വീടിനകം വിശാലമാക്കാന്‍ ഇരുപത് വഴികള്‍

ഫോട്ടോ: അജീബ് കോമാച്ചി
ഫോട്ടോ: അജീബ് കോമാച്ചി

വിശാലമായ പറമ്പും മുറ്റവും അതിന് നടുവില്‍ വലിയൊരു വീടും എന്ന പഴയ സങ്കല്പം മാറിക്കഴിഞ്ഞു. സ്വന്തം വീടെന്ന സ്വപ്‌നമുള്ള ഏതൊരു ശരാശരി കുടുംബവും ചെന്നെത്തുക ഫ്‌ളാറ്റെന്ന തീരുമാനത്തിലാണ്. ഇതിനൊപ്പം ഒരു സെന്റിലൊതുങ്ങുന്ന കുഞ്ഞുവീടുകളുമുണ്ട്. പഴയകാലത്തെ വീടുകളിലേത് പോലെ സാധനങ്ങള്‍ ഒതുക്കി വയ്ക്കാനുള്ള സൗകര്യം ഇപ്പോഴത്തെ വീടുകളില്‍ കുറവാണ്.  നാലംഗങ്ങളുള്ള ഒരു വീടിന് താങ്ങാവുന്നതിലും അധികം വീട്ടു സാധനങ്ങളാണ് പലരുടെയും കൈയിലുണ്ടാവുക. ക് ഇഷ്ടം തോന്നിയും പുതിയ ട്രെന്‍ഡ് അനുസരിച്ചും വാങ്ങിക്കൂട്ടിയവ. ഒപ്പം പഴയ സാധനങ്ങള്‍ കൂടിയാകുമ്പോഴോ? വീട്ടില്‍ ഇടമില്ല എന്ന പരാതിയാവും പിന്നെ. എന്നാല്‍ കൃത്യമായി പ്ലാന്‍ ചെയ്താല്‍ ഈ സ്ഥലമില്ലായ്മ പരിഹരിക്കാം.

  1. വീടിന്റെ വലിപ്പമറിഞ്ഞ് മാത്രം സാധനങ്ങള്‍ വാങ്ങാം. പ്രത്യേകിച്ചും ഇരിപ്പിടങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ. പഴയ സാധനങ്ങള്‍ ഉപയോഗശൂന്യമാണെങ്കില്‍ അത്തരം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇവ കൊടുത്ത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. 
  2. കൂടുതല്‍ വലിപ്പം തോന്നാന്‍ മുറികളുടെ ഭിത്തിയില്‍ വെര്‍ട്ടിക്കല്‍ ലൈനുകള്‍ ഡിസൈന്‍ ചെയ്യാം. ടൈലുകളോ പാനലുകളോ മനോഹരമായ വാള്‍പേപ്പറുകളോ ഇതിനായി ഉപയോഗിക്കാം. ഇളം നിറത്തിലുള്ള വെര്‍ട്ടിക്കല്‍ ടൈലുകള്‍ ഉപയോഗിക്കുന്നത് ബാത്ത്‌റൂമിന് വലിപ്പം കൂടുതല്‍ തോന്നാന്‍ സഹായിക്കും. വീടിന് ഇളം നിറങ്ങള്‍ നല്‍കുന്ന,തറയില്‍ റിഫ്‌ളക്ഷന്‍ ഉണ്ടാകുന്ന ഇളം നിറത്തിലുള്ള ഗ്ലോസി ടൈലുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.   
