'സ്ത്രീകളുടെ വസ്ത്രധാരണത്തിനെയോ ലിപ്സ്റ്റിക്കിനെയോ കുറ്റപ്പെടുത്തരുത്; അതിക്രമത്തിനുകാരണം അതല്ല'

ഐശ്വര്യ റായ് / Instagram
ഐശ്വര്യ റായ് / Instagram

ഏത് കാര്യത്തിലും സ്വന്തമായ അഭിപ്രായങ്ങളുള്ള ആളാണ് നടി ഐശ്വര്യ റായ്. പാരന്റിങ്ങിന്റെ കാര്യത്തിലാണെങ്കിലും സ്ത്രീസുരക്ഷയുടെ കാര്യത്തിലാണെങ്കിലുമെല്ലാം തന്റെ നിലപാട് അവർ വ്യക്തമാക്കാറുമുണ്ട്. ഇപ്പോൾ പൊതുവിടങ്ങളിൽ സ്ത്രീകൾക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ. ലോറിയൽ പാരീസിന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലാണ് ആഷ് ഇതിനെക്കുറിച്ച് സംസാരിച്ചത്.

പൊതുവിടങ്ങളിൽ സ്ത്രീകൾക്കുനേരെ അതിക്രമങ്ങളുണ്ടാകുമ്പോൾ അതിന്റെ ഭാരം ഒരിക്കലും ആ സ്ത്രീയുടെ വസ്ത്രത്തിനോ ലിപ്സ്റ്റിക്കിനോ മുകളിൽ അടിച്ചേൽപ്പിക്കരുതെന്ന് താരം പറയുന്നു. പ്രശ്നം തുറന്നുപറയുന്നതിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും അവർ ആവശ്യപ്പെടുന്നു.

വീഡിയോയിൽ, ഐശ്വര്യ ഇങ്ങനെ ചോദിക്കുന്നത് കേൾക്കാം, ''തെരുവിലെ അതിക്രമം. നിങ്ങളത് എങ്ങനെ കൈകാര്യം ചെയ്യും?'' പണ്ടുകാലം മുതൽ പറഞ്ഞുപഠിപ്പിച്ചത് സ്ത്രീകൾ ശ്രദ്ധിക്കപ്പെടാതിരിക്കാൻ സ്വയം ചുരുങ്ങി ജീവിക്കുക, കണ്ണിൽ നോക്കുന്നത് ഒഴിവാക്കുക എന്നതൊക്കെയാണ്. അതിനുപകരം ഐശ്വര്യ പറയുന്നതിങ്ങനെ, ''കണ്ണിൽ നോക്കുന്നത് ഒഴിവാക്കുകയോ? ഒരിക്കലും പാടില്ല. കണ്ണുകളിൽ നോക്കി പ്രശ്‌നം നേരിടുക. നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക, സ്ത്രീത്വവും. എന്റെ ശരീരം, എന്റെ മൂല്യം. ഒരിക്കലും നിങ്ങളുടെ മൂല്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. സ്വയം സംശയിക്കരുത്. നിങ്ങളുടെ മൂല്യത്തിനായി നിലകൊള്ളുക. നിങ്ങളുടെ വസ്ത്രധാരണത്തെയോ ലിപ്സ്റ്റിക്കിനെയോ കുറ്റപ്പെടുത്തരുത്. തെരുവിലെ ശല്യം ഒരിക്കലും നിങ്ങളുടെ തെറ്റല്ല.''

കുറച്ചുവർഷങ്ങളായി തെരുവിലെ അതിക്രമങ്ങൾക്കെതിരെ ലോറിയൽ പാരീസ് ക്യാമ്പയിൻ നടത്തുന്നു. ബ്രാൻഡിന്റെ സ്റ്റാൻഡ്അപ്പ് പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് ഐശ്വര്യയുടെ വീഡിയോ പുറത്തുവിട്ടത്. 20 വർഷത്തിലേറെയായി താരം ലോറിയൽ പാരീസിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.

'പൊന്നിയിൻ സെൽവനി'ലാണ് ആഷ് അവസാനമായി അഭിനയിച്ചത്. പക്ഷേ അവരുടെ ആസ്തി ദിനംപ്രതി വളർന്നുകൊണ്ടേയിരിക്കുകയാണ്. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം 900 കോടിയാണ് ആസ്തി. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Aishwarya Rai speaks out against street harassment, emphasizing that clothing or lipstick are never the cause. Stand tall and never compromise your worth