വാഴപ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

വാഴപ്പഴം വാങ്ങി ഒരുദിവസം വീട്ടില്‍ വെക്കുമ്പോഴേക്കും തൊലികറുത്തുപോവുന്നു. പെട്ടെന്ന് ചീഞ്ഞുപോവാനും തുടങ്ങും. പലരുടെയും പരാതിയാണിത്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നതും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുന്നതും പഴം പെട്ടെന്ന് പഴുക്കാനിടയാക്കും.
വാഴപ്പഴം പെട്ടെന്ന് കേടാവാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. പഴത്തിന്റെ തണ്ട് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞുവെക്കാം. പഴുത്തപഴം പുറത്തുവിടുന്ന എത്തിലീന്‍ എന്ന വാതകമാണ് അത് കൂടുതല്‍ പഴുത്ത് കേടാവാന്‍ കാരണം. അലുമിനിയം ഫോയിലില്‍ പൊതിയുന്നതോടെ, ആ പ്രശ്‌നം പരിഹരിക്കാം.
അധികം പഴുക്കാത്ത പഴം ഫ്രിഡ്ജില്‍ വെക്കുന്നതും നല്ലതല്ല. തൊലി പെട്ടെന്ന് കറുത്ത്, കുഴഞ്ഞതുപോലെയാവും. പഴുത്ത വാഴപ്പഴം മറ്റ് പഴങ്ങള്‍ക്കൊപ്പം സൂക്ഷിക്കരുത്. കാരണം പഴുത്ത വാഴപ്പഴത്തില്‍നിന്ന് പുറത്തുവരുന്ന എഥിലീന്‍ വാതകം, മറ്റ് പഴങ്ങളും വേഗം പഴുക്കാന്‍ കാരണമാവും.
നുറുക്കിവെച്ച പഴം അല്പനേരം കഴിയുമ്പോഴേക്കും നിറംമാറാന്‍ തുടങ്ങും. അതിനൊരു വഴിയുണ്ട്. നുറുക്കിയ പഴം ഒരു പാത്രത്തിലിട്ട് മുകളില്‍ അല്പം നാരങ്ങാനീര് തൂവി, പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ്, ഫ്രിഡ്ജില്‍വെക്കാം. നാരങ്ങാനീരിന് പകരം അല്പം വിനാഗിരി, പൈനാപ്പിള്‍ ജ്യൂസ് എന്നിവ തൂവിയാലും മതി.
പഴുത്ത ഒരു വാഴപ്പഴത്തിനൊപ്പം സൂക്ഷിച്ചാല്‍, പച്ചപ്പഴം പെട്ടെന്ന് പഴുക്കും. സ്മൂത്തിക്കും മറ്റും ആവശ്യമായ പഴം തണുപ്പിക്കാനായി ഫ്രീസറില്‍ വെക്കുമ്പോള്‍, തൊലി കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ നുറുക്കിവെക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലത്. ഒരു പരന്നപാത്രത്തിലോ ഐസ് ക്യൂബ് ട്രേയിലോ നിരത്തി വെക്കാം.
Content Highlights: tips for storing bananas