വീട് എത്ര ചെറുതായാലും ചുറ്റുമതില്‍ നിര്‍ബന്ധം, ട്രന്‍ഡിങ് ചുറ്റുമതിലുകള്‍ പരീക്ഷിക്കാം

വിശാലമായ മുറ്റവും പടിപ്പുരയും മരങ്ങളും പൂക്കളും കല്ലുകെട്ടിയ മതിലും... ഇത്തരം വീടുകള്‍ എന്നും നമ്മുടെ സ്വപ്‌നമാണ്. എന്നാല്‍, രണ്ടുസെന്റിലും അഞ്ചുസെന്റിലുമൊക്കെ ഒരുക്കുന്ന ഇന്നത്തെ വീടുകള്‍ക്ക് ഇതൊക്കെ എങ്ങനെ നടക്കാനാണ്. എന്നാല്‍, ഇത്തിരിയിടമാണെങ്കിലും വീടിന്റെ ചുറ്റുവട്ടം മനോഹരമാക്കാന്‍ വഴിയുണ്ട്.
മതില്‍ ആലോചിച്ചുപണിയാം
വീട് എത്ര ചെറുതായാലും ചുറ്റുമതില്‍ നിര്‍ബന്ധമാണ്. വെറുതേ കട്ടകെട്ടി മറയ്ക്കുന്നതല്ല മതിലുകള്‍. മതിലും അതിനുയോജിച്ച ഗേറ്റും മുറ്റവും ചേര്‍ന്നാലാണ് വീട് പൂര്‍ണമാവുക. വീടിന്റെ ഭംഗി അടിമുടി മാറ്റാന്‍ മതിലുകളുടെ ട്രെന്‍ഡ് മാറ്റിയാല്‍മതി. ടെറാക്കോട്ട ശില്പങ്ങള്‍, ലൈറ്റുകള്‍, ക്ലാഡിങ് ടൈല്‍ എന്നിവ കൊണ്ട് ഭംഗിയാക്കിയ മതിലുകള്‍ മുതല്‍ പഴയ രീതിയിലുള്ള പടിപ്പുരകള്‍ വരെ ഒരുക്കാനാവും.
സാധാരണയായി മതിലുകള്‍ അഞ്ചടി ഉയരത്തിലാണ് പണിയാറ്. ഇതേ ഉയരത്തില്‍ത്തന്നെ ഗേറ്റും വെയ്ക്കുന്നു. ചില സ്ഥലങ്ങളില്‍ ഭൂമിയുടെ നിരപ്പിലുണ്ടാകുന്ന മാറ്റംകൊണ്ട് ആറടിയും ഏഴടിയുമൊക്കെ ആകാറുണ്ട്.
കോംപൗണ്ട് വാളുകള്‍ ചെയ്യുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആവശ്യത്തിനുള്ള വിടവുകള്‍ നല്‍കി ഡ്രെയ്നേജ് സംവിധാനം ഉറപ്പാക്കുകയാണ്. വീട്ടുമുറ്റത്ത് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ഇത് സഹായിക്കും.
1. ഫെന്‍സിങ് മോഡല്‍
ചുറ്റുമതിലുകള്‍ അടച്ചുകെട്ടി പണിയുന്നതിന് പകരം ട്രാന്‍സ്പരന്റ് വാളുകളോട് താല്‍പര്യമേറിയിട്ടുണ്ട്. മുറ്റത്തിന്റെയും വീടിന്റെയും ഭംഗി പുറത്തുനിന്ന് കാണാവുന്ന വിധത്തില്‍ ഫെന്‍സിങ് മോഡലില്‍ മതില്‍ പണിയുന്നത് ട്രെന്‍ഡാണ്.
2. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
ഫില്ലര്‍ സ്ലാബുകളും കരിങ്കല്ലിന്റെയും ഇഷ്ടികയുടെയും മതിലുകളും സാധാരണമാണ്. ഇവയെ ആകര്‍ഷകമാക്കാന്‍ മതിലിനുമുകളിലേക്ക് ഗ്രില്‍ അല്ലെങ്കില്‍ മെഷ് പിടിപ്പിച്ച് ക്രീപ്പര്‍ പ്ലാന്റുകള്‍ പടര്‍ത്തിയിടാം. ബൊഗെയ്ന്‍വില്ല, തംബര്‍ജിയ, ഹോപ്പേണിയ, ടെക്കോമ എന്നിവയെല്ലാം ചുറ്റുമതിലിന് ഭംഗി നല്‍കുന്ന ചെടികളാണ്. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാന്‍ പറ്റിയ ഇടമാണ് ചുറ്റുമതില്‍. ഒരു സ്‌ക്വയര്‍ഫീറ്റില്‍ 10 ചെടികള്‍വരെ വെയ്ക്കാം.
3. യുണീക് വാള്‍ ഡിസൈന്‍
കൊട്ടാരങ്ങളുടേതിന് സമാനമായ കൊത്തുപണികള്‍, മാര്‍ബിള്‍, ഷെറാ പാനല്‍സ്, ടൈല്‍സ് എന്നിവയുടെ ക്ലാഡിങ് തുടങ്ങിയവ നല്‍കി മതിലുകള്‍ ആകര്‍ഷകമാക്കാം.
4. ഓര്‍ണമെന്റല്‍ കോംപൗണ്ട് വാള്‍
വീടിന് എലഗന്റ് ലുക്ക് നല്‍കാന്‍ ഇത്തരം മതിലുകള്‍ സഹായിക്കും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഗ്രില്ലുകളും മേസനറി വാള്‍സും ഇടകലര്‍ത്തിയാണ് ഇത്തരം മതിലുകള്‍ നിര്‍മിക്കുന്നത്. ഡിസൈനര്‍ സ്റ്റീല്‍ ഗ്രില്ലുകളാണ് ഇവയുടെ ആകര്‍ഷണം.
5. മെറ്റല്‍ ജാളീസും ഗ്രില്ലുകളും
മെറ്റല്‍ ഷീറ്റ് ജാളീസും ഗ്രില്ലുകളും മേസനറി വാളിനൊപ്പം ഇടകലര്‍ത്തി പണിയുന്നതും ട്രെന്‍ഡാണ്.
6. സിമ്പിള്‍ കോംപൗണ്ട് വാള്‍
സാധാരണ കട്ടകെട്ടിയ ചുറ്റുമതിലുകളില്‍ പാറ്റേണ്‍ ഡിസൈന്‍ വര്‍ക്കുകളോ ലൈറ്റിങ്ങോ നല്‍കാം.
7. റസ്റ്റിക് ലുക്ക്
പ്രകൃതിദത്തമായ കല്ലുകള്‍ ഉപയോഗിച്ച് പണിയുന്ന മതിലുകള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. ചെങ്കല്ലുപയോഗിച്ച് പണിതശേഷം പോളിഷ് ചെയ്ത് റസ്റ്റിക് ലുക്കില്‍ത്തന്നെ മതിലിനെ നിലനിര്‍ത്തുന്നത് വ്യത്യസ്തത നല്‍കും.
8. ക്ലാസി കോംപൗണ്ട് വാള്‍
പ്ലെയിന്‍ ഗ്രേ കളര്‍ മതിലില്‍ ഡിവിഷന്‍സ് നല്‍കി ഇടയില്‍ വെര്‍ട്ടിക്കല്‍ വുഡന്‍ പാനലുകള്‍ ഒരുക്കിയാല്‍ ചുറ്റുമതില്‍ കൂടുതല്‍ ആകര്‍ഷകമാകും.
9. ചിക്ക് എലവേഷന്‍
തട്ടുകളായി പല പാറ്റേണുകള്‍ നല്‍കി ചുറ്റുമതില്‍ പണിയുന്ന രീതിയാണിത്. സ്റ്റെപ്പുകള്‍ പോലുള്ള ഡിസൈന്‍ നല്‍കി അതില്‍ ചെടികളുംമറ്റും വെയ്ക്കാം.
(കടപ്പാട്
മുജീബ് റഹ്മാന്‍
മെഡോബ്രൗണ്‍ ആര്‍ക്കിടെക്ചര്‍, കോഴിക്കോട്)
Content Highlights: trendy compound walls for home types of compound walls