ഓണാശംസകളുമായി അമിതാഭ് ബച്ചന്‍; മാവേലി എങ്ങാനും അറിഞ്ഞാലുണ്ടല്ലോ എന്ന് മലയാളികള്‍

അമിതാഭ് ബച്ചൻ / facebook
അമിതാഭ് ബച്ചൻ / facebook

ഓണം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം ഓണാശംസകളുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ആശംസകളുമായി താരം രംഗത്തെത്തിയത്. അനവസരത്തിലുള്ള താരത്തിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ആരാധകരും കമന്റ് ബോക്‌സില്‍ നിറഞ്ഞു.

അനവധി മലയാളികളാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ പോസ്റ്റിനു താഴെ വിവിധതരത്തിലുള്ള പ്രതികരണങ്ങളുമായി എത്തിയത്. ക്രീം കളര്‍ ഷര്‍ട്ടും കസവു കരയുള്ള മുണ്ടും അതേ കസവു കരയുള്ള ഒരു ഷാളും ധരിച്ച ഫോട്ടോയാണ് താരം ഓണാശംസയുടെ കൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ 'ഓണാശംസകള്‍' എന്നെഴുതിയ കാപ്ഷനാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് വൈറലാവുകയും ചെയ്തു. താങ്കള്‍ക്കും ഓണാശംസകള്‍ പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാര്‍, പോയിട്ട് അടുത്ത വര്‍ഷം വാ, നമുക്കൊന്നും ഓണം കഴിഞ്ഞിട്ടില്ല അമിതാബ് ബച്ചേട്ടാ ഹാപ്പി ഓണം, പാതാളത്തില്‍ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ തുടങ്ങി ട്രോളുകളുടെ പെരുമഴയാണ് കമന്റ് ബോക്‌സില്‍.

അതേസമയം പോസ്റ്റിന്റെ കാര്യത്തില്‍ സംഭവിച്ചേക്കാനിടയുള്ളത് കണ്ടെത്താനും ചില ആരാധകർ മറന്നില്ല. 'കഴിഞ്ഞ വര്‍ഷം ഓണം സെപ്തംബര്‍ 14 നു ആയിരുന്നു. അത് നോക്കിയിട്ട് ഏതോ വിവരം ഇല്ലാത്ത സോഷ്യല്‍ മീഡിയ മാനേജര്‍ ഇന്നത്തേക്ക് പോസ്‌റ് ഷെഡ്യൂള്‍ ചെയ്തു വെച്ചത് ആണ്' എന്നാണ് ഒരു ആരാധകന്റെ കണ്ടെത്തല്‍.

എന്നാല്‍ ഈ ട്രോളുകള്‍ക്ക് ഇടയിലും തിരിച്ച് ആശംസ പറയാനും നടന്റെ ആരോഗ്യത്തെ പറ്റി അന്വേഷിക്കാനും മലയാളികള്‍ മറന്നിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങള്‍ തന്റെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് നടന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: amitabh bachchan`s onam greetings a week after the festival triggers a wave of trolls and well wishes on social media. See the viral post!