'വിജയ്‌ക്കൊപ്പം തൃഷ പോകാൻ പാടില്ലായിരുന്നു, അത് വലിയ നാശനഷ്ടമുണ്ടാക്കി': പാർഥിപൻ

കുറച്ചുദിവസങ്ങളായി തമിഴ് സിനിമാതാരങ്ങളായ തൃഷയും പാർഥിപനും തമ്മിലുള്ള വാക്‌പോരുകൾ തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും തൃഷയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പാർഥിപൻ. ഒരു വീഡിയോയിലൂടെയാണ് തന്റെ അഭിപ്രായവുമായി താരമെത്തിയത്.
തന്റെ പുതിയ വീഡിയോ പോസ്റ്റിൽ, തെറ്റായ പ്രവർത്തിയും തെറ്റും തമ്മിൽ വ്യത്യാസമുണ്ടെന്ന് പാർഥിപൻ പറയുന്നു. ഒരു തെറ്റ് എന്നാൽ അറിയാതെ ചെയ്യുന്നതാണ്. എന്നാൽ തെറ്റായ പ്രവർത്തി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. അതുപോലെ, ക്ഷമാപണവും ഖേദം പ്രകടിപ്പിക്കലും തമ്മിൽ വ്യത്യാസമുണ്ട്'', അദ്ദേഹം പറഞ്ഞു.
അവാർഡ് ദാന ചടങ്ങിൽ (Galatta Awards) താൻ ഒരു തെറ്റ് ചെയ്തുവെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ അതൊരിക്കലും മനഃപൂർവ്വമായിരുന്നില്ലെന്നതിലും അദ്ദേഹം ഉറച്ചുനിന്നു. ''ഞാൻ ദളപതി വിജയ്, അജിത് കുമാർ എന്നിവരെക്കുറിച്ച് സംസാരിക്കുമ്പോൾ, തൃഷയുടെ ഒരു ഫോട്ടോ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ശരിക്കും ഞെട്ടിപ്പോയി, ആ നിമിഷം എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അവരുടെ ഫോട്ടോ പ്രദർശിപ്പിക്കാൻ ഞാൻ സഹായി വഴി പ്രത്യേകമായി അഭ്യർഥിച്ചു എന്ന വാദം 100 ശതമാനം തെറ്റാണ്'', താരം വെളിപ്പെടുത്തി.
''ഞാൻ ആരുടെയും അടിമയല്ല. ഒരു പരിപാടിയിലും പങ്കെടുക്കാൻ എനിക്ക് ഒരിക്കലും പണം ലഭിച്ചിട്ടില്ല, ഒരിക്കലും അടിമയാവുകയുമില്ല. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരുകയോ പണത്തിനു വേണ്ടി എന്റെ സത്യസന്ധതയെ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തിട്ടില്ല.
അവാർഡ് ദാന വേദിയിലേക്ക് കടക്കുന്നതിനുമുമ്പ്, ഏകദേശം 30 മിനിറ്റോളം വേദിക്ക് പിന്നിൽ കാത്തുനിന്നപ്പോൾ, ഒരു യൂട്യൂബറുടെ വീഡിയോ താൻ കണ്ടിരുന്നുവെന്നും പാർഥിപൻ വിശദീകരിക്കുന്നു. അതിൽ ദളപതി വിജയ്‌യുടെ രാഷ്ട്രീയ ഉയർച്ചയെക്കുറിച്ച് സംസാരിച്ചിരുന്നു. തൃഷ വിജയ്‌ക്കൊപ്പം ആ വിവാഹസത്കാരത്തിൽ പങ്കെടുക്കരുതായിരുന്നുവെന്നും പറയുന്നുണ്ട് ആ വീഡിയോയിൽ. ഒരു മാധ്യമപ്രവർത്തകൻ പോലും എന്നോടത് പറഞ്ഞു, 'മാച്ചിങ് ആയ സാരി വാങ്ങിക്കൊടുത്താൽ പോലും, നിങ്ങൾ പോയിവരൂ, ഞാൻ വീട്ടിലിരിക്കാം എന്ന് തൃഷ പറയണം' എന്നായിരുന്നു. അങ്ങനെ പല വാർത്തകളും വരുന്നുണ്ടായിരുന്നു. എന്റെ സത്യസന്ധമായ തോന്നലും അതുതന്നെയാണ്. കരൂരിലെ അപകടം (karur stampede) പോലും വിജയ്ക്ക് ഈ വിവാഹസത്കാരം വരുത്തിയത്രയും നാശനഷ്ടമുണ്ടാക്കിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. തൃഷ ആ സത്കാരത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. എന്റെ ഉള്ളിലെ ചിന്ത അതായിരുന്നു. പക്ഷേ അതൊന്നും മനസ്സിൽവെച്ചല്ല ഞാൻ അവാർഡ് ദാന വേദിയിലെത്തിയത്'', പാർഥിപൻ പറഞ്ഞുവെക്കുന്നു.
ഗലാട്ട അവാർഡ്‌സിൽവെച്ച് തൃഷയുടെ ചിത്രം വലിയ സ്‌ക്രീനിൽ കാണിച്ച്, അവരെക്കുറിച്ച് സംസാരിക്കാൻ പാർഥിപനോട് ആവശ്യപ്പെടുകയായിരുന്നു. ''ഈ കുന്ദവൈയെ കുറച്ചുദിവസത്തേക്ക് വീട്ടിൽ ഇരുത്തണം'', എന്നാണ് താരം പറഞ്ഞത്. അതിനെതിരെ തൃഷ രൂക്ഷമായ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Parthiban clarifies his stance on the Galatta Awards controversy involving Trisha. The actor explains his comments about Trisha attending Vijay's wedding.