ഹാലോവീന്‍ കുട്ടികളുടേത് മാത്രമല്ല; ട്രെന്‍ഡായി അഡള്‍ട്ടോവീനും

ഈ വര്‍ഷത്തെ ഹാലോവീന്‍ ഇതാ അടുത്തെത്തിയിരിക്കുന്നു. കുട്ടികളുടെ ആഘോഷമായാണ് ഇതിനെ പലപ്പോഴും കണക്കാക്കുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ പ്രചാരമേറുന്ന ഒരു പദമാണ് അഡള്‍ട്ടോവീന്‍. ലോകമെമ്പാടുമുള്ള ഹാലോവീന്‍ ആഘോഷങ്ങളില്‍ മുതിര്‍ന്നവര്‍ പങ്കെടുക്കുന്നതിനെയാണ് അഡള്‍ട്ടോവീന്‍ എന്ന് പറയുന്നത്. അഡള്‍ട്ടോവീന്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന ഒരു ട്രെന്‍ഡാണ്.
ഫെറേറോ എന്ന മധുരപലഹാര നിര്‍മ്മാണ കമ്പനി നടത്തിയ സര്‍വേ പ്രകാരം, ഏകദേശം 62 ശതമാനം മുതിര്‍ന്നവരും ഹാലോവീന്‍ ആഘോഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ആഘോഷങ്ങള്‍ കുട്ടികള്‍ക്കുള്ളത് പോലെ തങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്ന മുതിര്‍ന്നവരും ഉണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 71 ശതമാനം രക്ഷിതാക്കളും ഹാലോവീന്‍ മുതിര്‍ന്നവര്‍ക്കും കൂടിയുള്ളതാണെന്ന് കരുതുന്നു. അതേസമയം 47 ശതമാനം മുതിര്‍ന്നവര്‍ ഹാലോവീന്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അവധിക്കാലമായി കണക്കാക്കുന്നു.
ഏകദേശം 54 ശതമാനം പേര്‍, കുട്ടികളെ പരിപാലിക്കുന്നതിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ മുതിര്‍ന്നവരുടെ ഹാലോവീന്‍ രാത്രി ആഘോഷിക്കാന്‍ കഴിയണമെന്ന് വിശ്വസിക്കുന്നു. ''കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 'അഡള്‍ട്ടോവീന്‍' എന്ന പുതിയ ട്രെന്‍ഡ് തിരിച്ചറിഞ്ഞു. ഇപ്പോള്‍ അത് ഒരു പൂര്‍ണ്ണ സാംസ്‌കാരിക മുന്നേറ്റമായി മാറുന്നത് ഞങ്ങള്‍ കാണുന്നു'' ഫെറേറോയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ചാഡ് സ്റ്റബ്‌സ് ഓസ്റ്റിന്‍ പറഞ്ഞു.
ഏകദേശം 60 ശതമാനം മുതിര്‍ന്നവരും 68 ശതമാനം രക്ഷിതാക്കളും ഹാലോവീന്‍ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നത് ഗൃഹാതുരമായ കാരണങ്ങളാലാണ്. കാരണം ഈ ആഘോഷം അവരെ അവരുടെ ചെറുപ്പകാലത്തേക്ക് തിരികെ കൊണ്ടുപോകുന്നു. ന്യൂട്ടെല്ല, കിന്‍ഡര്‍, ടിക് ടാക് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെറേറോ, മുതിര്‍ന്നവര്‍ക്ക് മധുരത്തോട് പ്രിയമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ സര്‍വേ പ്രകാരം, 72 ശതമാനം മുതിര്‍ന്നവരും ഹാലോവീന്‍ സമയത്ത് അധികമായി മിഠായികള്‍ വാങ്ങാന്‍ പ്രവണത കാണിക്കുന്നു. ഒക്ടോബര്‍ 31 നാണ് ഹാലോവീന്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the growing `Adultoween` trend! Adults love Halloween`s spooky fun, nostalgia, and treats. Learn why it`s becoming their holiday too.