്നാം ലോക രാജ്യമല്ല, നമ്മൾ ഒന്നാം ലോക രാജ്യമാണ്! ഭാരത് മാതാ കീ ജയ്!" താരത്തിന്റെ വാക്കുകൾ.

രജനീകാന്തിനൊപ്പമുള്ള 'വേട്ടയ്യൻ' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ അവസാനമായി അഭിനയിച്ചത്. ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ഈ തമിഴ് ചിത്രം 2025 ഒക്ടോബർ 10-നാണ് റിലീസ് ചെയ്തത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Amitabh Bachchan reflects on India`s U19 Cricket World Cup win & global achievements, sharing a personal anecdote about international fame and national pride.