തുടുത്ത്‌ മനോഹരിയായ ലാലേട്ടന്‍, ആരാണ് ഈ സുന്ദരിയെ മെനഞ്ഞെടുത്തത്?

മോഹന്‍ലാലിന്റെ എ.ഐ. നിര്‍മിത പെണ്‍രൂപം | multiversematrix
മോഹന്‍ലാലിന്റെ എ.ഐ. നിര്‍മിത പെണ്‍രൂപം | multiversematrix

ലോകരാജ്യങ്ങള്‍ നിര്‍മിതബുദ്ധിയെ മുന്‍നിര്‍ത്തി യുദ്ധം തുടങ്ങിക്കഴിഞ്ഞു. എവിടെത്തിരിഞ്ഞാലും നിര്‍മിതബുദ്ധിയെപ്പറ്റിയേ കേള്‍ക്കാനുമുള്ളൂ. ചുറ്റിലും നടക്കുന്ന കാര്യങ്ങളില്‍ ഏതാണ് എ.ഐ. ഏതാണ് ഒറിജിനല്‍ എന്ന് നമ്മള്‍ തന്നെ സംശയിച്ചുപോകുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. 

സെലിബ്രിറ്റികളുടെ പലതരം എ.ഐ. രൂപങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളുടെ വ്യത്യസ്തമായ സ്ത്രീരൂപങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ വൈറലാവുകയാണ്. സുന്ദരിമാരായ ആമിര്‍ ഖാനെയും അല്ലു അര്‍ജുനെയും ഉണ്ണി മുകുന്ദനേയും വിജയ്‌നെയുമെല്ലാം വീഡിയോയില്‍ കാണാം. 

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ തുടുത്ത മുഖമുള്ള പെണ്‍രൂപം ഇതുവരെ ആരും കാണാത്ത തരത്തില്‍ രസമുള്ളതാണ്. വീഡിയോ ഇതിനകം ഒന്നരക്കോടിയോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ലൈക്കും കമന്റും വീഡിയോ സ്വന്തമാക്കി. സെലിബ്രിറ്റികളുടെ സുന്ദരമായ, എന്നാല്‍ അധികം പാകപ്പിഴകളില്ലാത്ത ചിത്രങ്ങളാണിവയെന്നതാണ് ഏറ്റവും കൗതുകം. മള്‍ട്ടിവേഴ്‌സ്മട്രിക്‌സ്/ജോസഫ്‌ എന്ന പേരിലുള്ള ഇന്‍സ്റ്റ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികളുടെ ട്വിന്നിങ്ങും പ്രായമുള്ള രൂപവും മറ്റ് അവതാരങ്ങളുമായി പേജ് സമൃദ്ധണാണ്. 'ഗ്ലാഡിയേറ്ററി'ലെ വേഷത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ടോവിനോയും രജനീകാന്തുമെല്ലാം അണിനിരക്കുന്ന വീഡിയോയാണ് ഈ പേജില്‍ ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോക്കു താഴെ ഷാരൂഖ് ഖാന്‍ സുഹാനയെപ്പോലെയുണ്ടെന്നും സൂര്യ രശ്മികയെപ്പോലെയെന്നും കമന്റുകള്‍ നിറയുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ തൊട്ടാണ് പേജില്‍ വീഡിയോകള്‍ വന്നുതുടങ്ങിയത്. കായികതാരങ്ങളായ സച്ചിന്‍, കോഹ്‌ലി, യുവരാജ് സിങ്, എം.എസ്. ധോണിയടക്കം ഒട്ടേറെപ്പേരുടെ സ്ത്രീരൂപവുമുണ്ട്.

അതേസമയം, ജിയോ ജോണ്‍ മുള്ളൂരിന്റെ എ.ഐ. ലോകം നേരത്തേ വലിയ ട്രന്‍ഡിങ് ആയിരുന്നു. സങ്കല്പത്തിലുള്ള പല ലോകങ്ങളും ജീവികളും സംഭവങ്ങളും എ.ഐ. ചിത്രങ്ങളിലൂടെ ജിയോ ജോണ്‍ മുള്ളൂര്‍ നമുക്കുമുമ്പില്‍ വരച്ചിട്ടുതന്നു. പച്ചക്കറികളും പഴങ്ങളും ജീവികളുമെല്ലാം ആരും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് അദ്ദേഹത്തിന്റെ പേജില്‍ പ്രത്യക്ഷപ്പെടുന്നത്. പേജിന് 21 ലക്ഷം ഫോളോവര്‍മാരുണ്ട്. എ.ഐ. നിര്‍മിതചിത്രങ്ങള്‍ ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണുണ്ടാക്കുന്നത്.
 

Content Highlights: ai female versions of indian celebrities multiversematrix