  3. ഓപ്പണ്‍ കബോര്‍ഡുകള്‍ ഒഴിവാക്കാം. ഭിത്തിയുടെ അതേ നിറത്തില്‍ വേണം സ്റ്റോറേജ് സംവിധാനവും. ഇങ്ങനെ ഒരേ നിറം നല്‍കുന്നത് മുറിക്കുള്ളില്‍ കൂടുതല്‍  ഇടമുണ്ടെന്ന് തോന്നാനും സഹായിക്കും. എല്ലാ മുറികളിലും അലമാരകള്‍ക്ക് പകരം കബോര്‍ഡുകള്‍ സ്ഥാപിക്കാം. കബോര്‍ഡുകള്‍ക്ക് ഗ്ലാസ് ക്ലോസിങ്ങിന് പകരം മിറര്‍ ക്ലോസിങ് നല്‍കാം. ഇതും മുറികള്‍ക്ക് വലിപ്പം തോന്നിപ്പിക്കും.
  4. മള്‍ട്ടിപര്‍പ്പസ് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതാണ് സ്ഥലപരിമിതി മറികടക്കാനുള്ള മറ്റൊരു വഴി. ഉദാഹരണത്തിന് ഒരേ സമയം സോഫയായും കിടക്കയായും ഉപയോഗിക്കാവുന്ന കിടക്കകള്‍ വിപണിയിലുണ്ട്. സ്റ്റോറേജ് സ്‌പേസുള്ള കോഫീ ടേബിളുകള്‍, അടുക്കളയിലും ലിവിങ് റൂമിലും എല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന ഇരിപ്പിടങ്ങള്‍, സ്റ്റോറേജ് സ്‌പേസുള്ള കട്ടില്‍... ഇങ്ങനെയുള്ളവ പരീക്ഷിക്കാം.
  5.  മള്‍ട്ടിപര്‍പ്പസ് റൂമുകളാണ് മറ്റൊരു മാര്‍ഗം. സോഫയാക്കി മാറ്റാവുന്ന ബെഡ്ഡുകള്‍ ഉള്ള കിടപ്പുമുറി, വായനാ മുറിയോ ഓഫീസ് സ്‌പേസോ മറ്റേന്തെങ്കിലും ക്രിയേറ്റീവ് വര്‍ക്കുകള്‍ ചെയ്യാനുള്ള ഇടമോ പഠനമുറിയോ ഒക്കെയാക്കി മാറ്റാം. ഉയര്‍ത്തി വയ്ക്കാവുന്ന തരം ബെഡ് സ്ഥാപിച്ചാലും പകല്‍ സമയത്ത് കിടപ്പുമുറി വര്‍ക്കിങ് സ്‌പേസ് ആയി ഉപയോഗിക്കാനാവും.  ഇത്തരം സോഫകിടക്കകള്‍ ഉപയോഗിച്ചാല്‍ വിരുന്നുകാര്‍ വരുമ്പോള്‍ അവര്‍ക്ക് ഉറങ്ങാന്‍ ലിവിങ് റൂമിനെ കിടപ്പു മുറിയുമാക്കാം. 
  6. കുട്ടികളുടെ കിടപ്പുമുറിയില്‍  ഭിത്തിയില്‍ ഉയര്‍ത്തി വയ്ക്കാവുന്ന വാള്‍ ബെഡുകള്‍ ഉപയോഗിക്കാം. ബാക്കി ഇടം കുട്ടികള്‍ക്ക് പഠനത്തിനും കളിക്കാനും എല്ലാമുള്ള സ്ഥലമായി ഉപയോഗിക്കാനാവും.
  7. വലിയ മുറി, തുറന്നും അടച്ചും വയ്ക്കാവുന്ന പാര്‍ട്ടീഷന്‍ സംവിധാനത്തിലൂടെ രണ്ട് മുറിയാക്കാന്‍ കഴിയും. 
  8.  കിടപ്പുമുറികളില്‍ ലിഫ്റ്റ് അപ്പ് ബെഡ്ഡുകള്‍ ഒരുക്കാം. ബെഡ്ഡിനടിയില്‍ തലയിണകള്‍, ബെഡ്ഷീറ്റുകള്‍, കര്‍ട്ടന്‍, കാര്‍പ്പെറ്റ് എന്നിവയൊക്കെ വൃത്തിയായി  ഒതുക്കി വയ്ക്കാം.
  9. പ്രത്യേകം ഡ്രെസ്സര്‍ ഒരുക്കുന്നതിന് പകരം റൂമിലെ വാര്‍ഡ്രോബില്‍ മുഴുനീളത്തിലുള്ള ഒരു കണ്ണാടി പിടിപ്പിച്ചാല്‍ മതി. ഫോള്‍ഡിങ് മിററും ഇപ്പോഴുള്ള പുതിയ സംവിധാനമാണ്. 
  10. സ്‌റ്റെയര്‍കേസിന് അടിഭാഗവും മികച്ച സ്‌റ്റോര്‍ സ്‌പേസായി മാറ്റാനാകും. ഷെല്‍ഫുകളും കബോര്‍ഡുകളും പിടിപ്പിച്ചോളൂ. ഷെല്‍ഫില്‍ പുസ്തകങ്ങള്‍ നിറച്ചാല്‍ മിനി ലൈബ്രറി ആക്കാം. ഒരു കോമണ്‍ വാഷ് ഏരിയയോ ടോയിലറ്റ് സ്‌പേസോ ഒരുക്കിയും ഈ സ്ഥലം ലാഭിക്കാം.   
  11. ഡൈനിങ് റൂമില്‍ ടേബിളിന് അടിയില്‍ ഡ്രോയറുകള്‍ ഘടിപ്പിക്കുന്നത് ടേബിള്‍ മാറ്റുകളും സ്പൂണ്‍ പോലുള്ള ചെറിയ കുക്കിങ് യൂട്ടിലിറ്റീസും സൂക്ഷിക്കാനുള്ള ഇടം നല്‍കും. വാഷ് ബേസിനുകളുടെ താഴെ സ്റ്റോറേജ് ഒരുക്കാം. ടവലുകള്‍, ഹാന്‍ഡ് വാഷ് പോലുള്ളവയൊക്കെ ഇവിടെ സൂക്ഷിക്കാം. 
  12. മുറികളുടെ വാതിലുകള്‍ക്ക് പിന്നില്‍ ഹുക്കുകള്‍ പിടിപ്പിച്ചാല്‍ വസ്ത്രങ്ങള്‍, ബാഗുകള്‍, കുട എന്നിവയൊക്കെ തൂക്കിയിടാം. ബാത്ത്‌റൂമിലെ സിങ്കിന് അടിയിലും പുള്‍ഔട്ടുകളുള്ള കാബിനറ്റുകള്‍ പിടിപ്പിക്കാം. 
  13. വീടിന് കൂടുതല്‍ വലിപ്പം തോന്നാന്‍ വലിയ ജനാലകള്‍ സഹായിക്കും. സ്‌കൈലൈറ്റ് വിന്‍ഡോകള്‍ സ്ഥാപിക്കുന്നതും നല്ലതാണ്. 
  14. ജാലകപ്പടി വെറുതേ പൊടിപിടിക്കാനുള്ള ഇടമാണെന്ന് കരുതേണ്ട. ഇതില്‍ അല്പം വീതിയുള്ള ഒരു തട്ട് പിടിപ്പിച്ച് ഒരു ഫോള്‍ഡിങ് ചെയറുമിട്ടാല്‍ സ്റ്റഡി സ്‌പേസായി. ജനാലയ്ക്ക് മുന്നിലായതിനാല്‍ വെളിച്ചവും ധാരാളം. 
  15. ഡൈനിങ് സ്‌പേസ് അടുക്കളയില്‍ തന്നെ ഒരുക്കാം. കിച്ചണ്‍ കൗണ്ടര്‍ ഡൈനിങ് ടേബിളായി ഉപയോഗിക്കാവുന്ന വിധത്തില്‍ പണിയാം. ഫോള്‍ഡിങ് ടേബിളും ഇവിടെ ഉപയോഗിക്കാം. അടുക്കളയില്‍ ഫോള്‍ഡിങ് ചെയറുകള്‍ കൂടി ഇടുകയാണെങ്കില്‍ ആവശ്യം കഴിയുമ്പോള്‍ ഒതുക്കി വയ്ക്കാം. 
