ഇങ്ങനെ മീൻ വറുത്തുനോക്കൂ, ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇതുമതി

ഫിഷ് ഫ്രൈ / മാതൃഭൂമി ആർക്കൈവ്‌സ്‌
ഫിഷ് ഫ്രൈ / മാതൃഭൂമി ആർക്കൈവ്‌സ്‌

രാവിലെ പുട്ട്, ദോശ, അപ്പം എന്നിവയ്‌ക്കൊപ്പവും മീൻകറിയും മീൻ വറുത്തതും കഴിക്കുന്നവരാണ് പലരും. മീൻ വറുത്തതിന്റെ മണം മാത്രം മതി, ഒരു പ്ലേറ്റ് ചോറുണ്ണാൻ എന്ന് പറയുന്നവരും കുറവല്ല. രുചികരമായ ഫിഷ് ഫ്രൈ എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

മുളകുപൊടി, മഞ്ഞൾപൊടി എന്നിവയ്‌ക്കൊപ്പം ഇഞ്ചി-വെളുത്തുള്ളി ചതച്ചത് കൂടി ചേർത്തുനോക്കൂ. രുചിയേറും. ചുവന്നുള്ളി ചതച്ച് മസാലയിൽ ചേർക്കുന്നതും നല്ലതാണ്. അതിനൊപ്പം കുറച്ച് കുരുമുളകുപൊടി കൂടിയുണ്ടെങ്കിൽ, അടിപൊളി ടേസ്റ്റായി.

പ്രത്യേകരീതിയിൽ തവ ഫ്രൈ ചെയ്യുന്നതും നല്ലതാണ്. ഒരു തവയിൽ വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തിളക്കുക. എന്നിട്ട് അടുപ്പിൽവെച്ച് ചൂടാക്കുക. എണ്ണ തെളിഞ്ഞുവരുമ്പോൾ അതിലേക്ക് അല്പം ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചത് ചേർത്തിളക്കാം. ‌

ശേഷം അല്പം പുളിവെള്ളവും, ആവശ്യത്തിന് ഉപ്പും, ഉണക്കമുളക് ചതച്ചതും ചേർത്തിളക്കുക. ഇനി വൃത്തിയാക്കി വരഞ്ഞെടുത്ത മീനും കറിവേപ്പിലയുമിടുക. ഒരുവശം നന്നായി വെന്തുകഴിഞ്ഞാൽ, മറിച്ചിട്ടുകൊടുക്കാം. വശങ്ങളിലുള്ള മസാലയൊക്കെ മീനിന്റെ മുകളിലേക്ക് ഇട്ടുകൊടുക്കുക. ഇരുവശവും വെന്തുകഴിഞ്ഞാൽ, അടുപ്പിൽനിന്നിറക്കാം. ഇതിന്റെ മസാല മാത്രം മതി ചോറുണ്ണാൻ.

കാന്താരിമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, മഞ്ഞൾപൊടി എന്നിവകൊണ്ടുള്ള മസാല ചേർത്ത് മീൻ വറുത്താൽ, വ്യത്യസ്തമായ രുചിയായിരിക്കും. കാന്താരിമുളകിനുപകരം പച്ചമുളകും ചേർക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn how to make a tasty Kerala style fish fry