പാർട്ടികളിൽ പങ്കെടുക്കാൻ 35 ലക്ഷം; എന്തിനിങ്ങനെ വേദനിപ്പിക്കുന്നുവെന്ന് കയാദു ലോഹർ

തമിഴ്‌നാട്ടിൽ ടാസ്മാക്ക് എന്ന മദ്യവിൽപന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിൽ നടി കയാദു ലോഹറിന്റെ പേരും ഉൾപ്പെട്ടുവെന്നും അവരെയും ചോദ്യം ചെയ്യുമെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ നടൻ വിജയുടെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ തന്റെ സുഹൃത്തുമുണ്ടെന്ന് കയാദുവിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. എന്നാലിത് വ്യാജ അക്കൗണ്ട് ആണെന്ന് അവർ തന്നെ പിന്നീട് വെളിപ്പെടുത്തി. ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് കയാദു. ഈ രീതിയിൽ സംസാരിക്കുന്ന ആളുകളെ ഒഴിവാക്കാൻ ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു.
അക്കാര്യങ്ങൾ നേരിട്ടതിനെക്കുറിച്ച് കയാദു സംസാരിച്ചു. ''അത് അത്ര എളുപ്പമല്ല. ഞാൻ അങ്ങനെയുള്ളൊരു പശ്ചാത്തലത്തിൽനിന്ന് വരുന്നയാളുമല്ല. എനിക്കിങ്ങനെയുള്ള കാര്യങ്ങളെല്ലാം വളരെ പുതിയതാണ്. ആളുകൾ എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും, ഇത്തരമൊരു കാര്യം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആളുകൾ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുന്നുവെന്ന് ഓർത്ത് ഉറങ്ങാൻ പോലും കഴിയുന്നില്ല'', കയാദു വിതുമ്പലോടെ പറയുന്നു.
''ഞാൻ ചെയ്തത് ആളുകളോട് നല്ല രീതിയിൽ പെരുമാറുക എന്നതായിരുന്നു. എന്റെ സ്വപ്നത്തെ പിന്തുടരുകയായിരുന്നു. അതല്ലാതെ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. ഈ അഭിപ്രായങ്ങൾ കാണുമ്പോൾ, ആളുകൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ, വിഷമം തോന്നും. വായിക്കാൻ പോലും തോന്നില്ല. എന്തുകൊണ്ടാണ് എന്നെ ഒരുകൂട്ടം ആളുകൾ ലക്ഷ്യമിടുന്നത് എന്നതാണ് എന്റെ ചോദ്യം? ഇതൊക്കെ എന്റെ തൊഴിലിന്റെ ഭാഗമായിട്ടുണ്ടാവുന്നതാണെന്ന് മനസ്സിലാവുന്നുണ്ട്. പക്ഷേ അത് വളരെയധികം ബാധിക്കുന്നു. എങ്കിലും ഞാൻ തളരില്ല''.
നേരത്തെ ടാസ്മാക്ക് കേസിൽ അറസ്റ്റിലായ ആളുകൾ കയാദുവിന്റെ പേര് പറഞ്ഞെന്നായിരുന്നു ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. നിശാപാർട്ടികളിൽ പങ്കെടുക്കാൻ കയാദുവിന് 35 ലക്ഷം പ്രതിഫലമായി കൊടുക്കാറുണ്ടെന്നും അറസ്റ്റിലായവർ വെളിപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
അസമിൽ ജനിച്ച കയാദു കന്നഡസിനിമയിലൂടെയാണ് വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ട്, ഒരു ജാതി ജാതകം, ഡ്രാഗൺ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകൾ കയാദുവിന്റേതായി ഇറങ്ങാനിരിക്കുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Kayadu Lohar addresses false allegations regarding the TASMAC case and a fake social media account, expressing her hurt and determination