  16.  ചെറിയ അടുക്കളയില്‍ മാഗ്നറ്റിക് സ്ട്രിപ്‌സ്, ഹുക്കുകള്‍ എന്നിവ സഹായത്തിനെത്തും. കബോര്‍ഡിലും ഷെല്‍ഫിലും ഒതുങ്ങാത്തവ ഇതില്‍ തൂക്കിയിടാം. 
  17. ലിവിങ് റൂം ചെറുതാണെങ്കില്‍ ആദ്യം ഒഴിവാക്കേണ്ടത് ടി.വി സ്റ്റാന്‍ഡ് തന്നെ. പകരം ഭിത്തിയില്‍ സ്ഥാപിക്കാം. വാള്‍ മൗണ്ട് ടി.വി യൂണിറ്റ് ഭിത്തിയില്‍ ഒരുക്കിയാല്‍ ബാക്കി ആക്‌സസറീസും അതിനുള്ളില്‍ വയ്ക്കാം. 
  18. വാള്‍ ഡെസ്‌ക് വീടിനുള്ളില്‍ ഇടം ലാഭിക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ഭിത്തിയില്‍ പല തട്ടുകള്‍ പിടിപ്പിച്ചാല്‍ മതി. ഏറ്റവും താഴയുള്ള തട്ട് പഠിക്കാനോ ജോലി ചെയ്യാനോ ഉള്ള സ്‌പേസായും ഉപയോഗിക്കാം. മുകളിലെ തട്ടുകളില്‍ ബുക്കുകളും മറ്റും ഒതുക്കി വയ്ക്കാം. കൂടുതല്‍ ഭാരമുള്ളവ വേണ്ടെന്ന് മാത്രം. ഇരിപ്പിടമായി ഫോള്‍ഡിങ് ചെയറും നല്‍കാം.  
  19. വീടിനും മതിലിനുമിടയിലെ കോര്‍ണറുകളിലും സ്‌റ്റോറേജിന് വഴിയുണ്ട്. ഷെഡ്ഡുകള്‍ പണിതാല്‍ ഗാര്‍ഡനിങ് സാധനങ്ങള്‍, കുട്ടികളുടെ സൈക്കിള്‍, ക്ലീനിങ് സാധനങ്ങള്‍ എന്നിവ ഇതിനുള്ളിലാക്കാം. പ്ലൈവുഡ്, അലുമിനിയം ഫാബ്രിക്കേറ്റഡ്, പി.വി.സി എന്നിവ ഏതെങ്കിലും ഉപയോഗിച്ച് വാതില്‍ പിടിപ്പിച്ചാല്‍ സാധനങ്ങള്‍ സുരക്ഷിതം. 
  20. ചെടികള്‍ നടാന്‍ ഇടമില്ലെന്ന് കരുതി വിഷമിക്കേണ്ട. ലിവിങ് റൂമിലോ അല്ലെങ്കില്‍ സിറ്റൗട്ടിലോ ഒരു  ആര്‍ട്ടിഫിഷ്യല്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നല്‍കാം. വീടിനുള്ളില്‍ ചട്ടിയില്‍ വളര്‍ത്താവുന്ന അധികം പരിചരണം വേണ്ടാത്ത ചെടികളും നല്ലതാണ്.

കടപ്പാട്
സോണിയ ലിജേഷ് 
ആര്‍ക്കിടെക്റ്റ് , ക്രിയേറ്റീവ് ഇന്റീരിയോ, 
തൃശ്ശൂര്‍

Content Highlights: twenty tips to create more storage space at home