വീട് തീരെ ചെറുതായിപ്പോയെന്ന് നിരാശയുണ്ടോ? സ്‌റ്റൈലിങ് ചെറുതായൊന്ന് മാറ്റി നോക്കൂ..

പ്രതീകാത്മക ചിത്രം / Ai
പ്രതീകാത്മക ചിത്രം / Ai

വീട് കുറച്ചുകൂടി വലുതാക്കി പണിയാമായിരുന്നു.. ഈ റൂമിന് വീതി കൂട്ടാമായിരുന്നു.. കാലം കഴിയുന്തോറും ഇങ്ങനെ ചിന്തിച്ച് നിരാശപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. സ്വന്തം വീട് ചെറുതായിപ്പോയെന്ന തോന്നൽ നിരാശാജനകമാണ്. പ്രത്യേകിച്ചും ചുവരുകൾ പൊളിച്ചുമാറ്റാനോ പുതുക്കിപ്പണിയാനോ കഴിയാത്ത സാഹചര്യങ്ങളിൽ. വീട്ടിൽ സാധനങ്ങൾ നിറഞ്ഞ് ഒന്നിനും സ്ഥലമില്ലെന്നും മറ്റും തോന്നുന്നവർക്ക് ചില കുറുക്കുവഴികളിലൂടെ നിങ്ങളുടെ വീടിനെ കൂടുതൽ സ്ഥലമുള്ളതുപോലെ തോന്നിപ്പിക്കാം. ലൈറ്റിങ്, നിറങ്ങൾ, കണ്ണാടികൾ, ഫർണിച്ചർ വിന്യാസം തുടങ്ങിയ ചെറിയ കാര്യങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ പോലും വലിയ വ്യത്യാസമുണ്ടാക്കും.

ലൈറ്റിങ്
ചെറിയ ഒരിടത്തിന് വലുപ്പം തോന്നിക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒന്നാണ് വെളിച്ചം.  പകൽ വെളിച്ചം പരമാവധി ലഭിക്കാൻ ജനലുകളിൽ കനം കുറഞ്ഞ കർട്ടൻ ഉപയോഗിക്കാം. സ്ഥലത്തിന് വലുപ്പം തോന്നിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം സ്വാഭാവിക വെളിച്ചം തന്നെയാണ്. കർട്ടനുകൾ, വാൾപേപ്പറുകൾ, ഫർണിഷിങ്ങുകൾ, ലിനനുകൾ അല്ലെങ്കിൽ ഫ്‌ലോറിങ് എന്നിവയിൽ ചെറിയ പ്രിന്റുകളും ഡിസൈനുകളും ഉപയോഗിക്കാം. വലിയ പാറ്റേണുകൾ മുറിയെ ചെറുതാക്കി കാണിക്കും.

നിറങ്ങൾ
ഇളം നിറങ്ങൾ മാത്രമല്ല ഒരു മുറിക്ക് വലുപ്പം തോന്നിപ്പിക്കുന്നത്. ശരിയായ നിറം ശരിയായ സന്ദർഭത്തിൽ ഉപയോഗിക്കുന്നതിലാണ് കാര്യം. വെള്ള നിറം പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും മുറി വലുതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇരുണ്ട നിറങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ  ആവശ്യത്തിന് നാച്വറലായ വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒരേ നിറത്തിലുള്ള വ്യത്യസ്ത ഷേഡുകൾ ഉപയോഗിക്കുന്നത് മുറിവലുപ്പം തോന്നിപ്പിക്കും.

കണ്ണാടികൾ
ജനാലകൾക്കോ പ്രകാശ സ്രോതസ്സുകൾക്കോ എതിർവശത്തായി കണ്ണാടികൾ വയ്ക്കുന്നത് ഒരു മുറിയെ പ്രകാശമാനമാക്കുകയും കൂടുതൽ വലുപ്പം തോന്നിപ്പിക്കുകയും ചെയ്യും. കണ്ണാടികൾ പതിച്ച ഫർണിച്ചറുകളും ഉപയോഗിക്കാം.

ഫർണിച്ചർ വിന്യാസം
ചെറിയ ഇടങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ ഒന്നിലധികം ഉപയോഗങ്ങളുള്ള ഫർണിച്ചറുകളാണ് ഏറ്റവും ഉത്തമം. സോഫ-കം-ബെഡ്ഡുകൾ, ഒതുക്കി വെക്കാനുള്ള അറകളുള്ള കാബിനറ്റുകൾ, ഭാരം കുറഞ്ഞ കസേരകൾ എന്നിവ അനാവശ്യ സാധനങ്ങൾ കുറയ്ക്കാനും മുറികൾ കൂടുതൽ ഉപയോഗപ്രദമാക്കാനും സഹായിക്കുന്നു. പലപ്പോഴും സ്ഥാനമല്ല ഫർണിച്ചറിന്റെ വലുപ്പവും ശൈലിയുമാണ് ഒരു മുറിക്ക് ഇടുക്കം തോന്നിപ്പിക്കുന്നത്. വലുപ്പമേറിയ, ബോക്സുകൾ പോലെയുള്ള ഫർണിച്ചറുകൾ കാഴ്ചയിൽ കൂടുതൽ സ്ഥലം അപഹരിക്കും. കാലുകളുള്ള, പ്രത്യേകിച്ച് ഫ്‌ലോട്ടിങ് ഫർണിച്ചറുകളാണ് നല്ലത്.

ലളിതമായ സീലിങ് ഡിസൈനുകളും ഇളം നിറത്തിലുള്ള ഫ്‌ലോറിങ്ങും  മുറിക്ക് വലുപ്പം കൂടുതല്‍ തോന്നിപ്പിക്കും. ലളിതമായ സീലിങ്ങുകൾ മുറികൾക്ക് തുറന്ന പ്രതീതി നൽകുന്നു. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങൾ മതി വീടിനെക്കുറിച്ചുള്ള അനാവശ്യ ആശങ്കകൾ അകറ്റാനാകും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Feel your home is too small? Learn styling tips to make it feel larger with lighting, colors, mirrors, and furniture arrangement.