'ഭർത്താവ് ഹെലനെ വീട്ടിൽനിന്ന് പുറത്താക്കി; അന്ന് സഹായിച്ചത് അധോലോകതലവനായ കരീം ലാല'

നൃത്തങ്ങളിലൂടെ ബോളിവുഡ് സിനിമയിലേക്കെത്തി, പിന്നീട് താരറാണിയായി മാറിയ അഭിനേത്രിയാണ് ഹെലൻ. ഗ്ലാമർനൃത്തങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിലിടം നേടിയ നടി. അന്ന് 13 വയസ്സേയുള്ളൂ അവർക്ക്. അത്ര ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് വരാൻ കാരണമൊന്നേ ഉണ്ടായിരുന്നുള്ളൂ. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക. നൃത്തസംഘത്തിലെ ഒരംഗമായിട്ടായിരുന്നു കടന്നുവരവ്. പിന്നീട് സോളോ ഡാൻസറായി. ഹൗറ ബ്രിഡ്ജ് എന്ന സിനിമയിലെ 'മേരാ നാം ചിൻ ചിൻ ചു' എന്ന ഗാനം അവരുടെ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് 60-കളിലും 70-കളിലും നൂറുകണക്കിന് സിനിമകളിൽ നൃത്തംചെയ്തു, അഭിനയിച്ചു. 1957-ൽ
19 വയസ്സുള്ളപ്പോഴായിരുന്നു ഹെലന്റെ ആദ്യവിവാഹം. 'ദിൽ ദൗലത്ത് ദുനിയാ' എന്ന സിനിമ സംവിധാനം ചെയ്ത പ്രേം നാരായൺ അറോറയെയാണ് വിവാഹം കഴിച്ചത്. ഹെലനെക്കാൾ 27 വയസ്സ് കൂടുതലുണ്ടായിരുന്നു അന്ന് പ്രേം അറോറയ്ക്ക്. 1974-ൽ ഇരുവരും വിവാഹമോചിതരായി. അന്നത്തെ ഹെലന്റെ ജീവിതം വീണ്ടും ചർച്ചയാവുകയാണ്. മുംബൈയിലെ മുൻ പോലീസ് കമ്മീഷണർ രാകേഷ് മരിയയുടെ 'വെൻ ഇറ്റ് ഓൾ ബിഗെൻ: ദ അൺടോൾഡ് സ്‌റ്റോറീസ് ഓഫ് ദ അണ്ടർവേൾഡ്' എന്ന പുസ്തകത്തിൽ അന്നത്തെ അധോലോകത്തെ കുറിച്ച് പറയുന്നുണ്ട്. കരീം ലാല, ഹാജി മസ്താൻ, ദിലീപ് അസീസ് തുടങ്ങിയ ആദ്യകാല അധോലോകതലവൻമാരുടെ കഥയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ ഒരിക്കൽ ഹെലനെ സഹായിക്കാനായി കരീം ലാല രംഗത്തിറങ്ങിയ കാര്യവും വിശദമാക്കുന്നു.
വിവാഹശേഷം ഹെലന്റെ സാമ്പത്തികകാര്യങ്ങൾ മൊത്തം കൈകാര്യം ചെയ്തിരുന്നത് പ്രേം അറോറയായിരുന്നുവത്രെ. എല്ലാം അദ്ദേഹം തന്റെ നിയന്ത്രണത്തിലാക്കി. രാകേഷ് മരിയ ഇങ്ങനെ എഴുതുന്നു, ''ഹെലൻ അപ്പോഴേക്കും വലിയ താരമായിരുന്നു. 700-ലേറെ സിനിമകളിൽ അവർ അഭിനയിച്ചുകഴിഞ്ഞിരുന്നു. പക്ഷേ അവരുടെ സ്വത്തുക്കളുടെ നിയന്ത്രണം പ്രേമിന്റെ കൈകളിലായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലാണെങ്കിൽ ഒരു പുരോഗതിയും ഇല്ലാതിരിക്കുന്ന സമയം. പ്രേം ഹെലനോട് മോശമായി പെരുമാറാൻ തുടങ്ങി. പക്ഷേ അവർ എല്ലാം സഹിച്ചുകഴിഞ്ഞു. ഒടുവിൽ സഹിക്കാൻ പറ്റാത്ത അവസ്ഥയായി. ഹെലൻ സമ്പാദിച്ചതൊന്നും തിരിച്ചുകൊടുക്കാൻ പ്രേം തയ്യാറായില്ല. മാത്രമല്ല ഒരു ദിവസം അവരെ സ്വന്തം വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു.
അന്ന് ഹെലൻ രണ്ടുപേരോട് സഹായം അഭ്യർഥിച്ചു. നടൻ ദിലീപ് കുമാർ, എഴുത്തുകാരൻ സലിം ഖാൻ എന്നിവരായിരുന്നുവത്. ആദ്യം ദിലീപ് കുമാർ കരീം ലാലയെ ബന്ധപ്പെടാൻ ശ്രമിച്ചു. അത് നടക്കാതെ വന്നപ്പോൾ ഒരു കുറിപ്പ് എഴുതിക്കൊടുത്തു, ഹെലനോട് അയാളെ പോയി കാണാൻ പറഞ്ഞു. സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന വ്യക്തിയായിരുന്നുവത്രെ കരീം ലാല. അങ്ങനെ ഹെലൻ, കരീം ലാലയെ കണ്ടു, തന്റെ ദുരവസ്ഥ വിശദീകരിച്ചുപറഞ്ഞു. വീട് തിരികെ നൽകാമെന്ന് അയാൾ അവരോട് ഉറപ്പിച്ചുപറഞ്ഞു. കുറച്ചു മണിക്കൂർ കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലാനും പറഞ്ഞു. ഹെലൻ വീട്ടിലെത്തിയപ്പോഴേക്കും, പ്രേം തന്റെ എല്ലാ സാധനങ്ങളുമുപേക്ഷിച്ച് സ്ഥലംവിട്ടിരുന്നു''. പിന്നീട് 1981-ലാണ് സലിം ഖാനും ഹെലനും വിവാഹിതരാവുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the untold story of veteran actress Helen`s challenging past. Learn how she was expelled by her husband and received crucial help from underworld don Karim Lala during a difficult time