ശരീരത്തിലെ മറുക് പോലും ജെമിനി കണ്ടുപിടിച്ചു; ശ്രദ്ധിക്കണമെന്ന് യുവതി

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

ഗൂഗിൾ ജെമിനിയുടെ 'നാനോ ബനാന എഐ സാരി ട്രെൻഡ്' തരംഗമാവുന്നതിനിടയിൽ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഒരു സ്ത്രീ. നാനോ ബനാന ടൂൾ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ, 90-കളിലെ വിന്റേജ് ബോളിവുഡ് സാരി ലുക്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഗൂഗിളിന്റെ നാനോ ബനാന ഇമേജ് ജനറേറ്റർ ടൂളിന്റെ സഹായത്തോടെയാണ് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. ഷിഫോൺ സാരിയും ഫിലിമി പശ്ചാത്തലങ്ങളുമാണ് ഈ ചിത്രങ്ങൾക്ക് ഭംഗി നൽകുന്നത്. എന്നാൽ, ഇതിൽ ചതിക്കുഴികളുമുണ്ടെന്നാണ് ഝലക് ഭവ്‌നാനി എന്ന സ്ത്രീ പറയുന്നത്.

സാരി ധരിച്ച സ്വന്തം ചിത്രമാണ് എഡിറ്റ് ചെയ്തുകിട്ടാനായി ഝലക് നൽകിയത്. ശരീരത്തിലെ മറുക് സാരികൊണ്ട് മറച്ചായിരുന്നു അവരിട്ടത്. എന്നാൽ എഡിറ്റ് ചെയ്തുകിട്ടിയ പടത്തിൽ ആ മറുകുമുണ്ടായിരുന്നു. 

''എന്റെ ശരീരത്തിൽ ഒരു മറുകുണ്ടെന്ന് ജെമിനിക്ക് എങ്ങനെയറിയാം? ഇത് ശരിക്കും ഭീകരമാണ്, വിചിത്രവും. ഇപ്പോഴും എനിക്കറിയില്ല എങ്ങനെയാണിത് സംഭവിച്ചതെന്ന്? എനിക്ക് ഇക്കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കണം. സോഷ്യൽമീഡിയയിലും മറ്റും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ദയവുചെയ്ത് ശ്രദ്ധിക്കൂ'', അവർ പറയുന്നു.

നേരത്തെ ഇതിനെതിരെ മുന്നറിയിപ്പുമായി ഒരുദ്യോഗസ്ഥനും രംഗത്തെത്തിയിരുന്നു. ''നാനോ ബനാന ഭ്രാന്തിന്റെ കെണിയിൽ വീഴുന്നത് അപകടമാണ്. നിങ്ങൾ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെച്ചാൽ, തട്ടിപ്പുകളുണ്ടാവാൻ സാധ്യതയുണ്ട്. ഒരു ക്ലിക്കിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം കുറ്റവാളികളുടെ കൈകളിലെത്താം'', എക്‌സിലെ പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു. സ്വകാര്യചിത്രങ്ങൾ ഒഴിവാക്കണമെന്ന് ഈ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: A woman`s cautionary tale: AI image generator reveals hidden mole in edited sari pic, raising privacy alarms about online image sharing