വീടിനുള്ളിൽ ദുർഗന്ധമുണ്ടോ? ഇങ്ങനെ ചെയ്തുനോക്കൂ...

വീടിനുള്ളിലെ ദുർഗന്ധം പലപ്പോഴും ഒരുവലിയ പ്രശ്‌നം തന്നെയാണ്. മഴക്കാലത്താണ് ഈ പ്രശ്‌നം രൂക്ഷമാകുന്നത്. നനവ് മാറാത്ത തുണി മുറിക്കുള്ളിൽ വിരിച്ചിടുന്നതും പൂപ്പൽ വരുന്നതുമൊക്കെയാണ് ഇതിന് പ്രധാനകാരണം. വീട് കുറച്ചധികം കാലം അടച്ചുപൂട്ടിയാലും ദുർഗന്ധമുണ്ടാകാനിടയുണ്ട്. വീടിനുള്ളിൽ സൂര്യപ്രകാശവും കാറ്റും വെളിച്ചവും കടക്കാൻ അനുവദിക്കുകയെന്നതാണ് ദുർഗന്ധമകറ്റാനുള്ള പ്രധാനവഴി. വീടിനുള്ളിൽ ഈർപ്പമില്ലെന്നും വായുസഞ്ചാരമുണ്ടെന്നും ഉറപ്പുവരുത്തണം.
ബേക്കിങ് സോഡ, ചെറുനാരങ്ങാനീര്, വിനാഗിരി തുടങ്ങിയവ ഉപയോഗിച്ചും മണമകറ്റാം. ദുർഗന്ധമുള്ള ഭാഗത്ത് അല്പം ബേക്കിങ് സോഡ വിതറിയാൽ മതി. അതല്ലെങ്കിൽ ഒരു ബൗളിൽ ബേക്കിങ് സോഡയിട്ട് വീടിനുള്ളിൽ തുറന്നുവെക്കുന്നതും നല്ലതാണ്. വിനാഗിരിയിൽ അല്പം വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ബൗളിലാക്കുക. ഇത് വീടിനുള്ളിൽ തുറന്നുവെക്കുന്നതും ദുർഗന്ധമകറ്റാൻ സഹായിക്കും.
കർപ്പൂരതുളസി തൈലം, പുൽതൈലം തുടങ്ങിയവ വീടിനുള്ളിൽ തളിക്കുന്നതും നല്ലതാണ്. നല്ല സുഗന്ധമുണ്ടാകും. കൃത്രിമ റൂം ഫ്രഷ്‌നറുകൾക്ക് പകരം വീട്ടിൽ തന്നെ തയ്യാറാക്കാം. അല്പം വെള്ളത്തിൽ നാലോ അഞ്ചോ തുള്ളി ലാവണ്ടർ ഓയിൽ, ലെമൺ ഓയിൽ എന്നിവയിലേതെങ്കിലും ചേർക്കുക. നന്നായി കുലുക്കിയോജിപ്പിച്ചശേഷം, ഇത് റൂം ഫ്രഷ്‌നറായി ഉപയോഗിക്കാം.
കാർപ്പെറ്റും കുറച്ചുകാലം വെയിൽ കൊള്ളാതിരുന്നാൽ ദുർഗന്ധമുണ്ടാവാനിടയുണ്ട്. അതുകൊണ്ട് കാർപ്പെറ്റ് നിർബന്ധമായും ഇടയ്ക്കിടെ വെയിലത്തിടണം. കാർപ്പെറ്റിൽ അല്പം ബേക്കിങ് സോഡ വിതറുന്നതും ഗുണംചെയ്യും.
സ്വീകരണമുറിയിലെയും കിടപ്പുമുറികളിലെയും കർട്ടനുകൾ ഇടയ്ക്കിടെ അലക്കണം. ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിൽ ബേക്കിങ് സോഡ, ലാവണ്ടർ ഓയിൽ അല്ലെങ്കിൽ ലെമൺ ഓയിൽ എന്നിവ ചേർക്കുക. അലക്കിയ കർട്ടനും തലയണ ഉറയുമൊക്കെ ഈ വെള്ളത്തിലിട്ട് കുറച്ചുനേരം വെയ്ക്കാം. എന്നിട്ട് ശുദ്ധമായ വെള്ളത്തിലിട്ടെടുത്തശേഷം ഉണക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi