'പ്രണയത്തിൽ ആത്മാർത്ഥതയും ആഴവും നഷ്ടപ്പെട്ടു; വിവാഹബന്ധം കാഷ്വലായി': അജയ് ദേവ്ഗൺ

പ്രണയത്തിനും പുതിയകാലത്തെ ബന്ധങ്ങൾക്കും അർത്ഥം നഷ്ടപ്പെട്ടുവെന്ന് നടൻ അജയ് ദേവ്ഗൺ. നടൻ ആർ.മാധവനൊപ്പം ബുക്ക് മൈ ഷോ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് അജയ് ഇക്കാര്യം പറഞ്ഞത്. വിവാഹത്തിന് 'ഒരു എക്‌സ്പയറി ഡേറ്റ്' വേണമെന്ന കജോളിന്റെ വൈറൽ പരാമർശത്തിന് പിന്നാലെയാണ് അജയ് ഇങ്ങനെ പറഞ്ഞതെന്നത് ശ്രദ്ധേയമാണ്.
''ഞാൻ കണ്ടിടത്തോളം, പ്രണയവും ബന്ധവുമെല്ലാം ഏറെ കാഷ്വലായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രണയം എന്ന വാക്ക് ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഉപയോഗിക്കാൻ തുടങ്ങി, അതോടെ ആ വാക്കിന് അർത്ഥവും നഷ്ടപ്പെട്ടു. ഞങ്ങളുടെ തലമുറയിൽ അങ്ങനെയൊരു ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് നമ്മൾ 'ഐ ലവ് യൂ' എന്ന് പറയുന്നത്. അതിനുമുമ്പ് 'ലൈക്ക് യൂ' പോലുളള എന്തെങ്കിലുമാവാം പറയുന്നത്. 'ഐ ലവ് യൂ' വെറുതെ അങ്ങെടുത്ത് പറയുകയല്ല ചെയ്യുന്നത്. എന്നാലിപ്പോൾ, ആളുകൾക്ക് ആ വാക്കിന്റെ ആഴം മനസ്സിലാകുന്നില്ല. അതുകൊണ്ട് അമിതമായി ഉപയോഗിക്കപ്പെടുകയാണ്''.
മാധവനും ഇതിനോട് യോജിച്ചു. പ്രണയമെന്ന വാക്കിനെ ആളുകൾ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്തിരുന്ന ഒരു കാലത്തെ മാധവൻ ഓർത്തെടുത്തു. ''ഇന്ന് എന്ത് മെസേജ് അയയ്ക്കുമ്പോഴും അതിലൊരു ഹാർട്ട് ഇമോജിയുമുണ്ടാവും. എല്ലാ മെസേജും അവസാനിക്കുന്നതും ലവ് എന്ന വാക്കിലായിരിക്കും''.
'ടൂ മച്ച്' എന്ന ടോക്ക് ഷോയിലാണ് കജോൾ വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്. ഷോയിൽ, 'വിവാഹത്തിന് കാലാവധിയും പുതുക്കാനുള്ള അവസരവും വേണോ?' എന്ന് ട്വിങ്കിൾ ഖന്ന ചോദിച്ചു. വിക്കി കൗശൽ, കൃതി സേനൺ, ട്വിങ്കിൾ എന്നിവർ ഇതിനോട് വിയോജിച്ചപ്പോൾ, വിവാഹങ്ങൾക്ക് ഒരു കാലാവധിയും പുതുക്കാനുള്ള അവസരവും വേണമെന്നാണ് കജോൾ പറഞ്ഞത്. ''പുതുക്കാനുള്ള ഒരു അവസരം ഉണ്ടാകുന്നത് നല്ലതാണ്, ഒരു കാലാവധിയുണ്ടെങ്കിൽ ആർക്കും കൂടുതൽ കാലം സഹിക്കേണ്ടി വരില്ല''. ഇതിനെതിരെ ആളുകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കജോൾ സ്വന്തം അനുഭവത്തിൽനിന്നാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു അവരുടെ കണ്ടെത്തൽ.
1994-ൽ 'ഗുണ്ടാരാജ്' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് കജോളും അജയ് ദേവ്ഗണും ഡേറ്റിങ് തുടങ്ങുന്നത്. അഞ്ചുവർഷത്തിനുശേഷം വിവാഹവും. ''പതിവ് ഐ ലവ് യൂ ബന്ധമായിരുന്നില്ല ഞങ്ങളുടേത്. ഒരിക്കലും വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ല. വിവാഹത്തെക്കുറിച്ച് ഒരിക്കലും ചർച്ച ചെയ്തിരുന്നില്ല, പക്ഷേ വിവാഹത്തിലെത്തി'', എന്നാണ് ഇതിനെക്കുറിച്ച് അജയ് പിന്നീട് പറഞ്ഞത്. വിവാഹശേഷം കുറച്ചുകാലം കജോൾ സിനിമയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
ഇന്ന് തിയേറ്ററിലെത്തിയ 'ദേ ദേ പ്യാർ ദേ 2' -ലാണ് അജയ് ദേവ്ഗണും ആർ.മാധവനും ഒടുവിലായി അഭിനയിച്ചത്. രാകുൽ പ്രീത് സിങ്ങ്, മീസാൻ ജാഫ്രി എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Ajay Devgn discusses how the word `love` is overused & has lost meaning in today`s casual relationships. Learn more about modern romance & his thoughts